താൾ:Manimala.djvu/13

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അന്തിമേഘങ്ങൾപോലെയംബരം നിറഞ്ഞെങ്ങും
പൊന്തുന്നു പലവർണ്ണമാർന്നെഴും പതാകകൾ
ഹന്ത! നാകത്തോളവുമുയർന്നു ശോഭിക്കുന്നു
ബന്ധുശക്തികളുടെ നിശ്ചയജയസ്തംഭം
ആസുരകിരീടങ്ങൾ തച്ചുടച്ചെടുത്തൊരു
ഭാസുരരത്നങ്ങളാമാധാരശിലകൾമേൽ
നിർമ്മലമാമമ്മഹാസ്തൂപിക പണിചെയ്ത
ധർമ്മജ്ഞരുടെ ശിൽപ്പവൈഭവം ജയിക്കുന്നു.
എത്രയോലക്ഷം ബന്ധുഭടന്മാർ വികടമാം
മൃത്യുവിൻ തുറന്ന വക്ത്രത്തിൽ നിർഭയം ചാടി
ഇത്രകേമമാം ദിവ്യഗോപുരം തീർക്കാൻ സ്വന്ത-
മസ്ഥികളായ വെള്ളക്കല്ലുകൾ നൽകീടിനാർ.
നിജഗേഹത്തെ, നിജധനത്തെ, ബന്ധുക്കളെ,
നിജപ്രേമത്തെ, നിജപ്രാണനെത്തന്നെയുമേ
തൃണമായോർത്തുവലിച്ചെറിഞ്ഞു പോയ രാജ-
പ്രണയികളെ, നിങ്ങൾ ജയിച്ചൂ ധീരന്മാരെ!
(………….പാടുന്നു)
ഹന്ത, രാത്രിയുമിന്നു വേഗത്തിൽ വന്നെത്തുന്നു
ചന്തമാർന്നിക്കൌതുകം കാണുവാനെന്നപോലെ
അഞ്ചിതരാഗം മേലും കവിളിൽ വഴിയുന്ന
പുഞ്ചിരിപ്പൊലിമയാം പൂനിലാവോടുമിതാ
അംബരസമുദ്രത്തിലമരരോടിച്ചെത്തും
ഡംബരമാർന്ന വെള്ളിത്തൂങ്കളിക്കപ്പലായ
വെണ്മതികലയെപ്പോയ് മനുഷ്യവിമാനങ്ങൾ
നന്മയിലെതിരേറ്റു കളിച്ചു രസിക്കുന്നു.
തിങ്ങുന്നു നിരനിരയായ് പലനിറമാർന്നി-
ന്നെങ്ങുമേ ദീപാവലിയസംഖ്യമായിതോർത്താൽ,
പൊങ്ങിയുത്സവം നോക്കിനിൽക്കയാം തേജസ്വിക-
ളങ്ങങ്ങു മൃതരായ മിത്രസൈനികാത്മാക്കൾ.
ജയിക്ക മാനികൾക്കു ജീവനാം സത്സ്വാതന്ത്ര്യം
ജയിക്ക സമസ്താനുഗതമാം ഭ്രാതൃസ്നേഹം‘
ജയിക്കയക്ഷതയായ് ശുഭയാം രാജനീതി,
ജയിക്ക ശാശ്വതമാം ധർമ്മവുമെന്നല്ലഹോ
ജയിക്ക ‘ബ്രിത്താനിയേ’, ജഗദീശന്റെ നിത്യ-
ദയക്കും പ്രസാദസമ്പത്തിനും പാത്രമായ് നീ.
ജയിഷ്ണുക്കളാം ബന്ധുശക്തികളോടുമാര്യ-
നയജ്ഞേ , ലോകക്ഷേമങ്കരി, നീ ജയിക്കുന്നു!
പാടുന്നു ദേവതകളസുരമുഖാവലി
വാടുന്നു-ഭവിക്കുക ശാന്തിയും ശ്രീയും നിത്യം !
ആഗസ്ത് 1919

"https://ml.wikisource.org/w/index.php?title=താൾ:Manimala.djvu/13&oldid=165749" എന്ന താളിൽനിന്ന് ശേഖരിച്ചത്