അഘോരനാഥന്റെ ഒരുമിച്ചു നായാട്ടിനു വന്നിരുന്ന മറ്റേ ചെറുപ്പക്കാരൻ ചിത്രരഥൻ എന്നു പേരായ കലിംഗമഹാരാജാവവർകളുടെ സീമന്തപുത്രനാണു്. പ്രതാപചന്ദ്രനെന്നാണു പേര്. മഹാരാജാവിനു രണ്ടു പുത്രിമാർകൂടി ഉണ്ടായിരുന്നു. പ്രതാപചന്ദ്രന്റെ ജ്യേഷ്ഠത്തിയായിരുന്ന ഒരു പുത്രിയെ വേറൊരുരാജ്യത്തേക്കു് വേട്ടുകൊണ്ടുപോയി, പട്ടമഹിഷിയായി കുറേ കാലം ഇരുന്നു സന്തതിയുണ്ടാവാതെ മരിച്ചുപോയി. അനുജത്തിയായി അതിസുന്ദരിയായ ഒരു കന്യകയും ഉണ്ടായിരുന്നു. ആ കന്യകയെ വളരെ ചെറുപ്പത്തിൽ കള്ളന്മാർ എടുത്തു കൊണ്ടുപോയി, ആഭരണങ്ങൾ തസ്കരിച്ചു് കാട്ടിൽ എങ്ങാണ്ടോരേടത്തുവെച്ചു കൊന്നിരിക്കുന്നുവത്രെ. കള്ളന്മാരെ തുമ്പുണ്ടാക്കാൻ വളരെ ശ്രമിച്ചിട്ടും കഴിഞ്ഞില്ല. രാജകന്യകയുടെ ശരീരസൗഭാഗ്യം കണ്ടു് കൗതുകപ്പെട്ടു് ഇവൾ ഭൂമിയിൽ ഇരിക്കേണ്ടവളല്ലെന്നുവച്ചു്, യക്ഷന്മാരോ കിന്നരന്മാരോ കൊണ്ടുപോയതായിരിക്കണം എന്നു ബുദ്ധിമാന്മാരായ ചില ദൈവജ്ഞാനന്മാർ തീർച്ച പറയുകയും ചെയ്തിട്ടുണ്ടായിരുന്നു. ഏതെങ്കിലും പുത്രിയെ കാണായ്കയാൽ വൃദ്ധനായ രാജാവിനു് കുറേക്കാലത്തേക്കു കഠിനമായ വിഷാദത്തിനു കാരണമായി.
ഇങ്ങനെ സോദരിമാരും കൂടിയില്ലാതെ ഏകപുത്രനായിത്തീർന്ന പ്രതാപചന്ദ്രനു ചെറുപ്പത്തിൽത്തന്നെ താരാനാഥനും സ്വർണ്ണമയീദേവിയും ചങ്ങാതിമാരായിത്തീർന്നു. അവർ മൂന്നു പേരും പരസ്പരം വളരെ സ്നേഹത്തോടുകൂടിയും എപ്പോഴും ഒരുമിച്ചും വളരുകയാൽ താരാനാഥനും സ്വർണ്ണമയിയും ചന്ദനോദ്യാനത്തിലേക്കു പാർപ്പു മാറ്റിയപ്പോൾ, പ്രതാപചന്ദ്രനു വളരെ ബുദ്ധിക്ഷയമുണ്ടായി; ഉദ്യാനഭവനത്തിൽ വാസം വളരെ സുഖമാണെങ്കിലും താരാനാഥനും സ്വർണ്ണമയിക്കും തങ്ങളുടെ ഇഷ്ടതോഴനായ രാജകുമാരനെയും നിത്യോത്സവവതിയായിരിക്കുന്ന രാജധാനിയിലെ ഓരോ ആഘോഷങ്ങളെയും കാണ്മാൻ കഴിയായ്കയാൽ ആ മാറ്റം ഒട്ടും തന്നെ സന്തോഷത്തെ ഉണ്ടാക്കിയില്ല. ചില ദിവസങ്ങളിൽ പ്രതാപചന്ദ്രൻ രാജാവിനോടു സമ്മതം വാങ്ങി, ചന്ദനോദ്യാനത്തിലേക്കു പോകും. ഉദ്യാനത്തിൽ എത്തി ഒന്നോ രണ്ടോ ദിവസം താമസിച്ചു് രാജധാനിയിലേക്കുതന്നെ മടങ്ങുകയും ചെയ്യും. അതുകൊണ്ടു് രാജാവിന് ഒട്ടും അപ്രിയം ഉണ്ടാകയില്ലതാനും. എന്നാൽ, അഞ്ചാറു മാസമായിട്ടു് രാജകുമാരൻ ചന്ദനോദ്യാനത്തിൽ വന്നാൽ എട്ടു ദിവസം താമസിച്ചല്ലാതെ മടങ്ങിപ്പോവുകയില്ല. കൂടെക്കൂടെ വരികയും ചെയ്യും. അതുകൊണ്ടു് രാജാവിന് ഒട്ടും അപ്രിയം ഉണ്ടായില്ല. എന്തുകൊണ്ടെന്നാൽ, അഘോരനാഥൻ ഉള്ളതുകൊണ്ടു്