ലയാപനംചെയ്തുകൊണ്ടു കാട്ടിൽ കുടികൊള്ളുന്ന ഋഷിമാരെപ്പോലെ ദിവസവൃത്തി കഴിച്ചുകൂട്ടിയിരുന്ന ആ പ്രാവു കൂട്ടിലൊന്നും ശേഖരിച്ചു വെച്ചിട്ടില്ലായിരുന്നതുകൊണ്ടു തത്കാലം കുറച്ചൊന്നു പരിഭ്രമിക്കുകയും ഒരതിഥിയുടെ വിശപ്പു മാറ്റുവാൻ കൂടി കഴിയാത്ത തൻറെ ജീവിതസമ്പ്രദായത്തെ വെറുക്കുകയും ചെയ്തു.
വേണ്ടതെന്താണെന്നറിയാതെ വിഷണ്ണനായിത്തീൎന്ന കപോതം കുറേനേരം ആലോചിച്ച ശേഷം നല്ലൊരു വഴി കണ്ടുകിട്ടിയതായി നടിച്ചു പക്ഷിമാംസം ഭക്ഷിച്ചു പരിചയിച്ചിട്ടുള്ള അതിഥിയോടു പറഞ്ഞു.
കപോതം__ഒരതിഥിക്കു കൊടുപ്പാൻ യോഗ്യമായ ഭക്ഷണപദാർത്ഥമൊന്നും ഞാൻ ശേഖരിച്ചുവെച്ചിട്ടില്ല. പഴങ്ങൾ തിന്നിട്ടുള്ള ശീലവും അങ്ങയ്കണ്ടായിരിക്കയില്ല. എങ്കിലും വിശപ്പു മാറ്റുവാൻ മാത്രം വല്ലവഴിയും ഉണ്ടാക്കുവാൻ നോക്കാം. കുറച്ചുനേരം ക്ഷമിക്കുക. ഞാൻ ഈ തീയൊന്നു നന്നായി കത്തിക്കട്ടെ. |
പ്രാവു പുറപ്പെടുന്നതെന്തുചെയ്യാനാണെന്നു വേടൻ ആലോചിച്ചുകൊണ്ടിരിക്കുന്നതിനിടയ്ക്കു പരോപകാരം ചെയ്യാനായി സ്വശരീരം ദഹിപ്പിപ്പാൻ തീൎച്ചപ്പെടുത്തിയ ദാനവീരനായ ആ പക്ഷി അഗ്നിയെ നല്ലവണ്ണം ജ്വലിപ്പിച്ചു പിന്നേയും അവനോടു പറഞ്ഞു.