Jump to content

താൾ:Kundalatha.djvu/23

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്

അയാൾ കുമാരന്റെമേൽ നല്ലവണ്ണം ദൃഷടിവെച്ചുകൊളളുമെന്നു് രാജാവിനു നല്ല വിശ്വാസം ഉണ്ടായിരുന്നു. അഘോരനാഥനും രാജകുമാരൻ വരുന്നതു വളരെ സന്തോഷമായിരുന്നു.

അങ്ങനെയിരിക്കെ പ്രതാപചന്ദ്രനും സ്വർണമയിദേവിയും തമ്മിലുളള സ്നേഹത്തിന് ഒരു മാററം സംഭവിച്ചു. പ്രതാപചന്ദ്രനു കുറെ കാലമായിട്ടു് സ്വർണമയിയെ കുറച്ചധികമായി ഇഷ്ടം തോന്നിത്തുടങ്ങീട്ടുണ്ടായിരുന്നു. ആദിയിൽ അതിനു കാരണമെന്തായിരിക്കുമെന്നു തനിക്കുതന്നെ അറിവാൻ കഴിഞ്ഞില്ല. ഒരു സംവത്സരത്തിന്നിപ്പുറം അതു പ്രത്യക്ഷമായി കാണിക്കുവാനും തുടങ്ങി. എന്തെങ്കിലും വിശേഷമായ ഒരു വസ്തു തനിക്കു കിട്ടിയാൽ അതു് അപ്പോൾത്തന്നെ ദേവിക്കു കൊടുക്കും. എവിടെയെങ്കിലും പോയാൽ പ്രധാനമായ സ്ഥാനത്തിൽ ദേവിയെ ഇരുത്തും. ദേവിയുടെ ഹിതം എന്തെന്നു പറയാതെതന്നെ അറിഞ്ഞു പ്രവർത്തിക്കും. താരാനാഥനെക്കുറിച്ചുള്ള സ്നേഹത്തിനു് ഒട്ടും കുറവുണ്ടായിട്ടല്ല, എങ്കിലും എപ്പോഴും ദേവിയോടു് അധികമായ ആദരവു് ഭാവിക്കുകയാൽ താരാനാഥനോടു മുമ്പത്തേപ്പോലെ ആഭിമുഖ്യം കാണിക്കുവാനുംകൂടി ഓർമ വിട്ടുതുടങ്ങി. ഇങ്ങനെ ഒരു പക്ഷപാതംപോലെ രാജകുമാരൻ സ്വർണമയിയോടു് അധികം സ്നേഹം കാണിക്കുവാൻ തുടങ്ങിയപ്പോൾ താരാനാഥനു് ഒരു ആശ്ചര്യമാണുണ്ടായതു്. തന്റെ സഹോദരിയോടു തനിക്കു വളരെ സ്നേഹമുണ്ടായിരുന്നതിനാൽ പ്രതാപചന്ദ്രൻ പക്ഷപാതംപോലെ കാണിക്കുന്നതുകൊണ്ടു് താരാനാഥനു് ഒട്ടും കുണ്ഠിതമുണ്ടായതുമില്ല. സ്വർണമയി തന്റെ സഹോദരനോടും രാജകുമാരനോടും ഒരുപോലെയാണുസ്നേഹം കാണിച്ചിരുന്നതു്. എന്നാൽ, ആന്തരമായി താരാനാഥനെ അധികം സ്നേഹം ഉണ്ടായിരുന്നുതാനും. എങ്ങനെയെന്നറിയാതെ സ്വർണമയിക്കു കുറച്ചു കാലത്തിന്നുള്ളിൽ രാജകുമാരനെ അധികം പ്രതിപത്തി തോന്നിത്തുടങ്ങി. ബുദ്ധിഗൗരവം ഉള്ളവളാകയാൽ ആയതു പുറത്തേക്കു് ഒട്ടും പ്രകാശിപ്പിക്കാതെ തന്റെ അധികമായ പ്രേമത്തെ ഉള്ളിലൊതുക്കിവയ്ക്കുകയുംചെയ്യും. രാജകുമാരൻ ചന്ദനവനത്തിലേക്കു വരുന്നതു് അധികം സാധാരണയായതിൽ പിന്നെ വന്നാലധികം നേരം സ്വർണമയിയുടെ ഒരുമിച്ചുതന്നെയാണു കഴിക്കുക.

ഒരു ദിവസം രാജകുമാരനും സ്വർണമയീദേവിയുംകൂടി മാളികയുടെ മുകളിൽ ഓരോ നേരമ്പോക്കുകൾ പറഞ്ഞു സന്തോഷിച്ചു കൊണ്ടിരിക്കുമ്പോൾ താരാനാഥൻ ആ അകത്തേക്കു കടന്നുചെന്നു. അപ്പോൾ ഇവരുടെ സംഭാഷണം ഉടനെ നിന്നുപോയി. അയതിനു കാരണം താരാനാഥൻ വന്നതുകൊണ്ടാണെന്നു് അയാളെ അറിയിക്കാതെ കഴിക്കുവാൻവേണ്ടി സ്വർണമയി വേറെ ഒരു വർത്തമാനം നടുവിൽപിടിച്ചു പറഞ്ഞുതുടങ്ങി. രാജകുമാരനു് അതു മനസ്സിലായില്ല. 'എന്താ ദേവി! അസംബന്ധം പറയുന്നതു്

"https://ml.wikisource.org/w/index.php?title=താൾ:Kundalatha.djvu/23&oldid=214309" എന്ന താളിൽനിന്ന് ശേഖരിച്ചത്