Jump to content

താൾ:Kundalatha.djvu/114

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ആരും ഇല്ലാതിരുന്നതിനാലും, കുണ്ഠിതം തോന്നി ആരോടും പറയാതെ എങ്ങോട്ടെങ്കിലും പോകുവാൻ നിശ്ചയിച്ചതാണു്. അല്ലാതെ നിങ്ങളുടെ നേരെ നീരസം തോന്നുകയാലാണെന്നു് ഒരിക്കലും നിങ്ങൾക്കു തോന്നരുതു്. മേലിൽ നിങ്ങൾ അങ്ങനെ ചെയ്യുന്നതിനു് എന്ക്കു് ഒട്ടും ഖേദം ഉണ്ടാകാൻ അവകാശമില്ലതാനും.

പ്രതാപചന്ദ്രൻ: താരാനാഥൻ പോയതിൽ പിന്നെ ഇതാ, ഇപ്പോൾ തമ്മിൽ അറിഞ്ഞു കണ്ടു സംസാരിച്ചവരേയും എന്റെ വാക്കുകളായിരിക്കുമോ താരാനാഥന്റെ പ്രവൃത്തിക്കു കാരണം എന്നൊരു ശല്യം എപ്പോഴും വിട്ടുപോകാതെ ഞങ്ങളുടെ മനസ്സിലുണ്ടായിരുന്നു.

മേൽപ്രകാരം താരാനാഥനുണ്ടായിരുന്നുവെന്നു വിചാരിച്ചിരുന്ന സുഖക്കേടു പറഞ്ഞുതീർത്തതിൽ പിന്നെ താരാനാഥൻ ഒരോ ദിക്കുകളിൽ സഞ്ചരിച്ചതും, കുന്ദലതയേയും കപിലനാഥനേയും കണ്ടെത്തിയതും മറ്റും വിശേഷങ്ങൾ സോദരീസോദരന്മാർ നാലുപേരും കൂടിയിരുന്നു സംഭാഷണംചെയ്യുന്നതു കണ്ട കപിലനാഥനും അഘോരനാഥനും വളരെ സന്തോഷിച്ചു.

അതിന്റെശേഷം കപിലനാഥൻ തന്റെ പണ്ടത്തെ ഭൃത്യന്മാരേയും സമീപം ദിക്കുകളിൽനിന്നു് തന്നെ കാണ്മാനായി വന്നിരുന്നവരും തന്റെ ആശ്രിതന്മാരുമായ മറ്റു പലരേയും കണ്ടു് കുശലം ചോദിപ്പാനായി അവരുടെ മുമ്പിലേക്കു് ചെന്നു. അപ്പോൾ അവർക്കുണ്ടായ സന്തോഷം ഇത്ര എന്നു പറഞ്ഞുകൂടാ. അദ്ദേഹം കണ്ടറിഞ്ഞതിൽ മന്ദസ്മിതത്തോടുകൂടി എല്ലാവരെയും പ്രത്യകം പ്രത്യേകം നോക്കി മിക്കവരോടും ഒന്നുരണ്ടു വാക്കു് സംസാരിച്ചു. ചിലർ കാൽക്കൽ വീണിട്ടും, ചിലർ കരഞ്ഞിട്ടും മറ്റു പ്രകാരത്തിലും അവർ തങ്ങളുടെ ആന്തരമായ സ്നേഹത്തേയും ഭക്തിയേയും കൃത‍ഞ്തയേയും സന്തോഷത്തേയും വെളിപ്പെടുത്തി. അസാരന്മാരാണെങ്കിലും അവരുടെ മന:പൂർവമായും ഏറ്റവും നിർവ്യാജമായും ഉള്ള ആ സ്നേഹസൂചകങ്ങളെ കണ്ടപ്പോൾ വളരെ ദയാലുവായ കപിലനാഥൻ മനസ്സലിയുകയുംചെയ്തു.

അന്നത്തെ രാത്രി ഉദ്യാനത്തിൽ എല്ലാവരും പുതുതായി വന്നവരോടു സംഭാഷണംചെയ്തുകൊണ്ടും, അവരുടെ ഓരോ കഥകളെ കേട്ടുകൊണ്ടും തന്നെ, നേരം കഴിച്ചു. ഭൃത്യന്മാരുടെ ഇടയിലും സന്തോഷത്തിനു് ഒട്ടും കുറവുണ്ടായിരുന്നില്ല. രാമദാസന്റെ അമ്മയും പെങ്ങളും ഒരേടത്തു് അവനെ അരികത്തിരുത്തി അവൻ പോയതിൽ പിന്നെയുണ്ടായതത്രയും ചോദിച്ചറിഞ്ഞു. മറ്റൊരേടത്തു് തങ്ങളുടെ ചെറിയമ്മയായ പാർവതിയോട് വർത്തമാനങ്ങൾ ചോദിച്ചു. വേറേ പല ദിക്കുകളിലും രണ്ടും നാലും ആളുകളായി കൂടിയിരുന്നു് യവനന്മാരുടെ പരാക്രമത്തെയും, കുന്തളേശന്റെ അപജയത്തെയും, വേടർക്കരചന്റെ കൂറിനേയും,

"https://ml.wikisource.org/w/index.php?title=താൾ:Kundalatha.djvu/114&oldid=162996" എന്ന താളിൽനിന്ന് ശേഖരിച്ചത്