Jump to content

താൾ:Kulastreeyum Chanthapennum Undayathengane.djvu/60

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പട്ടികയിൽ നിരവധി ബീവിമാരുടെ പേരുകളുണ്ട്. ബ്രിട്ടിഷ്‌ രേഖകൾ പലപ്പോഴും ബീവി ഭർത്താവിന്റെ കയ്യിലാണെന്നൊക്കെ പറയുകയും മറ്റൊരുവശത്ത് ഇവർക്ക് 'ആഴിരാജ' എന്ന സ്ഥാനബിരുദമുണ്ടായിരുന്നെന്ന് പറയുകയും കുടുംബകാരണവർ ഇവരായിരുന്നെന്ന് സമ്മതിക്കുകയുംചെയ്യുന്നു. 1790കളിൽ മൈസൂർ സുൽത്താൻ ടിപ്പുവിനെ ബ്രിട്ടിഷുകാർ തോൽപ്പിച്ചതോടെ മലബാറിലെ എല്ലാ സ്വരൂപങ്ങളും അവരുടെ അധീനതയിലായി. അറയ്ക്കൽ സ്വരൂപത്തിനും സ്വതന്ത്രനില നഷ്ടമായി. പക്ഷേ, ബീവിമാർ കാരണവസ്ഥാനത്തെത്തുന്ന പതിവ് നഷ്ടമായില്ല.

ഇന്ത്യ, ബ്രിട്ടിഷ് ഭരണാധികാരികളുടെ കണ്ണിൽ
നിരവധി സംസ്കാരങ്ങളും ഭാഷകളും ഭരണരീതികളും കുടുംബരൂപങ്ങളും മറ്റും കൂടിച്ചേർന്ന് നിലനിന്നിരുന്ന ഇന്ത്യയിലേക്കാണ് ബ്രിട്ടിഷുകാർ ഭരണാധികാരികളായി വന്നത്. ഇവിടത്തെ അമ്പരപ്പിക്കുന്ന വൈവിദ്ധ്യം ഭരണതാത്പര്യങ്ങൾക്ക് വിലങ്ങുതടിയായി അനുഭവപ്പെട്ടു. ഇന്ത്യൻ സംസ്കാരത്തിനും ജനതയ്ക്കും പുറമെകാണുന്ന വൈവിദ്ധ്യത്തിനു കീഴിലായി ഏകസ്വഭാവമാണുള്ളതെന്നും ആ അന്തഃസത്ത കണ്ടെത്തി ഭരണത്തെ അതിനനുസൃതമായി ചിട്ടപ്പെടുത്തണമെന്നും ബ്രിട്ടിഷ് ഭരണാധികാരികളിൽ ഒരു പ്രബലവിഭാഗം വാദിച്ചു. അവർക്ക് പിൻബലമായത് 'പൗരസ്ത്യവാദം' (orientalism) എന്ന ജ്ഞാനശാഖയായിരുന്നു. ഇന്ത്യയടക്കമുള്ള കിഴക്കൻ സംസ്കാരങ്ങളെക്കുറിച്ച് നിരവധി നൂറ്റാണ്ടുകളായി പാശ്ചാത്യഗവേഷകർ നടത്തിവന്ന പഠനഗവേഷണപ്രവർത്തനങ്ങളിലൂടെ ഉരുത്തിരിഞ്ഞുവന്ന 'പൗരസ്ത്യവാദം' കിഴക്കൻ സമൂഹങ്ങളുടെ വൈവിദ്ധ്യത്തെ മായ്ച്ചുകളയുകയും ഒപ്പം വ്യത്യസ്തതയുടെ ചില വാർപ്പുമാതൃകകൾ (stereotypes)ക്കുള്ളിൽ അവയെ തളയ്ക്കുകയും ചെയ്തു. ഇവ ബ്രിട്ടിഷ് ഭരണയന്ത്രത്തിലൂടെ സ്ഥാപനവൽക്കരിക്കപ്പെട്ടു (ഇന്ത്യയിൽ സ്ത്രീകൾക്ക് പൂർണ്ണ രാജാധികാരത്തിന് അവകാശമില്ലെന്ന ധാരണ ഇത്തരമൊരു വാർപ്പുമാതൃകയിൽനിന്ന് ഉണ്ടായതാണ്). സ്വാതന്ത്ര്യാന്തരകാലത്തുപോലും നാം ഇവയുടെ പിടിയിൽനിന്ന് പൂർണ്ണമായി രക്ഷപെട്ടിട്ടില്ല എന്നതാണ് വാസ്തവം. അധിനിവേശവും ദേശീയതയും തമ്മിലുള്ള ഇത്തരം പങ്കുവയ്ക്കലുകളെ ഗൗരവത്തോടുകൂടി പഠിക്കേണ്ടതാണെന്ന് അധിനിവേശാനന്തര ചരിത്രരചനയുടെ വക്താക്കൾ നിരീക്ഷിക്കുന്നു.

തെക്ക് ഇതായിരുന്നില്ല അനുഭവം. ഇവിടെ ബ്രിട്ടിഷുകാർ അധികാരത്തിലെത്തുംമുമ്പുതന്നെ ഭരണാധികാരിണികളുടെ സ്വതന്ത്രനിലയ്ക്ക് കോട്ടമുണ്ടായി. പതിനെട്ടാംനൂറ്റാണ്ടിൽ, ഇന്നത്തെ കേരളത്തിന്റെ തെക്കൻപ്രദേശങ്ങളിലെ സ്വരൂപങ്ങളെ തിരുവിതാംകൂറിലെ മാർത്താണ്ഡവർമ്മ ആക്രമിച്ച് കീഴടക്കി ഒരൊറ്റ രാജ്യമാക്കി. ആറ്റിങ്ങൽ സ്വരൂപത്തിന്റെയും സ്വതന്ത്രനില ഇല്ലാതായി. മുമ്പ് ആറ്റിങ്ങൽറാണിമാർക്ക് ഏകദേശം 15,000 ഏക്കർ വിസ്തീർണംവരുന്ന പ്രദേശങ്ങൾക്കുമേൽ അധികാരമുണ്ടായിരുന്നു. വിദേശീയരുമായി സ്വതന്ത്ര ഉടമ്പടികളും മറ്റുമുണ്ടാക്കാനുള്ള അധികാരമുണ്ടായിരുന്നു. വാണിജ്യകാര്യങ്ങളിലും ആറ്റിങ്ങൽ റാണി സ്വതന്ത്രയായിരുന്നെന്നും ചരിത്രരേഖകൾ വെളിപ്പെടുത്തുന്നു. ഈ മാർത്താണ്ഡവർമ്മ ഒരു ആറ്റിങ്ങൽ തമ്പുരാട്ടിയുടെ മകനായിരുന്നു. അദ്ദേഹം തമ്പുരാട്ടിമാരുമായി 1747ൽ നടത്തിയ ഉടമ്പടിപ്രകാരം ആറ്റിങ്ങൽസ്വരൂപം പൂർണ്ണമായും തിരുവിതാംകൂറിന്റെ ഭാഗമായി. ഭാവിയിൽ തിരുവിതാംകൂർ വാഴുന്ന രാജാക്കന്മാരെല്ലാവരും ആറ്റിങ്ങൽ റാണിമാരുടെ സന്തതികളായിരിക്കുമെന്ന ഉറപ്പും മാർത്താണ്ഡവർമ്മ നൽകി. ആറ്റിങ്ങൽ തമ്പുരാട്ടിമാർ ഭരണാധികാരികളല്ലാതെയായി. തിരുവിതാംകൂർ രാജാവിന്റെ മാതാക്കൾ എന്ന സ്ഥാനത്തേക്ക് അവരുടെ നില ചുരുങ്ങി (തന്റെ അമ്മമാരായ ആറ്റിങ്ങൽ റാണിമാരെ കൂടുതൽ നന്നായി സേവിക്കാനാണ് ഇതു ചെയ്യേണ്ടിവന്നതെന്ന് മാർത്താണ്ഡവർമ്മ അവകാശപ്പെട്ടത്രെ!). ചുരുക്കിപ്പറഞ്ഞാൽ, റാണിമാരായിരുന്നവർ വെറും അമ്മത്തമ്പുരാട്ടിമാരായി.

ബ്രിട്ടിഷുകാർ അധികാരത്തിലെത്തിയത് മാർത്താണ്ഡവർമ്മയ്ക്കും അദ്ദേഹത്തിന്റെ പിന്മുറക്കാരനായിരുന്ന രാമവർമ്മ ധർമ്മരാജാവിനും ശേഷമായിരുന്നു. ബ്രിട്ടിഷുകാരുടെ ചരിത്രത്തിൽ സ്വന്തം നിലയിൽ രാജ്യംവാണ റാണിമാരുണ്ടായിരുന്നുവെന്നതൊക്കെ നേരുതന്നെ. (എലിസബത്ത് മഹാറാണി, വിക്ടോറിയ മഹാറാണി, രണ്ടാം എലിസബത്ത് മഹാറാണി) പക്ഷേ, ഇവിടെ എത്തിയപ്പോൾ ഇവിടത്തെ രാജാക്കന്മാരുടെ സമ്പ്രദായങ്ങൾ കഴിവതും നിലനിർത്തണമെന്ന അഭിപ്രായമായിരുന്നു പല ബ്രിട്ടിഷ് ഭരണാധികാരികൾക്കും. ഇന്ത്യൻ പ്രവിശ്യകളിലെ ഭരണാധികാരരീതികളെ കാക്കണമെന്ന് അവർക്കു തോന്നിയത് നമ്മോടുള്ള സ്നേഹംകൊണ്ടൊന്നുമല്ല; മറിച്ച് അവരുടെ ഭരണസൗകര്യത്തിനുവേണ്ടിയായിരുന്നു. എന്നാൽ ഇന്ത്യയിൽത്തന്നെ പല പ്രദേശങ്ങളിലും പല സമ്പ്രദായങ്ങൾ നിലവിലുണ്ടായിരുന്നതൊന്നും അവർ പരിഗണിച്ചില്ല.

പക്ഷേ, ഒറ്റനോട്ടത്തിൽ അങ്ങനെ തോന്നുമായിരുന്നില്ല. രാമവർമ്മ ധർമ്മരാജാവിന്റെ മരണശേഷം വളരെ താമസംകൂടാതെ തിരുവിതാംകൂർ ബ്രിട്ടിഷുകാരുടെ പിടിയിലമർന്നു. വേലുത്തമ്പി

60

കേരളത്തിൽ റാണിമാർ ഉണ്ടായിരുന്നോ?


"https://ml.wikisource.org/w/index.php?title=താൾ:Kulastreeyum_Chanthapennum_Undayathengane.djvu/60&oldid=162936" എന്ന താളിൽനിന്ന് ശേഖരിച്ചത്