താൾ:Kulastreeyum Chanthapennum Undayathengane.djvu/206

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


ക്കാതെ... നടക്കുന്നു? ഇങ്ങനെയുള്ളവരുടെ ഭാര്യമാരായിരിപ്പാൻ യോഗംവന്ന ചില സ്ത്രീകളായിരിക്കും റെയിൽവേസ്റ്റേഷനിലും മറ്റും ഇറങ്ങി സോഡയും ലെമണേഡും കഴിക്കുന്നതായി മിസ്റ്റർ മേനോൻ കണ്ടു എന്നുപറയുന്നത്.

(സി. പി. കല്യാണിയമ്മ, 'അനുകരണഭ്രമം', ലക്ഷ്മീഭായി 10(12), 1915)


തങ്ങൾക്ക് പാർക്കുകളിൽ ചുറ്റിക്കറങ്ങാനോ നാടകാശാലകളിൽ പോകാനോ ഒന്നും ആഗ്രഹമില്ലെന്നുപോലും ഇവർ പറഞ്ഞുകളഞ്ഞു! അതൊക്കെ 'പാശ്ചാത്യസ്ത്രീകളുടെ' ശീലങ്ങളാണത്രെ! ആർക്കും ക്ഷതമുണ്ടാകാത്ത ആനന്ദത്തിലേർപ്പെടാൻ ഓരോ പൗരനും പൗരയ്ക്കും അവകാശമുണ്ട്. ആ അവകാശമാണ് ഇവിടെ അടിയറവച്ചത്. അതുപോലെ സ്ത്രീകൾക്ക് ജോലി വേണമെന്ന് വാദിച്ചവർപോലും കഴിവതും വീടിനു ചുറ്റുമെവിടെങ്കിലും സ്ത്രീകൾക്ക് ജോലി കൊടുക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. സ്ത്രീകളുടെ സൗകര്യംനോക്കിയാണ് ഈ അപേക്ഷയുണ്ടായതെങ്കിലും 'ആദ്യം കുടുംബം, പിന്നെ ജോലി' എന്ന പരിഗണനാക്രമത്തെ ഉറപ്പിക്കാനാണ് ഇതു സഹായകമായത്. ഉദാഹരണത്തിന് കൊച്ചിയിൽ 1930കളിൽ നിലവിലുണ്ടായിരുന്ന അദ്ധ്യാപികമാരുടെ സംഘടന - 'കൊച്ചി ഉപാദ്ധ്യായനീസംഘം' - 1934ലെ സമ്മേളനത്തിൽ വിവാഹിതകൾക്ക് സർക്കാർജോലി നിഷേധിക്കാനുള്ള നീക്കത്തെ എതിർത്തു. പക്ഷേ, സ്ത്രീകൾക്ക് അവരുടെ വീടിനടുത്തുള്ള സ്ഥലങ്ങളിൽ ജോലി കൊടുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. സ്ത്രീകളെപ്പോലെ പുരുഷന്മാർക്കും കുടുംബത്തിൽ ഉത്തരവാദിത്വമുണ്ടെന്ന കാര്യം വ്യക്തമാണല്ലോ. എന്നാൽ അവരുടെ ജോലിക്കാര്യത്തിൽ ഇത്തരമൊരു പരിഗണന ഉണ്ടാകണമെന്ന് ആരും നിർദ്ദേശിച്ചില്ല.

ഈ ആന്തരികബലഹീനതകൾക്കു പുറമേ രാഷ്ട്രീയപ്രസ്ഥാനങ്ങളുടെ നിലപാടിനെപ്പറ്റി പറഞ്ഞുവല്ലോ. വാസ്തവത്തിൽ സ്ത്രീകളെ അണിനിരത്താൻ എല്ലാ രാഷ്ട്രീയപ്രസ്ഥാനങ്ങളും തയ്യാറായെങ്കിലും സ്ത്രീകളുടെ പൂർണ്ണപൗരത്വത്തിനുവേണ്ടി സമരംചെയ്യാൻ പൊതുവേ അധികം പേരില്ലായിരുന്നു. 1955ൽ ഈ കുറവിനെക്കുറിച്ച് കുറിക്കുകൊള്ളുന്ന ഭാഷയിൽ 'കുമാരി സരസ്വതി' (ഭാഷാശൈലി കണ്ടാൽ കെ.സരസ്വതിയമ്മയല്ലേയെന്നു സംശയിച്ചുപോകും) എഴുതി:

DownArrow.png

പുരുഷന്മാർ ഇന്നു ഭാഗ്യവാന്മാരാണ്. കാരണം ഞങ്ങൾക്കിന്ന് ഒരു സംഘടനയില്ല. ഞങ്ങളുടേതായ ഒരു സംഘടന ഞങ്ങളുടെ അടിമത്വം മാറ്റുന്നതിനും അവശതനീക്കുന്നതിനും കരുത്തും കാര്യശേഷിയുമുള്ള ഒരു സംഘടന ഇല്ലതന്നെ.

('വനിതാസംഘടന', കൗമുദി ആഴ്ചപ്പതിപ്പ്, 9, മെയ് 1955)


കോൺഗ്രസ്സുകാരും കമ്മ്യൂണിസ്റ്റുകാരും സ്ത്രീസംഘടനകൾ ഉണ്ടാക്കുന്നെങ്കിലും പാർട്ടികളുടെയും വർഗ്ഗങ്ങളുടെയും പ്രശ്നങ്ങൾക്കാണ് മുൻതൂക്കമെന്ന് അവർ ചൂണ്ടിക്കാണിച്ചു. ഇവയ്ക്ക ബദലായി സ്ത്രീകളുടെ പ്രശ്നങ്ങൾക്കെതിരെ - പുരുഷാധിപത്യം അവരിൽ അടിച്ചേൽപ്പിക്കുന്ന ഭാരങ്ങൾക്കെതിരെ - പോരാടാൻ കരുത്തുള്ള ഒരു വനിതാസംഘടന കെട്ടിപ്പടുക്കണമെന്ന് അവർ നിർദ്ദേശിച്ചു.

1930ലെ സിവിൽ നിയമലംഘനപ്രക്ഷോഭകാലത്ത് മലബാറിൽ ഉയർന്നുവന്ന അനേകം സ്ത്രീ സംഘടനകളിലൊന്നായിരുന്നു 'കേരള മഹിളദേശസേവികാസംഘം'. ഈ പ്രക്ഷോഭകാലത്ത് വടകരവച്ചു നടന്ന പ്രാദേശികസമ്മേളനത്തിൽ ദേശീയത, ഗാന്ധിയൻജീവിതശൈലി എന്നിങ്ങനെ പല പൊതുവിഷയങ്ങളെയും താൽപര്യങ്ങളെയും പിന്താങ്ങിക്കൊണ്ട് പ്രമേയം പാസാക്കിയ സ്ത്രീകളായ ദേശീയപ്രവർത്തകർ, പക്ഷേ, സ്വന്തം പൗരത്വതാൽപര്യങ്ങളെ മറന്നില്ല. സർക്കാരുദ്യോഗത്തിൽ സംവരണത്തിലൂടെ സ്ത്രീകൾക്ക് ജനസംഖ്യാനുപാതികമായ പ്രാതിനിധ്യം ഉറപ്പാക്കണമെന്ന പ്രമേയവും അവർ പാസാക്കി. അതുപോലെ ഇന്ത്യയിലെ അന്നത്തെ പ്രധാനപ്പെട്ട സ്ത്രീപ്രസ്ഥാനമായിരുന്ന അഖിലേന്ത്യാ സ്ത്രീസംഘം മലബാറിൽ വളർന്നത് അന്നത്തെ ദേശീയപ്രസ്ഥാനത്തിന്റെ മുൻനിരക്കാരായ സ്ത്രീകളിലൂടെയായിരുന്നു. 1930ൽ എം. കാർത്യായനി അമ്മയായിരുന്നു സെക്രട്ടറി. തലശ്ശേരി, കോഴിക്കോട്, തൃശൂർ എന്നിവിടങ്ങളിൽ ഈ സംഘടനടയ്ക്ക് ശാഖകളുണ്ടായിരുന്നു. കോഴിക്കോടുള്ള ദേശീയപ്രവർത്തകർ എല്ലാവർഷവും സംഘടിപ്പിച്ചുവന്ന 'സ്വദേശിപ്രദർശനങ്ങളിൽ' അഖിലേന്ത്യാ സ്ത്രീസംഘം വളരെ സജീവമായി പങ്കെടുത്തിരുന്നു. തിരുവിതാംകൂർ, കൊച്ചി പ്രദേശങ്ങളോടു താരതമ്യംചെയ്യുമ്പോൾ നേരിട്ടുള്ള വിദേശഭരണത്തിനു കീഴിലായിരുന്ന മലബാറിലെ സ്ത്രീപ്രവർത്തകർ പൗരാവകാശങ്ങളെക്കാൾ പ്രധാനം വിദേശഭരണത്തിൽനിന്നുള്ള സ്വാതന്ത്ര്യമാണെന്നു കരുതി. എങ്കിൽപ്പോലും ദേശീയപ്രവർത്തനത്തിലും പൗരാവകാശങ്ങളുടെ ആവശ്യം ഉയർത്താൻ സ്ത്രീപ്രവർത്തകർ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ഈ ദൃഢനിശ്ചയമാണ് 1950കളായപ്പോഴേക്കും സ്ത്രീകൾക്ക് നഷ്ടമായത്. അപ്പോഴേക്കും സ്വന്തം പൗരാവകാശങ്ങൾ അത്ര പ്രധാനമല്ലെന്നുപോലും ചിലർക്ക് തോന്നിയിരുന്നു.

206

കുടുംബിനിയോ പൗരയോ?


"https://ml.wikisource.org/w/index.php?title=താൾ:Kulastreeyum_Chanthapennum_Undayathengane.djvu/206&oldid=162846" എന്ന താളിൽനിന്ന് ശേഖരിച്ചത്