Jump to content

താൾ:Kulastreeyum Chanthapennum Undayathengane.djvu/207

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഇതിനുശേഷം 1980കളിലാണ് വീണ്ടും സ്ത്രീകളുടെ പൂർണ്ണപൗരത്വമില്ലായ്മയെക്കുറിച്ചുള്ള ചർച്ച സജീവമായത്. സ്ത്രീവാദം ഇവിടെ പ്രത്യക്ഷപ്പെട്ട സമയമായിരുന്നു അത്. സ്ത്രീകളെ ഒരു പ്രത്യേകവിഭാഗമായി കണക്കാക്കാമെന്നും അവർക്ക് പ്രത്യേകമായി ആവശ്യങ്ങളും അവകാശങ്ങളും നേടിയെടുക്കാനുണ്ടെന്നുമുള്ള വാദം വീണ്ടും സജീവമായി. 1990കളിൽ ജനകീയാസൂത്രണം, അധികാര വികേന്ദ്രീകരണം എന്നിവയിലൂടെ സ്ത്രീകൾക്ക് പ്രത്യേക വികസനഫണ്ട് (Women's Component Plan), 33 ശതമാനം സീറ്റ് സംവരണം എന്നിവ നിലവിൽവന്നു. ഇത് മുൻകാലസ്ത്രീവാദികളുടെ ആവശ്യങ്ങൾ നിറവേറ്റുന്നുവെന്ന് പ്രത്യക്ഷത്തിൽ തോന്നാം. പക്ഷേ, ഫലത്തിൽ ഇത് സ്ത്രീകളുടെ പൗരാവകാശങ്ങളുടെ അംഗീകാരമാകണമെങ്കിൽ സ്ത്രീകൾതന്നെ ഇറങ്ങി പ്രവർത്തിച്ചേ മതിയാകൂ. സ്ത്രീകളുടെ ചരിത്രപരമായ അവകാശം എന്നതിനുപകരം വികസനത്തിനും കുടുംബങ്ങളുടെ ക്ഷേമത്തിനും സ്ത്രീകളെ വിനിയോഗിക്കലായി ഈ ജനാധിപത്യപരീക്ഷണം അധഃപതിക്കാതിരിക്കാൻ സ്ത്രീകൾ തന്നെ പരിശ്രമിക്കേണ്ടതുണ്ട്. ഇന്ന് ഏറ്റവുംനല്ല പ്രവർത്തനം കാഴ്ചവച്ച്, കഴിവുതെളിയിച്ച വനിതാ പഞ്ചായത്ത് അദ്ധ്യക്ഷകൾപോലും പലപ്പോഴും കുടുംബത്തിന്റെ അന്യായമായ പിന്നോട്ടുവലി സഹിക്കുന്നവരാണ്; അതുപോലെ സദാചാരക്കുരുക്കുകൾ അവരെയും വല്ലാതെ ബന്ധിക്കുന്നുണ്ട്. എത്ര പരോപകാരിയും സമർത്ഥയുമാണെങ്കിലും ഒരു പഞ്ചായത്ത്പ്രവർത്തക 'ചീത്ത'യാണെന്ന് ആ നാട്ടിൽ വരുത്തിത്തീർത്താൽ അവളുടെ രാഷ്ട്രീയഭാവി അടഞ്ഞുപോകുമെന്ന അവസ്ഥപോലുമുണ്ട്! ഇവിടെയാണ് പൂർണ്ണപൗരത്വത്തിന്റെ പ്രസക്തി. സ്വകാര്യജീവിതത്തിലേക്കുള്ള ഒളിഞ്ഞുനോട്ടം പൗരത്വലംഘനമാണ്. മറ്റുള്ളവർക്ക് ഹാനികരമില്ലാത്തിടത്തോളം ഇഷ്ടമുള്ളരീതിയിൽ സ്വകാര്യജീവിതംനയിക്കാനുള്ള അവകാശം ഓരോ പൗരയ്ക്കും പൗരനുമുണ്ട്. അത് നേടിയെടുക്കാനുള്ള മനഃശക്തി നമുക്കുണ്ടാകാനിടവരട്ടെ. പൊതുസ്ഥലങ്ങളിൽ പേടികൂടാതെ ഏതുസമയത്തും സഞ്ചരിക്കാനും സ്ത്രീകളെ മാത്രം അധികമായി കുരുക്കുന്ന ഇരട്ടസദാചാരത്തെ തള്ളിക്കളഞ്ഞ് പൂർണ്ണപൗരത്വത്തിലെത്താനും നമുക്കു കഴിയണം. ഈ സമരം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല എന്നാണ് ഈ അദ്ധ്യായത്തിൽ പറയാൻ ശ്രമിച്ചത്; ബഹുദൂരം മുന്നോട്ട് പോകാനുണ്ടെന്നും.


float
float


കൂടുതൽ ആലോചനയ്ക്ക്

തൊഴിൽരംഗത്തേക്ക് സ്ത്രീകൾ കടന്നാൽ, അതായത് അവർ വീടിനുപുറത്ത് പ്രതിഫലം ലഭിക്കുന്ന ജോലികളിൽ ഏർപ്പെട്ടാൽ - പൗരാവകാശങ്ങൾ പിന്നാലെ വന്നുകൊള്ളും എന്ന ധാരണ നമ്മുടെയിടയിലും സാമൂഹ്യശാസ്ത്രചർച്ചകളിലും വികസനനയങ്ങളിലും എല്ലായിടത്തും ഇന്ന് സർവ്വസാധാരണയായി കാണാറുണ്ട്. സ്ത്രീകൾക്കായി നടപ്പാക്കുന്ന വികസന പരിപാടികൾ പലതും ഈ ധാരണയെ മുൻനിർത്തിക്കൊണ്ടുള്ളവയാണ്. എന്നാൽ കാര്യങ്ങൾ അത്ര ലളിതമല്ലെന്നാണ് ഈ അദ്ധ്യായത്തിലെ പരിശോധന വെളിവാക്കുന്നത്. സ്ത്രീകൾ ജോലിയെടുക്കാൻ തയ്യാറായതിനു കാരണം പൂർണ്ണപൗരത്വകാംക്ഷ മാത്രമായിരുന്നില്ലെന്നും വ്യക്തമാണ്. പൊതുരംഗത്ത് ഒന്നുചേർന്ന് സമരംചെയ്യുന്നതിലൂടെയാണ് സ്ത്രീകളുടെ അവകാശങ്ങൾ വർദ്ധിച്ചതെന്നും അല്ലാതെ, 'കാലത്തിന്റെ മാറ്റ'ത്തിൽ തന്നെത്താൻ നടപ്പിലായതല്ലെന്നും ലോകസ്ത്രീചരിത്രം തെളിയിക്കുന്നു. 'പുരോഗതി', 'വികസനം' മുതലായ നമ്മുടെ സങ്കൽപ്പങ്ങളെ ഇതെങ്ങനെ ബാധിക്കുന്നു? ⚫

"https://ml.wikisource.org/w/index.php?title=താൾ:Kulastreeyum_Chanthapennum_Undayathengane.djvu/207&oldid=162847" എന്ന താളിൽനിന്ന് ശേഖരിച്ചത്