താൾ:Kulastreeyum Chanthapennum Undayathengane.djvu/73

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


ളിൽ - ഉൾപ്പെട്ടവരായിരുന്നു. ഇവരെക്കൂടാതെ തൊട്ടുകൂടാത്തവരായി ഗണിച്ചിരുന്ന ഈഴവ-തീയ്യ വിഭാഗങ്ങളിൽനിന്നും നവവരേണ്യരുണ്ടായിത്തുടങ്ങി. അതേസമയം പരമ്പരാഗതജാതിക്രമത്തിൽ മദ്ധ്യജാതികളിൽപ്പെട്ടിരുന്ന അരയസമുദായത്തിൽനിന്നും അധികംപേർ നവവരേണ്യവിഭാഗത്തിലേക്കു കടന്നില്ല. ഇരുപതാം നൂറ്റാണ്ടിൽ കേരളത്തിലുണ്ടായ സാമൂഹ്യ - രാഷ്ട്രീയ മാറ്റങ്ങളിൽനിന്നുള്ള നേട്ടങ്ങളധികവും കൊയ്തത് ഈ നവവരേണ്യവിഭാഗമായിരുന്നു.

പൊതുവെ, മുതലാളിത്തവ്യവസ്ഥയുടെ സ്വത്തുനിയമങ്ങളോടുള്ള (അതായത് സ്വകാര്യസ്വത്തുടമസ്ഥതയ്ക്ക് അനുകൂലമായ നിയമങ്ങളോടുള്ള) കൂറ്, വ്യക്തികളുടെ സാമ്പത്തികവളർച്ചയിലൂടെയാണ് സമൂഹം പുരോഗമിക്കുന്നതെന്ന വിശ്വാസം, വ്യക്തികൾക്ക് മത്സരബുദ്ധിയോടെയുള്ള സാമ്പത്തികപ്രവർത്തനം നടത്താനുള്ള സാഹചര്യം ഒരുക്കലാണ് സമുദായപരിഷ്ക്കരണത്തിന്റെ ലക്ഷ്യമെന്ന വിശ്വാസം - ഇവ ഏറിയോ കുറഞ്ഞോ നവവരേണ്യമൂല്യവ്യവസ്ഥയിൽ ഉൾപ്പെട്ടിരുന്നു. ഈ മൂല്യങ്ങളെല്ലാംതന്നെ പാശ്ചാത്യലോകത്തുനിന്ന് ഇങ്ങോട്ടു പ്രവഹിച്ചവയായിരുന്നു. എന്നാൽ ഇവയോടൊപ്പം മറ്റുപല ആശയങ്ങളും പാശ്ചാത്യരാജ്യങ്ങളിൽനിന്ന് ഇവിടേക്കെത്തിയിരുന്നു. മനുഷ്യർ തമ്മിലുള്ള അടിസ്ഥാനപരമായ തുല്യത, സമത്വം, സാഹോദര്യം - ഈ ആശയങ്ങളും പാശ്ചാത്യലോകത്തുനിന്ന് ഇവിടെ എത്തിയവയാണ്. ഇവയ്ക്ക്, പക്ഷേ, ഭാഗികമായ അംഗീകാരമേ നവവരേണ്യർ നൽകിയുള്ളൂ. അഥവാ, നവവരേണ്യരുടെ താൽപര്യങ്ങൾക്ക് കോട്ടംതട്ടാത്തവിധത്തിൽമാത്രമേ അവ പ്രയോഗിക്കപ്പെട്ടുള്ളൂ. ശ്രീനാരായണഗുരുവിനെപ്പോലുള്ളവരുടെ സമത്വചിന്തയെപ്പോലും ഇത്തരത്തിൽ ന്യൂനീകരിക്കാൻ നവവരേണ്യർക്കു കഴിഞ്ഞു.

അതുകൊണ്ടുതന്നെ പാശ്ചാത്യലോകത്ത് വിമോചനകരങ്ങളായി വ്യാഖ്യാനിക്കപ്പെട്ട പല ആശയങ്ങളും ഇവിടെ തീരെ ചർച്ചചെയ്യപ്പെട്ടില്ല; അല്ലെങ്കിൽ ന്യൂനീകരിക്കപ്പെട്ടു. എന്തായാലും നവവരേണ്യർക്ക് അനുകൂലമായ വിധത്തിൽ പാശ്ചാത്യ ആശയങ്ങളെയും പ്രയോഗങ്ങളെയും എങ്ങനെ മാറ്റിത്തീർക്കാമെന്ന വിചാരം 20-ാം നൂറ്റാണ്ടിലെ ചർച്ചകളിൽ വ്യക്തമായും കാണാനുണ്ട്. ഉദാഹരണത്തിന്, 1930കൾമുതൽ ഇവിടെയാരംഭിച്ച ജനനനിയന്ത്രണചർച്ച തന്നെയെടുക്കാം. ഇതിൽ നവവരേണ്യർക്കിടയിലെ യാഥാസ്ഥിതികർ ഉന്നയിച്ച സംശയങ്ങൾ മൂന്നായിരുന്നു: ഒന്ന്, ജനനനിയന്ത്രണം വ്യാപകമായാൽ 'അറിവില്ലാത്ത' ജനങ്ങൾക്കിടയിൽ ലൈംഗിക അരാജകത്വം വ്യാപിക്കില്ലേ? രണ്ട്, സ്ത്രീകൾക്ക് അച്ചടക്കവും അനുസരണയും ഇല്ലാതാകില്ലേ? മാത്രമല്ല, ജനനനിയന്ത്രണം സമൂഹത്തിന്റെ മേൽത്തട്ടിൽ വ്യാപകമായാൽ 'താണതരക്കാർ' പെറ്റുപെരുകുകയില്ലേ? ഇതായിരുന്നു മൂന്നാമത്തെ ഭയം. ജനനനിയന്ത്രണത്തെ അനുകൂലിച്ച നവവരേണ്യരോ? അവർക്കും പേടി 'താണതരക്കാരെ' ആയിരുന്നു. ജനനനിയന്ത്രണം വ്യാപിപ്പിച്ചാൽ 'താണതരക്കാരു'ടെ എണ്ണം കുറയ്ക്കാനൊക്കുമെന്നായിരുന്നു അവരുടെ വിശ്വാസം! ചുരുക്കിപ്പറഞ്ഞാൽ, അനുകൂലിച്ചാലും പ്രതികൂലിച്ചാലും ജനനനിയന്ത്രണത്തിൽ നവവരേണ്യരുടെ താൽപര്യങ്ങളെക്കുറിച്ചായിരുന്നു ചർച്ച.

പുതിയ ലിംഗമൂല്യങ്ങളുടെ കാര്യത്തിലും പൂർണ്ണമായ സ്ത്രീപുരുഷതുല്യത നവവരേണ്യർക്ക് ആകർഷകമായി തോന്നിയിരുന്നില്ല. സ്ത്രീയുടെ 'വ്യത്യസ്തത'യെ അതായത്, പുരുഷനിൽനിന്ന് വ്യത്യസ്തമായി സ്ത്രീക്ക് പ്രസവം, ബാലപരിചരണം എന്നീ രണ്ടു ധർമ്മങ്ങളുണ്ടെന്നതിന് ഊന്നൽ നൽകിക്കൊണ്ടാണ് നവവരേണ്യലിംഗമൂല്യങ്ങൾ ശക്തമായത്. 'തുല്യത' എന്നാൽ ആണിനേയും പെണ്ണിനേയും ഒരേ അച്ചിലിട്ട് വാർക്കലാണെന്ന തെറ്റായ വ്യാഖ്യാനത്തിന് ഏറെ പ്രചാരം ലഭിക്കുകയും ചെയ്തു. 1930കളായപ്പോഴേക്കും ഈ ദുർവ്യാഖ്യാനത്തെ ചോദ്യംചെയ്ത ചില സ്ത്രീശബ്ദങ്ങൾ കേട്ടുതുടങ്ങിയിരുന്നു. 1938ൽ കോച്ചാട്ടിൽ കല്യാണിക്കുട്ടിയമ്മ (മിസിസ്സ്. സി. കുട്ടൻനായർ) ഇതിനെ വിമർശിച്ചുകൊണ്ട് ഇങ്ങനെ എഴുതി:

DownArrow.png

സമത്വം ഞങ്ങളുടെ ഇന്നത്തെ പലേ ദുരിതങ്ങളേയും നീക്കംചെയ്യുമെന്നു സ്ത്രീകളായ ഞങ്ങളിൽ പലരും ബലമായി വിശ്വസിക്കുന്നു. എല്ലാവരേയും ഒരേ അച്ചിലിട്ടു വാർക്കാനല്ല സമത്വവാദിനികൾ ഉദ്ദേശിക്കുന്നത്. നേരെമറിച്ച്, സമത്വംകൊണ്ടേ വ്യക്തിപരമായ വളർച്ച സാദ്ധ്യമാകൂ. നമുക്കു നമ്മുടെ സ്വഭാവവിശേഷങ്ങളെപ്പറ്റി ഇന്നും എത്രയും അപൂർണ്ണമായ ജ്ഞാനമേ ഉള്ളൂ. 'പുരുഷത്വം', 'സ്ത്രീത്വം' എന്നീ അവ്യക്തവചനങ്ങൾകൊണ്ടു നാം യഥാർത്ഥത്തിൽ സൂചിപ്പിക്കുന്നതെന്ത്? മനഃശാസ്ത്രഗവേഷണങ്ങൾ, ലിംഗപരമായ സംഗതിയെക്കുറിച്ച് നമുക്കുള്ള അജ്ഞതയെ വെളിവാക്കുന്നില്ലേ? നമ്മുടെ അപൂർണ്ണജ്ഞാനത്തിന്റെ സന്താനങ്ങളായ സദാചാരനിബന്ധനകൾ എത്ര വ്യക്തികളുടെ വളർച്ചയെ തടയുന്നു!

(മിസിസ്സ് സി. കുട്ടൻ നായർ,
'സ്ത്രീപുരുഷസമത്വത്തിനുള്ള ചില പ്രതിബന്ധങ്ങൾ', മാതൃഭൂമി വിശേഷാൽപ്രതി, 1938)


പക്ഷേ, ഇതൊക്കെ കേവലം ഒറ്റപ്പെട്ട ശബ്ദങ്ങളായിരുന്നു. ലിംഗവ്യത്യാസത്തെ അടിസ്ഥാനപ്പെടുത്തിയ ഒരു പുതിയ സമുദായമാന്യത അപ്പോ


73


'തറവാട്ടിൽ പിറന്നവളും' 'ചന്തപ്പെണ്ണും' ഉണ്ടായതെങ്ങനെ?

"https://ml.wikisource.org/w/index.php?title=താൾ:Kulastreeyum_Chanthapennum_Undayathengane.djvu/73&oldid=162950" എന്ന താളിൽനിന്ന് ശേഖരിച്ചത്