താൾ:Kulastreeyum Chanthapennum Undayathengane.djvu/39

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ത്താൻ വേണ്ടിയുള്ളവയായിരുന്നുവെന്ന് ചിലർ വാദിച്ചിട്ടുണ്ട്.

അമ്പലവാസിസ്ത്രീകൾ -
കെ പി പത്മനാഭ മേനോൻ - വാള്യം 3, (1929), 1984

എന്തായാലും 19-ാം നൂറ്റാണ്ടിന്റെ അവസാനകാലത്തും 20-ാം നൂറ്റാണ്ടിലും നായർകുടുംബങ്ങളിലെ സ്ത്രീകളുടെ 'സ്വാതന്ത്ര്യം' പലപ്പോഴും 'കുടുംബ ഉത്തരവാദിത്വത്തിന്റെ ഭാരിച്ച ചുമതല' ആയി മാറിയോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു. ഇളമുറക്കാർക്ക് ആധുനികവിദ്യാഭ്യാസം നേടിക്കൊടുക്കാനുള്ള തത്രപ്പാടിൽ കുടുംബങ്ങൾ പലതും ക്ഷയിച്ചു. (അതായത് കുടുംബസ്വത്തുക്കൾ വിറ്റും പണയംവച്ചും മറ്റുമാണ് ഇളമുറക്കാരുടെ വിദ്യാഭ്യാസത്തിനുള്ള പണം കാരണവന്മാർ കണ്ടെത്തിയത്). സ്ത്രീകളുടെയും കുട്ടികളുടെയും സാമ്പത്തികസുരക്ഷയെ ഇതെങ്ങനെ ബാധിച്ചുവെന്നതിനെക്കുറിച്ച് അക്കാലത്തും പിൽക്കാലത്തും രചിക്കപ്പെട്ട സാഹിത്യവും ആത്മകഥകളും ധാരാളം പറയുന്നുണ്ട്. കാരണവരുടെ അധികാരങ്ങളെ അരക്കിട്ടുറപ്പിക്കുന്ന നിയമങ്ങൾ ശക്തമായത് സ്ത്രീകളുടെ പരമ്പരാഗത അധികാരങ്ങളെ ബാധിച്ചിരുന്നു. കഴിവില്ലാത്ത കാരണവന്മാരുടെ ഭരണത്തിൻകീഴിൽ പട്ടിണിയെ സമീപിച്ച പല കുടുംബങ്ങളിലും കഠിനമായ അദ്ധ്വാനത്തിലൂടെ കുടുംബം പുലർത്തിയ സ്ത്രീകളെ പല ആത്മകഥകളും ഓർമ്മിക്കുന്നുണ്ട്. പ്രശസ്ത സാഹിത്യകാരൻ പി. കേശവദേവ് എതിർപ്പ് എന്ന തന്റെ ആത്മകഥയിൽ 20-ാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളിൽ കൊച്ചിപ്രദേശത്തു സ്ഥിതിചെയ്തിരുന്ന കൂട്ടുകുടുംബത്തിൽ തന്റെ അമ്മയുടെ ദൈനംദിനജീവിതത്തെക്കുറിച്ച് ഇങ്ങനെ പറയുന്നു:

നെല്ലുപുഴുങ്ങുക, കുത്തുക, വയ്ക്കുക, വിളമ്പുക, കൃഷിചെയ്യുക മുതലായി നൂറു ജോലികൾക്കിടയിലാണ് കാർത്ത്യായനിയമ്മ പശുക്കളെ ശുശ്രൂഷിക്കുന്നത്. പുല്ലുള്ള സ്ഥലങ്ങൾ കണ്ടുപിടിച്ച് പശുക്കളെ അവിടെക്കൊണ്ടുപോയി കെട്ടുക, ഇടയ്ക്കിടെ അഴിച്ചു മാറ്റിക്കെട്ടുക, കറക്കുക, പാലുകാച്ചുക, തൈരു കലക്കുക, വാങ്ങാൻ വരുന്നവർക്കൊക്കെ യഥാകാലം കൊടുക്കുക, അതെല്ലാം കാർത്ത്യായനിയമ്മതന്നെ ചെയ്യണം... (പുറം. 23)

... കാർത്ത്യായനിയമ്മ രാവുംപകലും പണിയെടുക്കും... പറമ്പിലെല്ലാം അവർതന്നെ കൃഷിചെയ്യും. കാച്ചിലും കിഴങ്ങും വഴുതനയും പടവലവും മറ്റും. അവർതന്നെ കിളയ്ക്കും; അവർതന്നെ നടും; അവർതന്നെ വളമിടും; അവർതന്നെ വെള്ളം കോരും. എല്ലാം പറിച്ചുകൊണ്ടുവന്നു വേവിച്ചാൽ എല്ലാവർക്കുമായി പങ്കിട്ടുകൊടുക്കും... ഉണങ്ങിവീഴുന്ന ഓലയെല്ലാം കാർത്ത്യായനിയമ്മ വെള്ളത്തിലിട്ട് മെടഞ്ഞു വിൽക്കും. പുളിയും പിന്നയ്ക്കായും പറിച്ചുവിറ്റ് കാശാക്കും... കാരണവർ ചെലവിനു തരുന്നതിനുപുറമേ അരിവാങ്ങാൻവേണ്ടിയാണ് അവർ അതെല്ലാം വിൽക്കുന്നത്... (പുറം. 65)

പഴയതിൽനിന്നു പുതിയതിലേക്കുള്ള മാറ്റത്തിനിടയിൽ സ്ത്രീകളുടെ വീട്ടദ്ധ്വാനം വളരെയധികം വർദ്ധിക്കുകയുമുണ്ടായി. വിദ്യാലയങ്ങൾ, സർക്കാർ ഓഫീസുകൾ, കോടതികൾ മുതലായ സ്ഥലങ്ങളിലേക്ക് ജോലിക്കും പഠിപ്പിനും മറ്റുമായി പുരുഷന്മാർ പോയിത്തുടങ്ങിയപ്പോൾ അവരുടെ ആഹാരരീതി, വസ്ത്രധാരണം മുതലായവയിലും മാറ്റം വന്നു. ചോറുപൊതി കൊണ്ടുപോവുക, അലക്കിത്തേച്ച വസ്ത്രം ധരിക്കുക മുതലായ ആവശ്യങ്ങൾ കൂടുതലായി പ്രത്യക്ഷപ്പെട്ടുതുടങ്ങിയതോടെ സ്ത്രീകളുടെ അടുക്കളപ്പണിയെയും മറ്റു വീട്ടുജോലികളെയും കൂടുതൽ ചിട്ടപ്പെടുത്തേണ്ടതായി വന്നു. പ്രശസ്ത സാഹിത്യകാരനായ തകഴി ശിവശങ്കരപ്പിള്ള തന്റെ ആത്മകഥയിൽ (എന്റെ ബാല്യകാലകഥ, തൃശൂർ, 1967) തന്റെ തറവാട്ടിലെ സ്ത്രീകൾക്ക് 'സൺലൈറ്റ്' സോപ്പ് വിപണിയിലെത്തിയതോടെ അതിനോടുണ്ടായ താല്പര്യത്തെക്കുറിച്ച് ഓർമ്മിക്കുന്നുണ്ട്. അതു വരുംമുമ്പ് മുണ്ട് അലക്കി വെളുപ്പിക്കുക എന്ന ജോലി വളരെ ശ്രമകരമായിരുന്നു.


39


പെണ്ണരശുനാടോ? കേരളമോ?

"https://ml.wikisource.org/w/index.php?title=താൾ:Kulastreeyum_Chanthapennum_Undayathengane.djvu/39&oldid=162912" എന്ന താളിൽനിന്ന് ശേഖരിച്ചത്