താൾ:Kulastreeyum Chanthapennum Undayathengane.djvu/72

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


ജാതിക്കാർ, പ്രത്യേകിച്ചു കീഴ്ജാതിക്കാർ, പല മതക്കാർ, ആണും പെണ്ണും ഒത്തുചേരുന്ന, 'ജാതിശുദ്ധം' തീരെ പാലിക്കാൻ പറ്റാത്ത ഇടമാണ്! അപ്പോൾ തറവാട്ടിലിരിക്കുന്നവൾ പരിശുദ്ധയും ചന്തയിൽ പണിയെടുക്കുന്നവൾ അശുദ്ധയുമായി കണക്കാക്കപ്പെട്ടത് സ്വാഭാവികം മാത്രം! പക്ഷേ, പരമ്പരാഗതമൂല്യവ്യവസ്ഥയ്ക്ക് 20-ാം നൂറ്റാണ്ടിൽ വൃദ്ധിയല്ല, ക്ഷയമാണ് സംഭവിച്ചതെന്ന് നമുക്കറിയാം. സമൂഹത്തിന്റെ മേൽത്തട്ടിലേക്ക് ഉയർന്നുവരാൻ വ്യക്തികളുടെ മുന്നിൽ നിരവധി വഴികൾ തുറന്നുകിട്ടിയ കാലമായിരുന്നു ഇത് - തറവാടിന്റെ മേൽവിലാസത്തിനുപുറമെ ഉന്നതവിദ്യാഭ്യാസം, ഉയർന്ന സാമ്പത്തികസ്ഥിതി, ഉദ്യോഗപദവി മുതലായവ സാമൂഹ്യമായ കയറ്റം നേടാനുള്ള മാർഗ്ഗങ്ങളായി ഇക്കാലത്തുയർന്നുവന്നു. നമ്മുടെ ഭാഷയിൽ, പക്ഷേ, ഇന്നും ഇത്തരം പ്രയോഗങ്ങൾ നിലനിൽക്കുന്നു. ജാതിപാരമ്പര്യത്തിന്റെ അവശിഷ്ടം മാത്രമാണോ ഇത്? പഴയ ജാതിസമുദായത്തിലെ പ്രമാണികൾക്കു പകരം 19-ാം നൂറ്റാണ്ടിലെ പുതിയ സാദ്ധ്യതകൾ പ്രയോജനപ്പെടുത്തിയ കൂട്ടരിൽനിന്നുണ്ടായ വർഗ്ഗം - 'നവവരേണ്യർ' എന്ന് നമുക്കവരെ വിളിക്കാം - പഴയ മൂല്യങ്ങളിൽ പലതിനേയും തള്ളിക്കളഞ്ഞു; പല പുതിയ മൂല്യങ്ങളെയും പരിപോഷിപ്പിച്ചു. എന്നാൽ, പഴയ വരേണ്യതയെ ഒന്നടങ്കം ഉപേക്ഷിച്ചുകൊണ്ടല്ല നവവരേണ്യർ തങ്ങളുടെ പുതിയ മൂല്യവ്യവസ്ഥയ്ക്കു രൂപംകൊടുത്തത്. പുതിയ മൂല്യങ്ങൾ സ്വീകരിക്കുന്നതിനുപുറമെ പഴയ വരേണ്യമൂല്യങ്ങളിൽനിന്ന് ചിലതുമാത്രം തെരഞ്ഞെടുത്ത് പരിഷ്ക്കരിച്ചുകൊണ്ടുകൂടിയാണ് നവവരേണ്യർ തങ്ങളുടെ മൂല്യവ്യവസ്ഥ ഉണ്ടാക്കിയത്.

Kulasthree Chapter four pic02.jpg

ആരായിരുന്നു, ഈ 'നവവരേണ്യർ'? 19-ാം നൂറ്റാണ്ടിലെ കേരളത്തിൽ, വിശേഷിച്ചും തിരുവിതാംകൂർ-കൊച്ചി പ്രദേശങ്ങളിൽ, നിരവധി കാതലായ സാമൂഹ്യസാമ്പത്തികമാറ്റങ്ങളുണ്ടായി. ബ്രിട്ടിഷ് അധികാരം നിലവിൽവന്നതോടെ ഈ രാജ്യങ്ങളിലെ ഭരണസംവിധാനങ്ങളെ നവീകരിക്കാനുള്ള ശ്രമമാരംഭിച്ചു. മിഷണറിമാരും പിൽക്കാലത്ത് സർക്കാരുകളും പ്രചരിപ്പിച്ച നവീനവിദ്യാഭ്യാസത്തിലൂടെ സർക്കാർ ഉദ്യോഗങ്ങളും പദവികളും നേടാമെന്നുവന്നു. പുതിയ വിദ്യാലയങ്ങളും കലാലയങ്ങളും സ്ഥാപിക്കപ്പെട്ടുതുടങ്ങി - അവിടങ്ങളിലും ഇംഗ്ലിഷ്‌വിദ്യാഭ്യാസം നേടിയവർക്കു ജോലിസാദ്ധ്യത തെളിഞ്ഞു. വ്യാപരരംഗം സജീവമായതോടുകൂടി അഭ്യസ്തവിദ്യർക്ക് അവിടെയും തൊഴിലവസരങ്ങൾ വർദ്ധിച്ചു. വ്യാപാരപ്രമുഖർ, വ്യവസായികൾ, അദ്ധ്യാപകർ, സർക്കാർ ഉദ്യോഗസ്ഥർ തുടങ്ങിയ കൂട്ടരടങ്ങിയ ഈ പുതിയ ജനവിഭാഗം 19-ാം നൂറ്റാണ്ടിന്റെ അവസാനദശകങ്ങളിൽ തിരുവിതാംകൂറിലും കൊച്ചിയിലും മലബാറിലും സജീവസാന്നിദ്ധ്യമായി. ആധുനിക പൊതുമണ്ഡലം ഇവരിലൂടെയാണ് രൂപപ്പെട്ടത് - അതായത് പത്രമാസികകൾ, ചർച്ചാവേദികൾ, വായനാസംഘങ്ങൾ മുതലായവ കൂടിച്ചേരുന്ന, സമൂഹത്തിന്റെ പൊതുപ്രശ്നങ്ങൾ ചർച്ചചെയ്യപ്പെടുന്ന, പുതിയ ഒരിടം ഇവരുടെ പ്രവർത്തനങ്ങളിലൂടെ രൂപപ്പെട്ടുതുടങ്ങി. അതുപോലെ, സ്വന്തം സമുദായങ്ങളെ കാലത്തിനൊത്ത് പരിഷ്ക്കരിക്കേണ്ടതെങ്ങനെ എന്ന ചോദ്യം ആദ്യമുന്നയിച്ചത് ആ സമുദായങ്ങളിലെ നവവരേണ്യർതന്നെ. മലബാറിലെ നായന്മാരിൽനിന്ന് സി. ശങ്കരൻനായർ, മാപ്പിളസമുദായത്തിൽനിന്ന് സനാ ഉല്ലാഹ് മക്തി തങ്ങൾ, തീയ്യ സമുദായത്തിൽനിന്ന് മൂർക്കോത്തു കുമാരൻ, കൊച്ചിയിലെ അരയസമുദായത്തിൽനിന്ന് പണ്ഡിറ്റ് കറുപ്പൻ, തിരുവിതാംകൂറിലെ ഈഴവരിൽനിന്ന് ഡോ.പൽപു, സുറിയാനി ക്രിസ്ത്യാനികൾക്കിടയിൽനിന്ന് പി.കെ. കൊച്ചീപ്പൻ തരകൻ തുടങ്ങിയ ആദ്യകാല സമുദായപരിഷ്ക്കർത്താക്കളും വക്താക്കളുമായിരുന്നവരെല്ലാം നവവരേണ്യരായിരുന്നു. ഇവരിൽ നല്ലൊരുവിഭാഗം പരമ്പരാഗത ജാതിവ്യവസ്ഥയിൽ മുന്തിയ സ്ഥാനമുണ്ടായിരുന്ന ജാതികളിൽ - അതായത്, നായർ - സുറിയാനി ക്രിസ്ത്യാനി ജാതിക

72

'തറവാട്ടിൽ പിറന്നവളും' 'ചന്തപ്പെണ്ണും' ഉണ്ടായതെങ്ങനെ?


"https://ml.wikisource.org/w/index.php?title=താൾ:Kulastreeyum_Chanthapennum_Undayathengane.djvu/72&oldid=162949" എന്ന താളിൽനിന്ന് ശേഖരിച്ചത്