Jump to content

താൾ:Kulastreeyum Chanthapennum Undayathengane.djvu/38

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കൾക്ക് 'അനൗപചാരികമായ അധികാരം' പലപ്പോഴും സ്വന്തമായിരുന്നു. വി.ടി. ഭട്ടതിരിപ്പാടിന്റെ ആത്മകഥയിൽ ഇതു ധാരാളം പ്രത്യക്ഷമാകുന്നുണ്ട്. അടുക്കളയിൽനിന്ന് അരങ്ങത്തേക്ക് എന്ന തന്റെ നാടകം വി.ടിയുടെ ഇല്ലത്ത് അവതരിപ്പിക്കുന്നതിനെ യാഥാസ്ഥിതികനായ ജ്യേഷ്ഠൻ എതിർത്തപ്പോൾ രക്ഷയ്ക്കെത്തിയത് വൃദ്ധയും വിധവയുമായിരുന്ന ഒരു അച്ഛൻപെങ്ങളായിരുന്നത്രെ. വിവാഹനിലയും സ്ത്രീകൾക്ക് 'അനൗപചാരിക അധികാരം' നൽകി - വിധവയും ചെറുപ്പക്കാരിയുമായ ഒരു സ്ത്രീയുടെ നില ദയനീയമായിരുന്നുവെങ്കിൽ, ഭർത്തൃമതിയും ആൺമക്കളുള്ളവളുമായ ഒരു അന്തർജനത്തിന്റെ നില ഭേദമാകാനിടയുണ്ടായിരുന്നു. എന്നാൽ 'അനൗപചാരിക അംഗീകാര'ത്തെ കണക്കറ്റു പുകഴ്ത്തുന്നതിൽ കാര്യമില്ല - കാരണം അത് തീർത്തും ഉറപ്പില്ലാത്ത ഒന്നായിരുന്നു. എത്ര പ്രതാപിയായ മൂത്ത അന്തർജനത്തിന്റെയും 'അനൗപചാരികസ്വാധീനം' ചെറുപ്പക്കാരിയും സുന്ദരിയും മിടുക്കിയുമായ ഒരു സപത്നിയുണ്ടായാൽ ഇളകുന്ന ഒന്നുമാത്രമായിരുന്നു. അതുപോലെ വിധവയായാൽ, ആൺമക്കൾ മരിച്ചാൽ, കുടുംബത്തിൽ അവരുടെ സ്വാധീനം ഇല്ലാതാകുമായിരുന്നു.

സ്ത്രീപുരുഷന്മാർ ചേർന്നുള്ള വിനോദങ്ങൾ
സ്ത്രീകളും പുരുഷന്മാരും ചേർന്നുള്ള നൃത്തം, ഗാനം, വിനോദം മുതലായവ ഇന്ന് കേരളത്തിൽ വിരളമാണ്. (നാടകംപോലുള്ള കലാരൂപങ്ങളുടെ കാര്യമല്ല പറയുന്നത്) എന്നാൽ മുമ്പ് അത്തരത്തിലുള്ള പല വിനോദങ്ങളുമുണ്ടായിരുന്നു. ഓണക്കാലത്തെ പല കളികളിലും ആണുങ്ങളും പെണ്ണുങ്ങളും ഒത്തുചേർന്നിരുന്നു. മദ്ധ്യതിരുവിതാംകൂറിൽ ഓണക്കാലത്ത് അരങ്ങേറിയിരുന്ന 'ഓണത്തുള്ള'ലിൽ സ്ത്രീകളും പുരുഷന്മാരും ഒരുമിച്ച് ആടുകയും പാടുകയും ചെയ്തിരുന്നു. കുരുത്തോലകൊണ്ട് കിരീടമണിഞ്ഞ് സ്ത്രീകളും തുടികൊട്ടിപ്പാടി; പുരുഷന്മാരും ഇതിൽ കൂടിയിരുന്നു. തുമ്പിതുള്ളാനും ആൺകുട്ടികളും പെൺകുട്ടികളും ഒത്തുചേർന്നിരുന്നു. ആലപ്പുഴഭാഗത്ത് 'ആടുകളി' എന്നൊരു വിനോദമുണ്ടായിരുന്നത്രേ! പരസ്പരം 'നോട്ട'മിട്ട ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പറ്റിയ അവസരമായിരുന്നു ഇതെന്ന് പഴമക്കാർ പറയുന്നുണ്ട്. ജാതിയുടെ അതിർവരമ്പുകളെ പക്ഷേ, ഇവ അധികമൊന്നും മറികടന്നിരുന്നില്ലെന്നും.


ഇതുമാത്രമല്ല, അന്തർജനങ്ങളുടെ ഒതുങ്ങിക്കൂടിയ ജീവിതശൈലിതന്നെ പലതരം പ്രതിരോധങ്ങൾക്ക് അവസരമൊരുക്കിയിരുന്നു. ഭർത്താക്കന്മാരുടെകൂടെയല്ലാതെ വേലക്കാർക്കൊപ്പമുള്ള സഞ്ചാരം, അങ്ങേയറ്റം സ്വകാര്യമായ അന്തഃപുരങ്ങൾ, ഇതൊക്കെ പലതരം രഹസ്യബന്ധങ്ങൾക്ക് ഇടവരുത്തുമെന്നും നമ്പൂതിരിപുരുഷന്മാർ ജാഗരൂകരാകണമെന്നും 20-ാം നൂറ്റാണ്ടിന്റെ ആദ്യവർഷങ്ങളിൽ മലയാള മനോരമ മുന്നറിയിപ്പു നൽകി. സംബന്ധത്തിനുംമറ്റുമായി നായർവീടുകളിലേക്ക് പുരുഷന്മാർ പുറപ്പെട്ടുകഴിഞ്ഞാൽ വീടുമുഴുവൻ സ്ത്രീകളുടെയും വേലക്കാരുടെയും കൈയിലായിരിക്കുമെന്നും അവർ കൂട്ടുചേർന്ന് സദാചാരവിരുദ്ധ പ്രവൃത്തികളിലേർപ്പെടുമെന്നുമായിരുന്നു പത്രത്തിന്റെ ഭയം. നാട്ടുകാരുടെയും വീട്ടുകാരുടെയും കണ്ണുവെട്ടിച്ച് കാമുകനെ അന്തഃപുരത്തിൽ ഒളിപ്പിച്ചു പാർപ്പിച്ച അന്തർജനത്തെക്കുറിച്ചുള്ള കഥയും അന്നു പത്രവാർത്തയായിരുന്നു. ചുരുക്കിപ്പറഞ്ഞാൽ വളരെ കടുത്ത ബന്ധനങ്ങൾക്കുള്ളിലും ഈ സ്ത്രീകൾ സക്രിയർതന്നെയായിരുന്നു.

നായർ-അമ്പലവാസി സ്ത്രീകൾ പരമ്പരാഗതവ്യവസ്ഥയിൽ 'അതിസ്വതന്ത്രരാ'യിരുന്നുവെന്നു പറയുന്ന ധാരാളം പുസ്തകങ്ങളുണ്ട്. ബ്രിട്ടിഷ്പൂർവ്വകാലത്തെ പല രേഖകളും ഇതിനെ പിന്താങ്ങുന്നുമുണ്ട്. പല വസ്തുതകളും നമുക്ക് പരിചിതങ്ങളുമാണ്.

നായർസ്ത്രീക്ക് ഭർത്താവിനെ വേണ്ടെന്നു തോന്നിയാൽ പായചുരുട്ടി പുറത്തുവയ്ക്കണ്ടകാര്യമേ ഉണ്ടായിരുന്നുള്ളൂവെന്നും മറ്റുമുള്ള വിവരണങ്ങൾ എല്ലാവർക്കും അറിയാം. അതുപോലെ മിക്ക കുടുംബങ്ങളിലും പ്രതാപികളായ വല്യമ്മമാരെപ്പറ്റിയുള്ള പഴങ്കഥകളുണ്ട്. ഒറ്റയ്ക്കു കുടുംബത്തെ കടത്തിൽനിന്നു രക്ഷപ്പെടുത്തിയവർ, രാത്രികാലങ്ങളിൽ വിളകൾക്കു കാവൽനിന്നവർ, കിണറ്റിലിറങ്ങി വീണുപോയ തൊട്ടിയെടുത്തവർ, തെങ്ങിൽക്കയറി തേങ്ങയിട്ടവർ - ഇങ്ങനെയൊക്കെ. നായർസ്ത്രീകൾക്ക് സഞ്ചാരസ്വാതന്ത്ര്യവും അന്യപുരുഷന്മാരോട് സംസാരിക്കാനുള്ള സ്വാതന്ത്ര്യവും ഉണ്ടായിരുന്നതായി പറയപ്പെടുന്നു. ഇതിലൊക്കെ വലിയൊരളവുവരെ സത്യവുമുണ്ടായിരുന്നുവെന്നാണ് രേഖകളുടെ സൂക്ഷ്മവായനയിൽനിന്ന് വ്യക്തമാകുന്നത്. പക്ഷേ, അന്തർജനങ്ങൾ 'മൂകരും നിസ്സഹായകളു'മായിരുന്നുവെന്ന സാമാന്യധാരണപോലെത്തന്നെ അതിശയോക്തിപരമല്ലേ നായർ സ്ത്രീകളുടെ 'സ്വാതന്ത്ര്യ'മെന്നും ആലോചിക്കേണ്ടതുണ്ട്. ഒന്നാമത്, ജാതിയുടെ ഉച്ചനീചത്വശ്രണിക്കു കീഴ്പ്പെട്ട സ്വാതന്ത്ര്യമേ അവർക്കുണ്ടായിരുന്നുള്ളു - ജാതിക്കു താഴെയുള്ളവരുമായി സംസർഗ്ഗമുണ്ടായാൽ നായർസ്ത്രീ ജാതിക്കു പുറത്തായിരുന്നു. മദ്ധ്യകാലത്ത് കേരളത്തിൽ നിലവിലുണ്ടായിരുന്ന 'പുലപ്പേടി', 'മണ്ണാപ്പേടി' തുടങ്ങിയ ആചാരങ്ങൾ നായർസ്ത്രീയുടെ 'സ്വാതന്ത്ര്യ'ത്തെ പരിമിതപ്പെടു

38

പെണ്ണരശുനാടോ? കേരളമോ?


"https://ml.wikisource.org/w/index.php?title=താൾ:Kulastreeyum_Chanthapennum_Undayathengane.djvu/38&oldid=162911" എന്ന താളിൽനിന്ന് ശേഖരിച്ചത്