താൾ:Kulastreeyum Chanthapennum Undayathengane.djvu/23

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

യെക്കുറിച്ചു ചിന്തിക്കുന്ന രീതിയെ ഭൂതകാലത്തെപ്പറ്റി നമുക്കുള്ള ധാരണകൾ തീർച്ചയായും സ്വാധീനിക്കുന്നുണ്ട്. നമ്മുടെ ദൈനംദിനജീവിതവും നാം നേരിടുന്ന വെല്ലുവിളികളും എങ്ങനെയുണ്ടായിയെന്ന് നമുക്കു പറഞ്ഞുതരുന്ന വിജ്ഞാനശാഖയാണ് ചരിത്രം. ജീവിതത്തെ ഏറ്റവുമടുത്ത് ബാധിക്കുന്ന കാര്യങ്ങളെക്കുറിച്ച് അറിവുതരുന്ന പഠനമാണ് ചരിത്രപഠനം. പക്ഷേ, മേലാളചരിത്രത്തെ "നിഷ്പക്ഷ'ചരിത്രമായി വച്ചു പൂജിക്കുന്നിടത്തോളം കാലം ഈ പുതിയ ബോധമൊന്നും ചരിത്രപഠനത്തിലൂടെ ഉണ്ടാകാനിടയില്ല.

കേരളത്തിൽ ഇന്നു ലഭ്യമായ ചരിത്രപഠനങ്ങളിൽ സ്ത്രീകളുടെ സാന്നിദ്ധ്യം എത്രത്തോളമുണ്ട്? പുരാതന-മദ്ധ്യകാലങ്ങളിലെ സ്ത്രീകളെപ്പറ്റി പല പരാമർശങ്ങളും ലഭ്യമായ ചരിത്രസാമഗ്രികളിലുണ്ടെങ്കിലും ഈ പ്രദേശത്തെ പുരാതന-മദ്ധ്യകാല സാമൂഹ്യസാഹചര്യങ്ങളെ സ്ത്രീചരിത്രരചനയുടെ കണ്ണുകളിലൂടെ വിലയിരുത്തുന്ന വിപുലമായ പഠനങ്ങൾ ഇനിയുമുണ്ടായിട്ടില്ല എന്നതാണ് സത്യം. "കേരളത്തിലെ സ്ത്രീകളുടെ പഴയനില വളരെ മെച്ചമായിരുന്നു; അതിന് തെളിവാണ് വടക്കൻപാട്ടുകളിലെ ഉണ്ണിയാർച്ചയുടെ കഥ" എന്നൊക്കെ ചില പ്രസംഗങ്ങളിലും മറ്റും നാം കേൾക്കാറുണ്ട്. ഈ പ്രസ്താവത്തിന് തീരെ ബലംപോരെന്നു പറയാതെ വയ്യ. ഒരു ഉണ്ണിയാർച്ചയെയല്ലേ നാം കണ്ടുള്ളൂ? അതിൽനിന്നും ഇവിടത്തെ സ്ത്രീകളെല്ലാവരും പയറ്റിത്തെളിഞ്ഞവരായിരുന്നുവെന്ന് കരുതുന്നത് ശരിയോ? അന്നത്തെ സമൂഹത്തിൽ പല തട്ടുകളിൽ ജീവിച്ച സ്ത്രീകളെപ്പറ്റിയുള്ള വിവരങ്ങൾ ശേഖരിച്ചുകൊണ്ടുള്ള ചിട്ടയായ ചരിത്രരചന ഇനിയും നടക്കാനിരിക്കുന്നതേയുള്ളുവെന്നതാണ് വസ്തുത.

പക്ഷേ, മറ്റൊരുവിധത്തിൽ സ്ത്രീകൾ പലപ്പോഴും "നിഷ്പക്ഷകേരളചരിത്ര'ത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ടെന്നതാണ് കൗതുകകരമായ കാര്യം. ഒരു സമൂഹത്തിന്റെ അവസ്ഥയെ വിലയിരുത്താനുള്ള എളുപ്പവഴി, അവിടുത്തെ സ്ത്രീകളുടെ നിലയെക്കുറിച്ച് അന്വേഷിക്കലാണെന്ന വിശ്വാസം വളരെ മുമ്പേ നമ്മുടെയിടയിൽ പ്രചാരത്തിലുള്ള ഒന്നാണ്. ഒറ്റനോട്ടത്തിൽ ഇതു സ്ത്രീകൾക്ക് ലഭിച്ച അഭിനന്ദനമാണെന്നു തോന്നിയേക്കാം. പക്ഷേ, കൂടുതലാലോചിച്ചാൽ ഈ അഭിനന്ദനം സമൂഹത്തിന്റെ നന്മ, സദാചാരം, പുരോഗതി മുതലായവയ്ക്കുള്ള ഉത്തരവാദിത്വത്തിന്റെ കൂടുതൽഭാഗം സ്ത്രീകളിൽ നിക്ഷിപ്തമാക്കുന്നുവെന്ന് കാണാം. 'നിഷ്പക്ഷചരിത്ര'ത്തിൽ സ്ത്രീകൾ ഇത്തരമൊരു അളവുകോലായിമാത്രം പ്രത്യക്ഷപ്പെടുന്നു. സ്ത്രീകളുടെ വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ കാര്യങ്ങളെക്കുറിച്ചുള്ള കണക്കുകൾ അവതരിപ്പിച്ചുകൊണ്ട് ആ സമൂഹത്തിന്റെ നിലയെക്കുറിച്ച് "നിഷ്പക്ഷചരിത്ര'രചയിതാക്കൾ നിഗമനങ്ങളിലെത്തും. അക്കാലങ്ങളിലെ സ്ത്രീകളുടെ ചരിത്രാ


23


ചരിത്രപഠനം കൊണ്ട് എന്തു കാര്യം?

"https://ml.wikisource.org/w/index.php?title=താൾ:Kulastreeyum_Chanthapennum_Undayathengane.djvu/23&oldid=162872" എന്ന താളിൽനിന്ന് ശേഖരിച്ചത്