സന്താനഗോപാലം
തന്റെ ശവംപോലും കാണ്മാനില്ല
എന്തെല്ലാമോരോ ജളത്വം പറഞ്ഞു നീ
കുന്തീകുമാരക നീ താനെല്ലോ
ഗംഗാധരനെ പ്രഹരിച്ച വൈഭവം
എങ്ങുപോയർജ്ജുന ചൊല്ലെന്നോടു
ദുർയ്യോധനാദിയെ കൊന്ന പരാക്രമം
അയ്യോയെന്നർജ്ജുന യെങ്ങുപോയി
തൊണ്ടന്മാരിങ്ങിനെ മേനിപറയുന്നു
കണ്ടാലുമെന്നുടെ കർമ്മദോഷം
ഭീരുവാം നിന്നുടെ ഭീഷണം കേട്ടപ്പോൾ
നേരെന്നു ബോധിച്ചതെന്റെ മോഹം
നിയ്യിനി വൈകാതെ തിയ്യിൽ പതിച്ചാലും
ചെയ്യുന്നതെല്ലാമബദ്ധം തന്നെ
അല്ലെങ്കിൽ വേണ്ട നീ വല്ലേടം പൊയ്ക്കൊൾക
വല്ലാതെ ചാവുന്നതെന്തിനിപ്പോൾ
നിന്റെ ശരീശം ദഹിയ്കുന്ന കാണുവാൻ
എന്റെ ശിരസ്സിൽ ലിഖിതമുണ്ടോ
നീളെത്തിരഞ്ഞു പുറപ്പെട്ടു വില്ലുമായ്
നീളാർന്നപാതാളം തന്നിൽചെന്നു
കാണാഞ്ഞുവേഗേന സ്വർഗ്ഗത്തെ പ്രാപിച്ചു
ചെന്നാനവിടേയും കണ്ടതില്ല
കാലപുരിയിലും ചെന്നു ധനഞ്ജയൻ
ബാലനവിടേയും കണ്ടില്ലെന്നായ്
എങ്ങുമൊരേടത്തും കാണാഞ്ഞുവേഗേന
ഇങ്ങു ധരണിയിൽ തന്നെ പോന്നു
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.