Jump to content

താൾ:Prakruthi-shasthram-randam-bhagam-randam-farathile-1936.pdf/31

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ജീവിതദശകൾ

                 ൭. ജീവിതദശകൾ.


തവള, ചിത്രശലഭം, കൊതു മുതലായ ജീവികൾക്കു സംഭവിക്കുന്നപോലെ മനുഷ്യന്നു പുറമെ വല്ല മാറ്റങ്ങൾ സംഭവിക്കുന്നുണ്ടോ? വലിയ മാറ്റങ്ങളൊന്നുമില്ല. നാമെല്ലാവരും ഇതേ വലിപ്പത്തോടുകൂടിയല്ലാ ജനിക്കുന്നതു എന്നു മാത്രമേ ഉള്ളൂ. ജനിച്ചുകഴിഞ്ഞതിന്നുശേഷം നമുക്കു വലിയ രൂപാന്തരമുണ്ടാവുന്നില്ല. ദേഹത്തിന്നു വലുപ്പം കൂടുന്നു. ചില്ലറ ചില മാറ്റങ്ങളും സംഭവിക്കുന്നു. ഒരു മനുഷ്യന്നു ജീവിതത്തിൽ എന്തെല്ലാം ദശകളുണ്ടെന്നു നോക്കുക.

ശൈശവം: നടക്കുവാൻ കഴിയാത്ത ഒരു ചെറു പൈതലായിട്ടാണ് നാം ആദ്യം ജനിക്കുന്നതു. ആദ്യം മാതാവിന്റെ മുലപ്പാലല്ലാതെ നമുക്കു വേറെ ഭക്ഷണമില്ല. ക്രമേണ പാൽ മുതലായ ദ്രവാഹാരങ്ങൾ കഴിക്കുകയും പല്ലുകൾ മുളച്ചശേഷം സ്വല്പം കടുപ്പമുള്ള സാധനങ്ങൾ ഭക്ഷിപ്പാൻ തുടങ്ങുകയും ചെയ്യുന്നു. മുട്ടുകുത്തി ഇഴയുന്ന നിലവിട്ടു നാം നടക്കുന്നു. കാലുകൾ ക്ക്ഉറപ്പുവന്നുകഴിഞ്ഞാൽ നടക്കുവാനും ഓടുവാനും തുടങ്ങുന്നു. അപ്പോഴും കൂടി നമുക്കു മാതാപിതാക്കന്മാരുടെ ആശ്രയമന്യേ ജീവിക്കുവാൻ കഴിയുന്നില്ല.

കൗമാരം: ഒരു പുസ്തകസഞ്ചിയുമായി മിക്കവാറും ബാലികാബാലന്മാർ ഉല്ലാസഭരിതരായി സ്കൂളിലേയ്ക്കു പോകുന്നു. ലോകത്തെപ്പറ്റി ചിന്തയേ ഇല്ല. പഠിക്കണം, ഉണ്ണണം, ഉറങ്ങണം എന്നുമാത്രമേ ഉള്ളൂ. ഇക്കാലത്തു നല്ല ചൊടിയും ചുണയും ഉണ്ടായിരിക്കും.