'തറവാട്ടിൽ പിറന്നവളും' 'ചന്തപ്പെണ്ണും' ഉണ്ടായതെങ്ങനെ?
പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനദശകങ്ങൾ മുതൽ സമുദായപരിഷ്കരണപ്രസ്ഥാനങ്ങൾ ശക്തിപ്രാപിച്ചതോടുകൂടി പരമ്പരാഗത ജാതിസമൂഹങ്ങളുടെ തിരോധാനം ആരംഭിച്ചുവെന്ന് നമുക്കറിയാം. പരമ്പരാഗത ലിംഗമൂല്യങ്ങൾ മനുഷ്യത്വത്തിനെതിരാണെന്ന വിമർശനമുന്നയിച്ച ഈ പ്രസ്ഥാനങ്ങൾ അവയ്ക്കു പകരം പുതിയ മൂല്യങ്ങളെ മുന്നോട്ടുവച്ചു. ഇന്നു നമുക്കു പരിചിതങ്ങളായ ആൺ-പെൺഭേദങ്ങളും ഇരട്ടസദാചാരവും രൂപംപ്രാപിച്ചത് ഈ കാലഘട്ടത്തിലാണ്. സ്ത്രീകൾക്കിടയിൽത്തന്നെ 'നല്ല' സ്ത്രീയെയും 'ചീത്ത' സ്ത്രീയെയും വേർതിരിക്കുന്ന മാനദണ്ഡങ്ങൾ ഇതിന്റെ ഭാഗമായിരുന്നു. സ്ത്രീകളെ കുടുംബത്തിനുള്ളിലും സമൂഹത്തിലും സക്രിയരാക്കിത്തീർക്കാനുള്ള പരിശ്രമങ്ങളിലൂടെത്തന്നെയാണ് സ്ത്രീകളെ രണ്ടാംതരക്കാരാക്കി ചുരുക്കിയ ഈ മൂല്യങ്ങൾ വളർന്നുവികസിച്ചത്.
നവവരേണ്യതയുടെ ലിംഗമൂല്യങ്ങൾ
കേരളത്തിൽ സ്ത്രീകളെ വിശേഷിപ്പിക്കാൻ ഉപയോഗിക്കുന്ന രണ്ടു പ്രയോഗങ്ങളാണിവ - 'തറവാട്ടിൽ പിറന്നവൾ', 'ചന്തപ്പെണ്ണ്'. 'മാന്യതയുള്ള സ്ത്രീ'യെ 'തറവാട്ടിൽ പിറന്നവൾ' എന്നു വിശേഷിപ്പിക്കുമ്പോൾ 'മാന്യതയില്ലാത്ത സ്ത്രീ'യെ 'ചന്തപ്പെണ്ണ്' എന്നു വിളിക്കുന്നു. ഈ വിളിയിൽ പഴയ ജാതിവ്യവസ്ഥയുടെ അംശങ്ങൾ പതിയിരിക്കുന്നുണ്ടെന്നു തീർച്ച. 'തറവാട്' എന്നാൽ പഴയ ജാത്യാഭിമാനത്തിന്റെ കേന്ദ്രമായിരുന്നല്ലോ. 'ചന്ത'യോ? പല