താൾ:Puthenpaana.djvu/90

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
88
പന്ത്രണ്ടാം പാദം
 

ഹേതുവിനുത്തരം നീ ചെയ്തിതോ പുത്ര!
നന്നുനന്നു നരരക്ഷ നന്ദിയത്രേ ചെയ്തതു നീ
ഇന്നിവ ഞാൻ കാണുമാറു വിധിച്ചോ പുത്ര!
മുന്നമേ ഞാൻ മരിച്ചിട്ടു പിന്നെ ചെയ്തിവയെങ്കിൽ
വന്നിതയ്യേ, മുന്നമേ നീ മരിച്ചോ പുത്ര!
വാർത്തമുമ്പേയറിയിച്ചു യാത്ര നീയെന്നോടു ചൊല്ലി
ഗാത്രദത്തം മാനുഷർക്കു കൊടുത്തോ പുത്ര!
മാനുഷർക്ക് നിൻപിതാവു മനോഗുണം നൽകുവാനായ്
മനോസാദ്ധ്യമപേക്ഷിച്ചു കേണിതോ പുത്ര!
ചിന്തയുറ്റങ്ങുപേക്ഷിച്ചു ചിന്തവെന്ത സംഭ്രമത്താൽ
ചിന്തി ചോരവിയർത്തു നീ കുളിച്ചോ പുത്ര!
വിണ്ണിലോട്ടുനോക്കി നിന്റെ കണ്ണിലും നീ ചോരചിന്തി
മണ്ണുകൂടെ ചോരയാലെ നനച്ചോ പുത്ര!
ഭൂമിദോഷ വലഞ്ഞാറെ സ്വാമി നിന്റെ ചോരയാലെ
ഭൂമിതന്റെ ശാപവും നീയൊഴിച്ചോ പുത്ര!
ഇങ്ങനെ നീ മാനുഷർക്ക് മംഗലം വരുത്തുവാനായ്
തിങ്ങിന സന്താപമോടു ശ്രമിച്ചോ പുത്ര!
വേല നീയിങ്ങനെ ചെയ്തു കൂലി സമ്മാനപ്പതിനായ്
കാലമേ പാപികൾ നിന്നെ വളഞ്ഞോ പുത്ര!
ഒത്തപോലെ ഒറ്റി കള്ളൻ മുത്തി നിന്നെ കാട്ടിയപ്പോൾ
ഉത്തമനാം നിന്നെ നീചർ പിടിച്ചോ പുത്ര!
എത്രനാളായ് നീയവനെ, വളർത്തുപാലിച്ച നീചൻ
ശത്രുകയ്യിൽ വിറ്റു നിന്നെ കൊടുത്തോ പുത്ര!
നീചനിത്ര കാശിനാശയറിഞ്ഞെങ്കിലിരന്നിട്ടും
കാശു നൽകായിരുന്നയ്യോ ചതിച്ചോ പുത്ര!
ചോരനെപ്പോലെ പിടിച്ചു, ക്രൂരമോടെ കരംകെട്ടി
ധീരതയോടവർ നിന്നെയടിച്ചോ പുത്ര!
പിന്നെ ഹന്നാൻ തന്റെ മുൻപിൽ വെച്ചു നിന്റെ കവിളിന്മേൽ
മന്നിലേയ്ക്കു നീചപാപിയടിച്ചോ പുത്ര!
പിന്നെ ന്യായം വിധിപ്പാനായ് ചെന്നു കയ്യേപ്പാടെ മുമ്പിൽ
നിന്ദചെയ്തു നിന്നെ നീചൻ വിധിച്ചോ പുത്ര!
സർവരേയും വിധിക്കുന്ന സർവ്വസൃഷ്ടി സ്ഥിതി നാഥാ
സർവ്വനീചനവൻ നിന്നെ വിധിച്ചോ പുത്ര!
കാരണം കൂടാതെ നിന്നെ കൊലചെയ്യാൻ വൈരിവൃന്ദം

"https://ml.wikisource.org/w/index.php?title=താൾ:Puthenpaana.djvu/90&oldid=216060" എന്ന താളിൽനിന്ന് ശേഖരിച്ചത്