താൾ:Kulastreeyum Chanthapennum Undayathengane.djvu/81

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


ഈ തന്ത്രം പ്രവർത്തിക്കുന്നതു കാണാം. ലൈംഗികമായ അച്ചടക്കം - അതായത് ഒരേയൊരു ഭർത്താവ് മാത്രമുണ്ടാവുക, ഭർത്താവിന്റെ ഹിതമനുസരിച്ച് ജീവിക്കുക, അദ്ദേഹത്തിനോട് ലൈംഗികമായ വിശ്വസ്തത പുലർത്തുക - ഇതൊക്കെ 'സ്ത്രീസഹജ'മാണെന്നായിരുന്നു അവരുടെ അഭിപ്രായം:

DownArrow.png

സീത രാവണാലയത്തിൽ ഒരാണ്ടു പാർത്ത സംശയം പോക്കാൻ തീയിൽ ചാടിയിട്ടും ശ്രീരാമനും മാലോകർക്കും സംശയം നീങ്ങിയില്ല. ലക്ഷ്മണൻ പന്തീരാണ്ടുകാലം തന്നെപ്പിരിഞ്ഞു പാർത്തിട്ടും കള്ളുകുടിച്ച തണ്ടാൻ തെങ്ങിൽ കയറിയമാതിരി ശൂർപ്പണഖയുടെ മൂക്കിലുംമറ്റും പാഞ്ഞിട്ടും ഊർമ്മിളയ്ക്കു ഒരു സംശയവുമുണ്ടായില്ല. വേശ്യാഗൃഹത്തിൽ പോകണമെന്ന് ആവശ്യപ്പെട്ട കുഷ്ഠക്കാരനെ ശീലാവതി തോളിൽ ചുമന്നാണ് കൊണ്ടുപോയത്. വഴിക്കുവച്ചു മരിച്ചുപോയ ആ മഹാമൂർഖനെ തിര്യെ കൊടുത്തല്ലാതെ സൂര്യൻ ഉദിച്ചുകൂടെന്നു ശീലാവതി തറ്റുടുത്തുനിന്നുകൊണ്ടാണ് തപസ്സു ചെയ്തത്...

....സ്ത്രീയെ കൊതിച്ച് പുരുഷന്മാർ പൊരുതി മരിച്ചതായി പുരാണങ്ങളും ചരിത്രങ്ങളുമുണ്ട്. പുരുഷന്മാർക്കുവേണ്ടി സ്ത്രീകൾ വാക്കേറ്റംപോലും നടത്തിയതായി പുരാണവുമില്ല, ചരിത്രവുമില്ല... അതാണ് സ്ത്രീത്വം.

(സരോജിനി, 'സ്ത്രീത്വം', മഹിളാരത്നം 1 (5), 1916)


ഈ ഒടുവിലത്തെ പ്രസ്താവം വസ്തുതാപരമായി ശരിയല്ലെന്നു തീർച്ചയാണ് - പുരുഷന്മാരെച്ചൊല്ലി മല്ലടിച്ച സ്ത്രീ പുരാണത്തിലും ചരിത്രത്തിലുമുണ്ട്. ഒരുപക്ഷേ, പുരുഷന്മാരെപ്പോലെ അധികാരപദവിയില്ലാത്തതുകൊണ്ട് 'പൊരുതിമരിക്കാൻ' അവർക്കിടവന്നില്ലായിരിക്കാം! 'മാന്യസ്ത്രീ' - അതായത് 'സൗമ്യാധികാരം വഹിക്കാൻ പ്രാപ്തയായ സ്ത്രീ' - ലൈംഗികമായ ആഗ്രഹം ഒട്ടുമില്ലാത്തവളാണെന്നു വാദിക്കാനാണ് ലേഖിക തയ്യാറാവുന്നത്. വിദുഷിയായിരുന്ന ലേഖികയ്ക്ക് കൃഷ്ണന്റെ ഭാര്യമാർ തമ്മിലുള്ള പോരിനെക്കുറിച്ചും അർജ്ജുനപത്നിമാരുടെ വഴക്കിനെക്കുറിച്ചും കൈകേയിയുടെ സാമർത്ഥ്യത്തെപ്പറ്റിയും ഉർവ്വശിക്ക് അർജ്ജുനനനോടു തോന്നിയ കാമത്തെക്കുറിച്ചും അറിയില്ലായിരുന്നുവെന്ന് കരുതാൻ ന്യായമില്ലല്ലോ! സ്ത്രീകളുടെമേൽ ഇരട്ടസദാചാരം വച്ചുകെട്ടുന്ന രീതിയെ അപലപിക്കാനാണ് അവർ ശ്രമിച്ചത്; പക്ഷേ, അതിനിടയിലൂടെ അനാവശ്യമായ സദാചാരഭാരത്തെ സ്ത്രീയുടെ തലയിൽവച്ചുകെട്ടുകകൂടി ചെയ്യുന്നുമുണ്ട്.

അതേസമയം സ്ത്രീപുരുഷവ്യത്യാസം പരസ്പരപൂരകത്വത്തിലേക്കു നയിക്കണമെങ്കിൽ പുരുഷനും വളരെ പ്രധാനപ്പെട്ട ചുമതലകളുണ്ടെന്ന് ഓർമ്മപ്പെടുത്താൻ ആദ്യകാല സ്ത്രീവാദികൾ മറന്നില്ല. സ്ത്രീപുരുഷവ്യത്യാസത്തെ കൊണ്ടാടിയ ലേഖകരത്രയും സ്ത്രീപുരുഷപരസ്പരപൂരകത്വത്തിന്റെയും വക്താക്കളായിരുന്നു. അതായത് സ്ത്രീഗുണം, പുരുഷഗുണം എന്നിവ വ്യത്യസ്തങ്ങളാണെങ്കിലും അവയിലൊന്നുമാത്രമെ സാമൂഹ്യജീവിതത്തിൽ പ്രത്യക്ഷമാകുന്നുള്ളുവെങ്കിൽ ആ ജീവിതം അപൂർണ്ണമായിരിക്കുമെന്ന് അവർ കരുതി. സ്ത്രീപുരുഷന്മാർ പരസ്പരം ആശ്രയിച്ച്, പരസ്പരം ജീവിതത്തെ പൂർത്തീകരിച്ചുകൊണ്ട്, മുന്നേറണമെന്നായിരുന്നു ഇവരുടെ ആവശ്യം. ഇതിൽ സ്ത്രീയുടെ ചുമതലയെപ്പറ്റി ഘോരഘോരം പ്രസംഗിക്കുന്നവർ പുരുഷന്മാരുടെ ചുമതലയെക്കുറിച്ച് നിശ്ശബ്ദരാകുന്നുവെന്ന പരാതി ആദ്യകാല സ്ത്രീവാദികളിൽ പലരുമുന്നയിച്ചു. മിസിസ്സ് കെ. കണ്ണൻ മേനോൻ (ഇടത്തട്ട രുഗ്മിണിയമ്മയുടെ തൂലികാനാമങ്ങളിൽ ഒന്ന്) ഇതേക്കുറിച്ച് ഇങ്ങനെയെഴുതി:

DownArrow.png

...തന്നെ ദേഹപ്രയത്നംകൊണ്ടു സംരക്ഷിച്ചും ഹൃദയപൂർവ്വം സ്നേഹിച്ചും വരുന്ന ഭർത്താക്കന്മാരെ ഭക്തിസ്നേഹബഹുമാനപുരസ്സരം ശുശ്രൂഷിച്ച്, അവരുടെ സൗകര്യം ശരിയായി നിർവ്വഹിക്കുന്നത് തങ്ങളുടെ ചുമതലയാണെന്നറിഞ്ഞ് ഏതുകാര്യത്തിന്നും സന്നദ്ധകളായിരിക്കുന്ന സ്ത്രീകൾ ഇപ്പോൾ ഒട്ടും ദുർലഭമല്ല. ഭർത്താവിന്റെ ആജ്ഞയ്ക്കനുസരിച്ച് നടക്കേണമെന്നും, അദ്ദേഹത്തെ സ്നേഹിക്കേണമെന്നും ഏതു സ്ത്രീക്കും ആരും ഉപദേശിക്കേണ്ട ആവശ്യമില്ല. ഇതു പ്രകൃതി സ്ത്രീഹൃദയത്തെ ആദ്യമായി പഠിപ്പിക്കുന്ന ഒരു പാഠമാണ്...

...ഓരോ ബാലികയും തന്റെ യൗവ്വനാരംഭത്തോടുകൂടി ഒരു വരനെ ആഗ്രഹിച്ചുതുടങ്ങും. അവരവരുടെ ബുദ്ധിശക്തിയും സ്വഭാവഗുണങ്ങളും ആശ്രയിച്ചായിരിക്കും ഓരോരുത്തരും പുരുഷമാതൃകകളെ നിർമ്മിക്കുകയും, പിന്നീട് ഈ മാതൃകകളെ രൂപീകരിച്ച് ഭർത്താവിൽ കാണ്മാൻ ആഗ്രഹിക്കുകയും ചെയ്യുന്നത്. ഈ ആശയങ്ങളും ആഗ്രഹങ്ങളും സഫലമായാൽ ഒരു സ്ത്രീ 'ഭാര്യ' എന്ന പദവിയെ അർഹിക്കുകയും അതിന്റെ ചുമതലകൾ ശരിയായി നിറവേറ്റുകയും ചെയ്യുമെന്നു മാത്രമല്ല, വിഫലമായിത്തീരുന്നപക്ഷം ആ വിശിഷ്ടപദത്തെ മലിനപ്പെടുത്തുകയും ചെയ്യും.

(മിസിസ്സ്. കെ. കണ്ണൻമേനോൻ, 'ആധുനിക വനിതാരത്നങ്ങളും അവരുടെ ഭർത്താക്കന്മാരും- ഒരു പ്രത്യാഖ്യാനം', മഹിളാരത്നം 1 (5), 1916)


ഉത്തമസ്ത്രീയുടെ ഇടം ഗൃഹമാണെന്ന വാദം സർവ്വത്ര കേട്ടുകൊണ്ടിരുന്ന സമയത്തുതന്നെ അവളുടെ കടമകളെക്കുറിച്ചുള്ള ധാരണകൾ മാറിക്കൊണ്ടിരുന്നു - സ്ത്രീക്ക് കൽപ്പിക്കപ്പെട്ട വീട്ടുത്തരവാദിത്തങ്ങളുടെ ഭാരം വർദ്ധിച്ചുകൊണ്ടിരുന്നു. 1920കൾക്കുശേഷം സാമ്പത്തികമാന്ദ്യമുണ്ടായത്


81


'തറവാട്ടിൽ പിറന്നവളും' 'ചന്തപ്പെണ്ണും' ഉണ്ടായതെങ്ങനെ?

"https://ml.wikisource.org/w/index.php?title=താൾ:Kulastreeyum_Chanthapennum_Undayathengane.djvu/81&oldid=162959" എന്ന താളിൽനിന്ന് ശേഖരിച്ചത്