താൾ:Kulastreeyum Chanthapennum Undayathengane.djvu/91

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

രുന്നു. ഈ പരിഷ്ക്കരണനിർദ്ദേശത്തിന് ഒരു പ്രത്യേകതയുണ്ടായിരുന്നു. മേൽവിവരിച്ച പുരുഷപരിഷ്ക്കർത്താവിന്റെ നിലയെ അപേക്ഷിച്ച് ദുർബലമായിരുന്നു ദരിദ്രസ്ത്രീകളെ ഉദ്ധരിക്കാൻ പണിപ്പെടേണ്ടവരായ സ്ത്രീപരിഷ്ക്കർത്താക്കളുടെ നില. പുരുഷനായ പരിഷ്ക്കർത്താവ് പരിപക്വവും പൂർണ്ണവുമായ വ്യക്തിത്വത്തിന്റെയുടമയായിയാണ് സങ്കൽപ്പിക്കപ്പെട്ടത് - ആ നിലയിൽനിന്നുകൊണ്ടാണ് അയാൾ സ്ത്രീയെ പരിഷ്ക്കരിക്കുന്നത്. എന്നാൽ തൊഴിൽപരിശീലനവുംമറ്റും നൽകി മറ്റുസ്ത്രീകളെ ഉയർത്തിക്കൊണ്ടുവരുന്ന സ്ത്രീയായ പരിഷ്ക്കർത്താവിന് അത്തരമൊരു നില കൽപ്പിക്കപ്പെടുന്നില്ല. മറിച്ച് സദാ ആത്മനിയന്ത്രണവും മേൽനോട്ടവും ഉണ്ടെങ്കിലേ സ്ത്രീ നേർവഴി നടക്കൂ എന്ന പരോക്ഷധാരണയും ഇത്തരം നിർദ്ദേശങ്ങളിലുണ്ടായിരുന്നു. കുടിൽവ്യവസായം ആരംഭിക്കുന്നതിലൂടെ സ്ത്രീ സ്വന്തം കുടുംബത്തിന്റെ സാമ്പത്തികസ്ഥിതി മെച്ചപ്പെടുത്തും; മറ്റുസ്ത്രീകളോടുള്ള തന്റെ കടമ നിർവ്വഹിക്കും തുടങ്ങിയ വാദങ്ങൾക്കുപുറമെ സ്ത്രീയുടെ ആത്മനിയന്ത്രണത്തെയും അച്ചടക്കത്തെയും ഇത്തരം പ്രവർത്തനങ്ങൾ പരിപോഷിപ്പിക്കുമെന്ന വാദവും വളരെ പ്രാധാന്യത്തോടെ ഉന്നയിക്കപ്പെട്ടു:

...അവൾക്ക് [കുടിൽവ്യവസായത്തിലേർപ്പെടുന്ന വീട്ടമ്മയ്ക്ക്] സൽബുദ്ധി വർദ്ധിക്കുകയും ദുർബുദ്ധി കുറയുകയും ചെയ്യും. അലസമായ തലച്ചോറ് പിശാചിന്റെ പണിപ്പുരയാണല്ലോ... നല്ല കാര്യങ്ങളിൽ മനസ്സു പ്രവേശിപ്പിച്ചുകൊണ്ടാൽ അന്യജനങ്ങളുടെ ദൂഷ്യം ഉണ്ടാക്കുന്നതിനും തരമില്ലാതെവരുന്നത് എത്ര ഭാഗ്യമാണ്... സ്ത്രീകളുടെ തൊഴിലില്ലായ്മയെ പരിഹരിക്കുന്നതിനും അവർക്കു ക്ഷേമം വർദ്ധിപ്പിക്കുന്നതിനുമായി ആദായകരങ്ങളായ പ്രത്യേക പ്രവൃത്തികൾ അവരുടെ വാസനയ്ക്കും മാനത്തിനും മര്യാദയ്ക്കും പഠിപ്പിനും തക്കവണ്ണം കണ്ടുപിടിച്ച്, അവരെക്കൊണ്ട് ചെയ്യിപ്പിച്ച്, അവർ ഉണ്ടാക്കുന്ന സാധനങ്ങളെ വിറ്റഴിക്കുന്നിതിനുള്ള ഏർപ്പാടുചെയ്തു നടപ്പിൽവരുത്തുന്നത് നമ്മുടെ ഇടയിലുള്ള വിദുഷികളായ സ്ത്രീകളുടെ ഉത്തമകൃത്യങ്ങളാകുന്നു. (എൽ. മീനാക്ഷിയമ്മ, 'സ്ത്രീകളുടെ തൊഴിലില്ലായ്മ', മഹിളാരത്നം 1(1), 1927-28)

ഇങ്ങനെ രണ്ടാംകിടയിൽ തളയ്ക്കപ്പെട്ടെങ്കിലും കീഴാളസ്ത്രീകളെക്കാൾ മുന്തിയസ്ഥാനം തങ്ങൾക്കുണ്ടെന്നതുകൊണ്ടുതന്നെ യാതൊരുവിധ ചോദ്യംചെയ്യലിനും മേലാളസ്ത്രീകൾ മുതിർന്നില്ല. ആദ്യകാലസ്ത്രീവാദത്തിന്റെ പരാജയങ്ങളിലൊന്നായിരുന്നു അത് - പരിഷ്ക്കരണവാദത്തെ പൂർണ്ണമായി തള്ളിക്കളയാൻ ആദ്യകാലസ്ത്രീവാദികളിൽ ചുരുക്കം ചിലർക്കേ കഴിഞ്ഞുള്ളൂ. ഫലമോ, മേലാള-കീഴാളസ്ത്രീകൾക്കിടയിൽ പുതിയ പിതൃമേധാവിത്വത്തോട് സാമ്യംപുലർത്തിയ അധികാരബന്ധം സങ്കൽപ്പിക്കപ്പെട്ടു. ആദ്യകാലകമ്യൂണിസ്റ്റ് എഴുത്തുകാർ, സാമൂഹ്യപ്രവർത്തകരായ വരേണ്യസ്ത്രീകളെ 'കൊച്ചമ്മമാ'രെന്ന് വിളിച്ചാക്ഷേപിച്ചത് വെറുതെയല്ല. തൊഴിലാളിസ്ത്രീകൾ വൻതോതിൽ സംഘടിതരായ 1940കളിൽ പൂർണ്ണപൗരത്വം അവർ പിടിച്ചെടുക്കുമെന്ന സ്വപ്നം യാഥാർത്ഥ്യമാകാൻപോകുന്നുവെന്ന തോന്നൽ പലർക്കുമുണ്ടായതിൽ അത്ഭുതമില്ല. പ്രത്യേകിച്ച് പരിഷ്ക്കരണമോ ഉദ്ധാരണമോ ഒന്നുംകൂടാതെതന്നെ പൂർണ്ണപൗരത്വത്തിന് തങ്ങൾ അർഹരാണെന്നും അത് തങ്ങളുടെ അവകാശമാണെന്നും തൊഴിലാളിവക്താക്കൾ പലരും പ്രഖ്യാപിച്ചു. (എന്നാൽ പരിഷ്ക്കരണത്തിന്റെ അംശങ്ങൾ പൂർണ്ണമായും ഒഴിവാക്കപ്പെട്ടില്ലെന്നത് മറ്റൊരു കാര്യം. തൊഴിലാളിപ്രസ്ഥാനത്തിന്റെ ഉന്നതതലങ്ങളിൽ ആ താത്പര്യം പ്രകടമായിരുന്നു). ആദ്യകാല സ്ത്രീവാദികൾക്കിടയിൽത്തന്നെ വ്യത്യസ്ത അഭിപ്രായക്കാരുണ്ടായിരുന്നുവെന്ന് സൂചിപ്പിച്ചുവല്ലോ - അത്തരം വ്യത്യസ്തതകൾ മുഴുവൻ അവഗണിക്കപ്പെട്ടു; ഒന്നുകിൽ 'കൊച്ചമ്മ' അല്ലെങ്കിൽ 'സൊസൈറ്റി ലേഡി' എന്നീ രണ്ടു പരിഹാസ്യകഥാപാത്രങ്ങളിലേക്ക് ആദ്യകാലസ്ത്രീവാദികൾ ന്യൂനീകരിക്കപ്പെട്ടു.

'തറവാട്ടിൽ പിറന്നവളും' 'ചന്തപ്പെണ്ണും' തമ്മിലുള്ള അസമത്വം അങ്ങനെ നമ്മുടെ ഇക്കാലത്തും നിലനിൽക്കുന്നുണ്ട്. ജാതിവ്യവസ്ഥയെ മാറ്റിമറിച്ച കേരളീയനവോത്ഥാനം ഈ രണ്ടു സംവർഗ്ഗങ്ങളെയും 20-ാം നൂറ്റാണ്ടിൽ പുനഃസൃഷ്ടിച്ചതിനെക്കുറിച്ചാണ് ഈ അദ്ധ്യായത്തിൽ പറഞ്ഞത്. പരിഷ്ക്കരണവാദങ്ങളിലൂടെ വ്യാപകമായ ലിംഗമാന്യതയും ലിംഗാദർശവും 20-ാം നൂറ്റാണ്ടിൽ കൂടുതൽ ജനവിഭാഗങ്ങളിലേക്ക് വ്യാപിക്കുകയുണ്ടായി. ഒരു സമുദായത്തിന് സമൂഹത്തിൽ ഉയരണമെങ്കിൽ അതിലെ സ്ത്രീകൾ ഈ പുതിയ ലിംഗമാന്യതയ്ക്കു കീഴ്പ്പെടണമെന്ന അലിഖിതനിയമം ഇവിടെ പ്രാവർത്തികമായി. സ്ത്രീകൾക്ക് ഈ നവമാന്യതകൂടാതെ സമൂഹത്തിൽനിന്ന് സുരക്ഷ ലഭിക്കില്ലെന്നും വന്നു. നവമാന്യത നിർവ്വചിക്കുന്ന 'അടക്കമൊതുക്ക'ത്തിനുള്ളിൽ ജീവിക്കുന്നവളാണ് താനെന്ന് തെളിവു ഹാജരാക്കുന്ന സ്ത്രീക്കുമാത്രമേ ലൈംഗികാതിക്രമത്തിനെതിരെ ധൈര്യമായി പരാതിപ്പെടാൻ കഴിയൂ; കാരണം ആ തെളിവില്ലാതെ സമൂഹത്തെയും നീതിന്യായവ്യവസ്ഥയെയും സമീപിച്ചാൽ സംശയവും അപമാനവും ഏൽക്കേണ്ടിവരും. നവവരേണ്യ ലിംഗമാന്യതയെ അതിലംഘിച്ചവൾ എന്ന പേരുണ്ടായാൽമതി, ആ സ്ത്രീ പറയുന്നതെല്ലാം നുണയാണെന്ന് കണ്ണുമടച്ച് വിളിച്ചുപറയാൻ ആളുണ്ടാകും.


91


'തറവാട്ടിൽ പിറന്നവളും' 'ചന്തപ്പെണ്ണും' ഉണ്ടായതെങ്ങനെ?

"https://ml.wikisource.org/w/index.php?title=താൾ:Kulastreeyum_Chanthapennum_Undayathengane.djvu/91&oldid=162970" എന്ന താളിൽനിന്ന് ശേഖരിച്ചത്