ബോധവും സാമുദായികചിന്തയും എല്ലാം അങ്ങനെ അടുക്കളയിൽത്തന്നെവച്ചു സൂക്ഷിക്കുകയാണെന്നു പറയേണ്ടിയിരിക്കുന്നു. നമ്മുടെ സമുദായത്തിന്റെ ഏറ്റവും വലിയ അവകാശം സ്വാധീനപ്പെടുത്തി സംരക്ഷിക്കുന്നതിന് ഇപ്പോൾ നടക്കുന്ന നിവർത്തനപ്രവർത്തനത്തിന്റെ വിജയകരമായ നടത്തിപ്പിനു നമുക്കു സത്വരമായ പലതും ചെയ്യുവാൻ കഴിയും.
.... നിവർത്തനപ്രക്ഷോഭണം സമാധാനത്തിനുടവുണ്ടാക്കുന്നു എന്നു പൊലീസുകാർ റിപ്പോർട്ടുചെയ്കയാൽ അധികാരമുള്ള ഡിവിഷൻ ഉദ്യോഗസ്ഥന്മാർ രാഷ്ട്രീയയോഗങ്ങളെ നിരോധിച്ചിരിക്കുന്നു... ഇനി സഭകൾ കൂടി പ്രസംഗങ്ങൾ ചെയ്തിട്ട് ആവശ്യമില്ല. അടുത്ത തിരഞ്ഞെടുപ്പിൽ അവശസമുദായങ്ങളിലെ ഒരാൾപോലും വോട്ടുചെയ്യാതിരിക്കുവാൻവേണ്ട കരുതലുകൾ ചെയ്താൽമതി. ആ കാര്യം പെണ്ണുങ്ങൾക്കു വീടുകളിൽ ഇരുന്നുതന്നെ നിർവഹിക്കാവുന്നതാകുന്നു. സമ്മതിദായകർ അധികവും സഹോദരന്മാരും ഭർത്താക്കന്മാരും മറ്റു രക്ഷകർത്താക്കളും ആയിരിക്കും. അവരെ അവശ്യം അവശ്യമായ ഈ വിഷയത്തിൽ നമുക്കു വിജയകരമായ വിധത്തിൽ നിയന്ത്രിക്കാവുന്നതാണ്.
(കെ. ഗോമതി, 'സ്ത്രീകളും നിവർത്തനവും' മലയാള മനോരമ, ഏപ്രിൽ 20,1933)
ആധുനികകുടുംബിനിക്കു സ്വതഃസിദ്ധമെന്ന് സമുദായപരിഷ്ക്കർത്താക്കൾ കൽപ്പിച്ച 'സൗമ്യാധികാര'ത്തെ നിവർത്തനത്തിനുവേണ്ടി പ്രയോജനപ്പെടുത്തണമെന്നാണ് ഗോമതിയടെ നിർദ്ദേശം. > കാണുക പുറം 76 < ഇതിനു പ്രചോദനമായി അവർ ചൂണ്ടിക്കാണിക്കുന്നത് ഗാന്ധിയൻ സമരങ്ങളിലെ സ്ത്രീപങ്കാളിത്തത്തെയാണ്. ഇതിലും സ്ത്രീയുടെ 'യഥാർത്ഥ'മായ, അല്ലെങ്കിൽ 'പ്രകൃതിനിർണ്ണിതമായ' ഇടം കുടുംബമാണെന്ന ധാരണ അടിസ്ഥാനപരമായി ചോദ്യംചെയ്യപ്പെട്ടില്ല. സമുദായങ്ങൾക്കുള്ളിൽ നടന്ന ചോദ്യംചെയ്യലുകളിൽ ആ സാദ്ധ്യത, ഒരു പരിധിവരെയെങ്കിലും, നിലവിലുണ്ടായിരുന്നു. 1927ലെ കേരളീയ കത്തോലിക്കാ കോൺഗ്രസിന്റെ നാലാം സമ്മേളനത്തിൽ നടന്ന സ്ത്രീസമ്മേളനം സ്ത്രീകൾ തമ്മിലുള്ള ആശയസംഘട്ടനത്തിന്റെ രംഗമായിത്തീർന്നത് മലയാള മനോരമ വാർത്തയാക്കി. ഇതിൽ പ്രസംഗിച്ചവരിൽ മിസ്. എ.ടി. മേരി എന്ന പ്രാസംഗിക സംസാരിച്ചത്, 'ഭർത്തൃശുശ്രൂഷ, മൗനം, സ്ത്രീ ഭർത്താവിന്റെ ഹിതാനുവർത്തിയും ആലോചനക്കാരിയുമിയിരിക്കേണ്ടതിന്റെ ആവശ്യകത' ഇവയെപ്പറ്റിയായിരുന്നു.
സ്ത്രീകളും സമരങ്ങളും