കാരിയക്കാരുടെ പക്കൽ കൊടുത്തോ പുത്രാ!
പിന്നെ ഹെറോദേസുപക്കൽ, നിന്നെയവർ കൊണ്ടുചെന്നു
നിന്ദചെയ്തു പരിഹസിച്ചയച്ചോ പുത്രാ!
പിന്നെയധികാരി പക്കൽ നിന്നെയവൻ കൊണ്ടുചെന്നു
നിന്നെയാക്ഷേപിച്ചു കുറ്റം പറഞ്ഞോ പുത്രാ!
എങ്കിലും നീയൊരുത്തർക്കും സങ്കടം ചെയ്തില്ല നൂനം
നിങ്കലിത്ര വൈരമിവർക്കെന്തിതു പുത്രാ!
പ്രാണനുള്ളോനെന്നു ചിത്തേ സ്മരിക്കാതെ വൈരമോടെ
തൂണുതന്മേൽ കെട്ടി നിന്നെയടിച്ചോ പുത്രാ!
ആളുമാറിയടിച്ചയ്യോ ധൂളി നിന്റെ ദേഹമെല്ലാം
ചീളുപെട്ടു മുറിഞ്ഞു നീ വലഞ്ഞോ പുത്രാ!
ഉള്ളിലുള്ള വൈരമോടെ, യൂദർ തന്റെ തലയിന്മേൽ
മുള്ളുകൊണ്ടു മുടിവെച്ചു തറച്ചോ പുത്രാ!
തലയെല്ലാം മുറിഞ്ഞയ്യോ ഒലിക്കുന്ന ചോരകണ്ടാൽ
അലസിയെന്നുള്ളിലെന്തു പറവൂ പുത്രാ!
തലതൊട്ടങ്ങടിയോളം തൊലിയില്ല മുറിവയ്യോ!
പുലിപോലെ നിന്റെ ദേഹം മുറിച്ചോ പുത്ര!
നിൻ തിരുമേനിയിൽ ചോര, കുടിപ്പാനാവൈരികൾക്കു
എന്തുകൊണ്ടു ദാഹമിത്ര വളർന്നൂ പുത്ര!
നിൻ തിരുമുഖത്തു തുപ്പി നിന്ദചെയ്തു തൊഴുതയ്യോ!
ജന്തുവോടിങ്ങനെ കഷ്ടം ചെയ്യുമോ പുത്രാ!
നിന്ദവാക്കു പരിഹാസം പല പല ദുഷികളും
നിന്നെയാക്ഷേപിച്ചു ഭാക്ഷിച്ചെന്തിതു പുത്ര?
ബലഹീനനായ നിന്നെ വലിയൊരു കുരിശതു
ബലം ചെയ്തിട്ടെടുപ്പിച്ച് നടത്തി പുത്ര!
തല്ലി, നുള്ളി, യടിച്ചുന്തി, തൊഴിച്ചു വീഴിച്ചിഴച്ചു
അല്ലലേറ്റം വരുത്തി നീ വലഞ്ഞോ പുത്ര!
ചത്തുപോയമൃഗം ശ്വാക്കളെത്തിയങ്ങു പടിക്കുമ്പോൽ
കുത്തിനിന്റെ പുണ്ണിലും പുണ്ണാക്കിയോ പുത്ര!
ദുഷ്ടരെന്നാകിലും കണ്ടാൽ മനംപൊട്ടും മാനുഷർക്കു
ഒട്ടുമേയില്ലനുഗ്രഹമിവർക്കു പുത്ര!
ഈയതിക്രമങ്ങൾ ചെയ്യാൻ നീയവരോടെന്തുചെയ്തു
നീയനന്ത ദയയല്ലോ ചെയ്തതു പുത്ര!
ഈ മഹാപാപികൾചെയ്ത ഈ മഹാനിഷ്ഠൂരകൃത്യം
താൾ:Puthenpaana.djvu/91
Jump to navigation
Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
പുത്തൻപാന
89
