താൾ:Kundalatha.djvu/52

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

രാമകിശോരൻ:അങ്ങുന്നു പറഞ്ഞതു മുഴുവൻ ആലോചിച്ചുനോക്കുമ്പോൾ സ്വാർത്ഥത്തിന്റെ ലാഞ്ചരനപോലും ഉണ്ടെങ്കിൽ ആ മൈത്രി നിഷ്കളങ്കമാണെന്നു പറവാൻ പാടില്ലെന്നു തോന്നുന്നു. യോഗീശ്വരൻ:അതെ, സ്വാർത്ഥത്തോടു വേർപെട്ടു നിൽക്കുന്നേടത്തോളം മൈത്രി നിലനിൽക്കുന്നതാകുന്നു.എന്നാൽ, സ്വാർത്ഥത്തെ കേവലം നിരസിച്ചു പ്രവർത്തിക്കുന്നവർ ലോകത്തിൽ ഇല്ലെന്നുതന്നെ പറയാം.ധർമവിഷയമാണെന്നും ഈശ്വര വിഷയമാണെന്നും സാധരണ പറഞ്ഞുവരുന്ന പ്രവർത്തികൾ കൂടി ഓരോന്നായി പരിശോധനയ്ക്കുവേണ്ടി ശാണഘർഷണം ചെയ്താൽ ആവയിൽ സ്വാർത്ഥസമ്മിശ്രമല്ലാത്തവ എത്രയോ ചുരുങ്ങിക്കാണുമെന്നു തീർച്ചയാണ്. ഞങ്ങൾ പറയുന്നതിന്റെ താല്പര്യം സ്വാർത്ഥത്തിനുമാത്രം വേണ്ടി സമ്പാദിക്കുന്ന സ്നേഹത്തിന്നു സ്നേഹം എന്നു പറഞ്ഞുകൂടാ എന്നും സ്വാർത്ഥം സാധിക്കുവാൻ വേണ്ടി ഉതകുമാറാകുന്ന സ്നേഹം അസ്ഥിരമാണെന്നും ആകുന്നു. ഇങ്ങനെ രണ്ടുപേരും തമ്മിൽ ഏതാണ്ടു ഗുരുശിഷ്യന്മാരുടെ നിലയിൽ ആയി എങ്കിലും സ്നേഹിതന്മാരെപ്പോലെ ചിലപ്പോൾ പല ധർമ്മങ്ങൾ പറയുമെന്നുതന്നെയല്ല ഒരിക്കലും തമ്മിൽ പിരിയാതെയുമായി. രാമകിശോരൻ തന്റെകൂടെ ശിഷ്യനായി താമസിപ്പാൻ തീർച്ചയാക്കിയതിന്റെശേഷം തന്റെ ഗൃഹത്തിലുളള എല്ലാവരെയും യോഗീശ്വരൻ രാമകിശോരന്ന് പറഞ്ഞുപരിചയമാക്കി കൊടുത്തു. ഒരു ദിവസം രണ്ടുപേരുംകൂടി ഉമ്മറത്ത് തിണ്ണയിന്മേൽ ഇരിക്കുമ്പോൾ യോഗീശ്വരൻ കുന്ദലതയെ വിളിച്ചു. കുന്ദലത തന്റെ പതിവുപോലെ വേഗത്തിൽ വന്ന് ഉമ്മറത്തേക്കു കടന്നപ്പോൾ പുതുതായി വന്ന ആൾ അവിടെ ഇരിക്കുന്നതു കണ്ടു് ഉടനെ അല്പം സങ്കോചത്തോടുകൂടി അകത്തേക്കുതന്നെ പിൻവാങ്ങി. രാമകിശോരൻ വന്നിട്ടു നാലഞ്ചു ദിവസമായി എങ്കിലും, കുന്ദലത രാമകിശോരനെ അതുവരെ അടുത്തു കണ്ടിട്ടുണ്ടായിരുന്നില്ല. രാമകിശോരൻ കുന്ദലതയെ അതിന്നു മുമ്പിൽ കണ്ടിട്ടുതന്നെയുണ്ടായിരുന്നതുമില്ല. അതുകൊണ്ടു് കാന്തിയേറിയ അവളുടെ ശരീരം തടിൽപ്രഭപോലെ ക്ഷണമാത്രംകൊണ്ടു് കാണാതായപ്പോൾ രാമകിശോരൻ അത്യന്തം വിസ്മയിച്ചു. യോഗീശ്വരൻ 'തരക്കേടില്ല, ഇങ്ങോട്ടു വരാം' എന്നു പറഞ്ഞു് പിന്നെയും വിളിച്ചപ്പോൾ കുന്ദലത വളരെ ശങ്കിച്ചുംകൊണ്ടു് പുറത്തേക്കു കടന്നു് യോഗീശ്വരന്റെ അരികെ ചെന്നിരുന്നു തലതാഴ്ത്തിക്കൊണ്ടു് പുതുതായി വന്നാളുടെ വേഷത്തെ സൂക്ഷിച്ചുനോക്കിത്തുടങ്ങി. ലജ്ജകൊണ്ടു് അയാളുടെ മുഖത്തേക്കു മാത്രം നോക്കുവാൻ കഴിഞ്ഞില്ല.രാമകിശോരനും തന്റെ താരുണ്യം നിമിത്തം യുവതിയായ കുന്ദലതയുടെ മുഖത്തേക്കു നേരിട്ടു നോക്കുവാൻ കഴിയാതെ ഉന്നമ്രമുഖനായിയ്ക്കൊണ്ടിരുന്നതേയുള്ളു.

"https://ml.wikisource.org/w/index.php?title=താൾ:Kundalatha.djvu/52&oldid=163056" എന്ന താളിൽനിന്ന് ശേഖരിച്ചത്