-260-
പഞ്ചകോശവിവേകപ്രകരണവും ദക്ഷിണാമൂർത്തി സ്തോത്രവും:--
ഈ രണ്ടു പുസ്തകങ്ങളേയും പറ്റി വിസ്താരമായ ഒരു ഗുണദോഷനിരൂപണത്തിന്നു ഞങ്ങൾ ഉത്സാഹിക്കുന്നില്ല.അപാരമായ വേദാന്തസമുദ്രത്തിൽ ചെന്നു ചാടി പണിപ്പെട്ടെങ്കിലും കരപറ്റുന്നത് സാമാന്യക്കാർക്ക് കേവലം അസാദ്ധ്യമാണ. അതിന്നായിട്ടുദ്യമിച്ച് അഭിലാഷം സഫലീകരിക്കുന്നവരെ മറ്റുള്ളവർ അഭിനന്ദിക്കയും കഴിയുന്നതും അനുവർത്തിക്കുകയും ചെയ്യേണ്ടതു സജ്ജനധർമ്മമാണു. കോളിളകിമറിഞ്ഞ കായലിൽകൂടി പോകുന്ന തോണിക്ക് അമരം എത്രതന്നെ അപേക്ഷിതമാകുന്നുവോ, അത്രതന്നെ അത്യാവശ്യമാകുന്നു
രജോഗുണപ്രധാനങ്ങളായ ഗ്രന്ഥപരമ്പരയിൽ നിമഗ്നന്മാരായിട്ടുള്ളവർക്കു സത്വഗുണാത്മകങ്ങളായ ഇമ്മാതിരി ഗ്രന്ഥ സമുച്ചയം. പഞ്ചകോശ വിവേക പ്രകരണം മൂലം വായിക്കുന്നതിന്നുമുമ്പ് പഞ്ചകോശവിചാരം എന്ന് കേരള ഭാഷയിൽ എഴുതപ്പെട്ടിട്ടുള്ള പൂർവ്വപീഠിക വായിക്കുന്നതായാൽ വിഷയം മനസ്സിലാക്കുവാൻ എളുപ്പമുണ്ട്. പീഠിക മൂലത്തേക്കാൾ അധികരിച്ചിട്ടുള്ളതു കൊണ്ട് ആർക്കും സങ്കടം തോന്നുന്നതല്ല. ശ്രീമദ്വിദ്യാരണ്യമുനിക്ലതമായ മൂലവും രാമകൃഷ്ണീയ സംസ്കൃത വ്യാഖ്യാനവും, പീഠികാലേഖകനായ ഇ.പി.സുബ്രഹ്മണ്യ ശാസ്ത്രികളാൽ എഴതപ്പെട്ട ഭാഷാനുവാദവും ഇതിൽ അടങ്ങിയിരിക്കുന്നു.
ദക്ഷിണാമൂർത്തി സ്തോത്രം എന്ന പുസ്തകത്തിൽ 'ധർമ്മാർത്തകാമ മോക്ഷ രൂപങ്ങളായ ചതുർവ്വിധ പുരുഷാർത്ഥങ്ങളുടെ സമ്പാദനത്തിങ്കൽ' മാർഗ്ഗദർശിയായ പ്രശ്നോത്തര രവ മാലയും ലക്ഷ്മണസ്തോത്രവും അടങ്ങിയിട്ടുണ്ട്. ഇതിൽ ദക്ഷിണമൂർത്തിസ്തോത്രത്തിന്ന് ശങ്കരാചാര്യ സ്വാമികളുടെ "സത്വസുധ" എന്ന സംസ്കൃത വാഖ്യയും, ശ്ലോകങ്ങൾക്കും വ്യാഖ്യാനത്തിന്നും ഭാഷാനുവാദവും, പ്രശ്നോത്തര രത്നമാലക്ക് വിശദമായ മലയാള വ്യാഖ്യാനവും കൊടുത്തിട്ടുണ്ട്. പഞ്ചകോശ വിവേക പ്രകരണത്തിൽ ൩൭-ഉം ഷണ്മുഖസ്തോത്ര ത്തിൽ ൯-ഉം ശ്ലോകങ്ങൾ അടങ്ങിയിരിക്കുന്നു. സംസ്കൃതമൂലത്തെ ഭാഷാവ്യാഖ്യാനത്തോടുകൂടി പ്രസിദ്ധം ചെയ്യുന്നതുകൊണ്ട് സംസ്കൃതാനഭിജ്ഞന്മാർക്ക് ആ ഭാഷയിൽ പരിജ്ഞാന മുണ്ടാകുവാനും വളരെ ഉപകരിക്കുന്നതാണെന്ന് പറയേണ്ടതില്ല. സ്വയംകൃത പ്രബന്ധങ്ങളിലേക്കാൾ ഈ വിഷയത്തിൽ ബുദ്ധിയെ അധികം പ്രവേശിപ്പിച്ചിരുന്ന പരേതനായ വിദ്വാൻ കയ്കൊളങ്ങരെ രാമവാരിയരുടെ പ്രസിദ്ധി മലയാളത്തിൽ എവിടെയാണു പരക്കാത്തത്. അതുകൊണ്ട് എങ്ങിനെ നോക്കിയാലും ബ്രഹ്മശ്രീ ഇ.പി.സുബ്രഹ്മണ്യ ശാസ്ത്രികളുടെ സ്തുത്യർഹമായ ഈ ഉദ്യമം പണ്ഡിത പാമര ശബളമായ കേരളീയജനസമുദായത്താൽ നന്ദിപുരസ്സരം ആദരിക്കപ്പെടേണ്ടതുതന്നെ. ദേശഭേദംകൊണ്ടു വ്യത്യാസപ്പെട്ടിരിക്കുന്ന ഭാഷാരീതിയെപറ്റി അഭിപ്രായഭേദം ഉണ്ടായേക്കാം. വിഷയത്തിന്റെ ഗൗരവം ആലോചിക്കുമ്പോൾ ആ ഭാഗം ഇവിടെ അത്ര വിസ്തരിച്ചു നോക്കേണ്ട ഭാരം ഉണ്ടെന്ന് തോന്നുന്നില്ല.
* * *
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Apnarahman എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |