താൾ:Ramarajabahadoor.djvu/101

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കാര്യക്കാർ പലതും ചിന്തിച്ച് അല്പനേരം നിന്നു. ദിവാൻജിയും ആദരഭാവത്തോടെ മിണ്ടാതെ നിലകൊണ്ടു. മുഖഭാവങ്ങളിൽനിന്നു പരസ്പരം അന്തർഗ്ഗതങ്ങൾ ഗ്രഹിക്കുകയാൽ രണ്ടുപേരും പുഞ്ചിരിക്കൊണ്ടു.

ഇട്ടുണ്ണി: "എന്നാൽ മണപ്പുറത്തുവച്ചു പക്ഷേ, കാണാം."

ദിവാൻജി: "വേണ്ട ആചാരോപചാരങ്ങളോടെ."

കാര്യക്കാർ ഒരു ശിരഃകമ്പനം ചെയ്തതും മേൽപ്പാവുമുണ്ടു കൈയിലാക്കി വീശിയും മടക്കനട ആരംഭിച്ചു.

ഈ സന്ദർഭത്തിന്റെ ഫലമായി ആ രാത്രിയിൽത്തന്നെ ഇട്ടുണ്ണികാര്യക്കാരും ഒരു ഭാഗം പരിവാരങ്ങളും പിരിഞ്ഞ് ഏതു വഴിയിൽക്കൂടി എന്നറിയാതെ വേഷപ്രച്ഛന്നന്മാരായി തുടർന്നു പുറപ്പെട്ട ഭടജനങ്ങളെയും തോല്പിച്ച് അപ്രത്യക്ഷന്മാരായി. ബബ്‌ലേശ്വരന്റെ തൃക്കഴലുകൾ രാജമന്ദിരത്തിലാകട്ടെ, രാജസ്വമായുള്ള വലിയകോയിക്കൽ എന്ന മന്ദിരത്തിലാകട്ടെ കണ്ടുകൂടെന്നുള്ള വിരോധാജ്ഞ ആ രാത്രിയിൽത്തന്നെ കിട്ടുകയാൽ, അദ്ദേഹവും തൽക്കാലത്തേക്ക് നന്തിയത്തുമഠത്തിലെ കുളപ്പുരയിൽ അരിവയ്പും കെട്ടിനകത്തു പാർപ്പും ആക്കി.

അന്നത്തെ വിശേഷസന്ദർശനങ്ങളുടെ അനവധികത്വംകൊണ്ട് ദിവാൻജിയുടെ ജീവചരിത്രത്തിൽ അതു സ്മരണീയമായുള്ള ഒരു ദിവസമായിത്തീർന്നു. ബഹുജനജീവനാശങ്ങൾ സംഭവിച്ചേക്കാവുന്ന ഇത്തരം സന്ധികൾ ഗൗരവതരങ്ങളായ സംഭവപരമ്പരകളെക്കടന്നു മാത്രമേ പരിണാമസ്ഥിതിയിൽ എത്തുന്നുള്ളു. ഈവക സംഭവങ്ങൾ രാഷ്ട്രങ്ങളുടെ ഉത്ഭവം, സ്വരൂപണം, സ്ഥിതിരക്ഷണം, ധ്വംസനം എന്നുള്ള ഘട്ടങ്ങളോടു ബ്രഹ്മകല്പിതമായി സാഹചര്യത്തെ അവലംബിക്കുന്ന വിപ്ലവങ്ങളാണ്. ഏതദ്വിധസംഭവങ്ങളിലെ ക്രിയാകാരകന്മാർ സവ്യസാചികളും കാര്യക്ഷമതാധുരന്ധരന്മാരും സഹസ്രാക്ഷന്മാരും ശീതാതപാദിസഹിഷ്ണുക്കളും ഇന്ദ്രിയസുഖങ്ങളുടെ ജിഷ്ണുക്കളും ആയിരിക്കേണ്ടതാണ്.

ദിവാൻ കേശവപിള്ള ഇട്ടുണ്ണിക്കണ്ടപ്പന്റെ നിർഗ്ഗമനത്തെത്തുടർന്നുതന്നെ വടക്കോട്ടുള്ള തന്റെ യാത്രയ്ക്കു വേണ്ട കാര്യപരിപാടി തയ്യാറാക്കിത്തുടങ്ങി. ഈ ഘട്ടത്തിൽ കുഞ്ചൈക്കുട്ടിപ്പിള്ള മടങ്ങിയെത്തുകയാൽ ആശ്ചര്യസ്വരത്തിൽ ദിവാൻജി ഇങ്ങനെ ചോദ്യംചെയ്തു: "ഇത്രനേരം വേണ്ടിവന്നോ?"

കുഞ്ചൈക്കുട്ടിപ്പിള്ള: "അയ്യോ! പണ്ടത്തെ ആളൊന്നുമല്ല. മൂക്കു പൊളിഞ്ഞുപോയെങ്കിലും വാടപിടിപ്പാൻ ദേഹം നിറച്ച് അതുള്ളതുപോലെ ആ ഗംഭീരക്കള്ളൻ എന്നെ വട്ടംചുറ്റിച്ചു. ചാരനെന്ന് ആദ്യമേ സംശയിച്ചതു ശരിതന്നെ. മാണിക്കഗൗണ്ഡൻ എന്നതും കള്ളപ്പേരാണ്. ഈ ചാകാപ്രാണിയെ വളരെ സൂക്ഷിക്കണം. നവഗ്രഹങ്ങൾ പിഴച്ചുള്ള ഈ കാലത്തല്ലേ ഇയാൾക്കും വന്നുചാടാൻ തരംകണ്ടുള്ളു."

"https://ml.wikisource.org/w/index.php?title=താൾ:Ramarajabahadoor.djvu/101&oldid=167930" എന്ന താളിൽനിന്ന് ശേഖരിച്ചത്