താൾ:Kulastreeyum Chanthapennum Undayathengane.djvu/67

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ആഴം വെളിവാക്കിയ ജീവിതമാണ് കേരളംകണ്ട ഏറ്റവും പ്രഗത്ഭയായ രാഷ്ട്രീയക്കാരിയും ഭരണാധികാരിണിയുമായ കെ.ആർ. ഗൗരിയമ്മയുടേത്. ജനപ്രിയനേതാവായിരുന്നു അവരെന്നു ശത്രുക്കൾ പോലും സമ്മതിക്കും.

പ്രസ്ഥാനത്തിനുവേണ്ടി ത്യാഗമനുഷ്ഠിച്ച സഖാവായി അവർ പരക്കെ അംഗീകരിക്കപ്പെട്ടിരുന്നു - ആ അനുഭവങ്ങളെക്കുറിച്ച് അവർ തന്റെ ആത്മകഥാപരമായ രചനകളിൽ പറഞ്ഞിട്ടുണ്ട്. ഭരണാധികാരിണിയെന്ന നിലയിൽ അവർ ഏറെ ബഹുമാനിക്കപ്പെട്ടിരുന്നു. ആദ്യത്തെ കമ്മ്യൂണിസ്റ്റു മന്ത്രിസഭയടക്കം നാലു മന്ത്രിസഭകളിൽ അംഗമായിരുന്നു. ഭൂപരിഷ്ക്കരണമുൾപ്പെടെ നിരവധി തന്ത്രപ്രധാനമായ നിയമനിർമ്മാണ പ്രക്രിയകളിൽ അവരുടെ സംഭാവന വലുതായിരുന്നു. എന്നിട്ടും എന്തുകൊണ്ട് അവർ പാർട്ടിയുടേയോ ഭരണത്തിന്റെയോ തലപ്പത്തെത്തിയില്ല? 1987ൽ കേരളമുഖ്യമന്ത്രിസ്ഥാനം അവർക്കു നഷ്ടമായതെങ്ങനെ? മലയാളിസ്ത്രീകൾ ഈ ചോദ്യങ്ങൾ ചോദക്കാൻ എന്നെങ്കിലും തയ്യാറാകണം!

കോൺഗ്രസ് പ്രവർത്തനത്തിൽ കേരളത്തിലെ സ്ത്രീകൾ അത്ര സജീവമായി പങ്കെടുത്തില്ലെന്ന ശങ്കുപ്പിള്ളയുടെ അഭിപ്രായം സ്ത്രീകളുടെമേൽ അദ്ദേഹമുൾപ്പെടെയുള്ള സമുദായപ്രമാണിമാർ അടിച്ചേൽപ്പിച്ച അസ്വാതന്ത്ര്യത്തെ നമ്മുടെ കണ്ണിൽ നിന്ന് മായ്ച്ചുകളയുന്നു. തിരുവിതാംകൂറിലെ സ്വാതന്ത്ര്യസമരത്തിന്റെ മുൻനിര നേതാവായിരുന്ന, സമരത്തിന്റെ 'സർവ്വസൈന്യാധിപ'യായി അവരോധിക്കപ്പെട്ട അക്കമ്മ ചെറിയാനെപ്പോലും തള്ളിക്കളയാനാണ് ഇദ്ദേഹമടക്കമുള്ള കോൺഗ്രസ് പുരുഷമേധാവികൾ ശ്രമിച്ചത്.

കെ.ആർ. ഗൗരിയമ്മ
'ഒന്നാന്തരം പ്രക്ഷോഭകാരിണി, കഴിവുറ്റ ഭരണാധികാരിണി' - ഈ രണ്ട് അഭിനന്ദനങ്ങളും ഒരേസമയം ഏറ്റുവാങ്ങിയ മലയാളിസ്ത്രീയാണ് കെ.ആർ. ഗൗരിയമ്മ. 1987ൽ മുഖ്യമന്ത്രിപദത്തിനടുത്തെത്തിയെങ്കിലും ആ പദവി അവർക്കു ലഭിച്ചില്ലെന്നത് കേരളരാഷ്ട്രീയത്തിന്റെ ഉന്നതമേഖലകളിൽ സ്ത്രീകൾക്കു സ്ഥാനമില്ലെന്ന പരോക്ഷസന്ദേശംതന്നെയായിരുന്നു. 1919ൽ ജനിച്ച ഗൗരിയമ്മ ഈഴവസമുദായത്തിൽനിന്ന് നിയമബിരുദം നേടിയ ആദ്യത്തെ സ്ത്രീയായിരുന്നു. തെരഞ്ഞെടുപ്പുകളിൽ വിജയിക്കാൻ അസാമാന്യമായ കഴിവ് ആദ്യകാലങ്ങളിൽ അവർക്കുണ്ടായിരുന്നു. 1948ലെ തിരുവിതാംകൂറിലെ തെരഞ്ഞെടുപ്പിൽ (പ്രായപൂർത്തിവോട്ടവകാശം നടപ്പിലാക്കിയ ആദ്യത്തെ തെരഞ്ഞെടുപ്പിൽ) വെറും 28 വയസ്സുമാത്രം പ്രായമുണ്ടായിരുന്ന ഗൗരിയമ്മ ചേർത്തലയിൽ മുപ്പത്തിയഞ്ചുശതമാനം വോട്ട് നേടി - ഒരൊറ്റ കമ്യൂണിസ്റ്റ് സ്ഥാനാർത്ഥിപോലും ജയിക്കാത്ത തെരഞ്ഞെടുപ്പിൽ. അക്രമം പ്രചരിപ്പിച്ചുവെന്നാരോപിച്ച് സർക്കാർ അവരെ ജയിലിലടച്ചു. 1952ലെ തിരു-കൊച്ചി നിയമസഭാ തെരഞ്ഞെടുപ്പിൽ അരൂരിൽനിന്ന് അവർ വിജയിച്ചു. ആ സമയത്ത് അവർ ജയിലിലായിരുന്നു. 1977ൽ ഒഴിച്ച് എല്ലാ തെരെഞ്ഞെടുപ്പുകളിലും അവർ അവിടുന്ന് തെരഞ്ഞെടുക്കപ്പെട്ടു. 1987ൽ കേരളനിയമസഭയിലുണ്ടായിരുന്ന രണ്ടേരണ്ട് സി.പി.എം സ്ത്രീ അംഗങ്ങളിൽ ഒരാളായിരുന്നു. പിന്നീട്, സി.പി.എമ്മിനുള്ളിലെ അഭിപ്രായഭിന്നതകൾ രൂക്ഷമായതോടുകൂടി അവർ പാർട്ടി വിടുകയും സ്വന്തം പാർട്ടി രൂപീകരിക്കുകയും ചെയ്തു. അർഹിക്കുന്ന അംഗീകാരം ലഭിച്ചില്ലെങ്കിലും തൊണ്ണൂറാം വയസ്സിൽ, ഇന്നും ഗൗരിയമ്മ മലയാളിസ്ത്രീകളുടെ അഭിമാനമാണ്.


ഇന്ന് സ്ത്രീകളെ പൊതുരംഗത്തെത്തിക്കാൻ പല പരിപാടികളും ആവിഷ്ക്കരിക്കപ്പെടുന്നു. എങ്കിലും താഴേത്തട്ടിലും ചിലപ്പോൾ ഇടയിലുള്ള തട്ടുകളിലും സ്ത്രീകൾ എത്താറുണ്ടെങ്കിലും അധികാരരാഷ്ട്രീയത്തിന്റെ മുകൾത്തട്ടുകൾ പുരുഷന്മാരുടേതാണ്. കീഴ്ത്തട്ടുകളിൽപ്പോലും അധികാരത്തോടടുത്തുനിൽക്കുന്ന നിലകളെല്ലാം പുരുഷന്മാർക്കാണ്. പഞ്ചായത്തുഭരണത്തിൽ ഇപ്പോൾ സ്ത്രീകൾ പലയിടത്തും നന്നായി കഴിവു തെളിയി


67


കേരളത്തിൽ റാണിമാർ ഉണ്ടായിരുന്നോ?

"https://ml.wikisource.org/w/index.php?title=താൾ:Kulastreeyum_Chanthapennum_Undayathengane.djvu/67&oldid=162943" എന്ന താളിൽനിന്ന് ശേഖരിച്ചത്