370
<poem> കണ്ണുനീർകൊണ്ടഭിഷേകവുംചെയ്തു താൻ കണ്ണനെച്ചെന്നു നമസ്കരിച്ചു പാർത്ഥൻെറ കാലും പിടിച്ചങ്ങു മാർവ്വത്തു ചേർത്തു കരഞ്ഞു പറഞ്ഞു വിപ്രൻ അയ്യോ ഞാൻ നിന്നോടബദ്ധം പറഞ്ഞതു പൊയ്യല്ല പാർത്ഥ സഹിച്ചിടണം സ്വപ്നത്തിൽ കൂടെ നിരൂപിയ്ക്ക വയ്യാത്ത സന്തോഷമെന്നേ പറവാനുള്ളു നന്നായ്‌വരും തവ നന്ദകുമാരക നന്നായ്‌വരും തവ പാണ്ഡുസൂനോ എന്നു പറകയും കണ്ണീർ വാർക്കയും നന്ദനന്മാരെ പുണരുകയും ഒക്കത്തെടുക്കയുമോരോന്നു വാഴ്ത്തിയും കാണ്മാൻ മനോഹരമെന്നേ വേണ്ടു അന്തർജനത്തിൻെറ കയ്യിൽ കൊടുത്തുട- നന്തിക മെല്ലവേ ചൊല്ലിനിന്നാൻ ഈവണ്ണം പത്തു കുമാരകന്മാരെയു- മീശ്വരാനുഗ്രഹംകൊണ്ടു കിട്ടി പുത്രന്മാർ പത്തുമൊരുമിച്ചു മന്ദിരേ ധാത്രീസുരേന്ദ്രൻ സുഖിച്ചു വാണാൻ ഇക്കഥ പാട്ടുകൾ പാടീ രസിയ്ക്കിലും കേട്ടു വസിക്കുന്ന മാനുഷർക്കും സന്തതിയുണ്ടാകും സമ്പത്തുമുണ്ടാകും ലോകത്തു കീർത്തികൾ വർദ്ധിച്ചീടും
സന്താനഗോപാലം പാട്ടു സമാപ്തം

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.