താൾ:Kulastreeyum Chanthapennum Undayathengane.djvu/200

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


പ്പോൾ അവരെ സുറിയാനി ക്രിസ്ത്യാനി സ്ഥാനാർത്ഥിയായി ചിത്രീകരിക്കാനും അവർക്കെതിരെ അശ്ലീലചുവരെഴുത്തുകൾ നടത്താനും തയ്യാറായ കൂട്ടർ തിരുവനന്തപുരത്തുണ്ടായിരുന്നു. അക്കാമ്മ ചെറിയാൻ തിരുവിതാംകൂറിലെ ദിവാൻവിരുദ്ധജനാധിപത്യപ്രക്ഷോഭത്തിന്റെ നായികയായപ്പോൾ അവരെ 'തിരുവിതാംകൂറിന്റെ വിശുദ്ധ ജോവാൻ ഓഫ് ആർക്ക്' എന്നു ക്രിസ്ത്യാനികളും 'വേലുത്തമ്പിയുടെ പിന്മുറക്കാരി' എന്ന് ഹിന്ദുക്കളും ചിത്രീകരിച്ചു. > കാണുക പുറം 217, 223 < ഇടുങ്ങിയ സമുദായസ്വത്വങ്ങൾക്കപ്പുറം 'സ്ത്രീ' എന്ന സ്വത്വ ത്തിന് വളരാൻ കഴിഞ്ഞില്ലെന്നതാണ് വാസ്തവം.

സ്ത്രീകൾക്ക് ഉദ്യോഗങ്ങൾ കിട്ടാനിടയായതും ഇതുപോലെ വലിയ വാദപ്രതിവാദങ്ങൾക്ക് ശേഷമായിരുന്നു. അവിടെയും വിജയം ഭാഗികമായിരുന്നുവെന്നേ പറയാൻ കഴിയൂ. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ തിരുവിതാംകൂറിലും കൊച്ചിയിലും സ്ത്രീകൾ പൊതുവിദ്യാഭ്യാസവകുപ്പിനു കീഴിൽ അദ്ധ്യാപികമാരായും അസിസ്റ്റന്റ് ഇൻസെപ്ക്ട്രസ്സുമാരായും ആരോഗ്യവകുപ്പിൽ നഴ്സുമാരായും മറ്റും ജോലിനോക്കിത്തുടങ്ങിയിരുന്നു. ഈ കാലം മുതൽക്കുതന്നെ 'വിവാഹിതകളായ സ്ത്രീകൾക്ക് സർക്കാർ ജോലി കൊടുക്കരുത്' എന്ന പല്ലവി ഇവിടങ്ങളിലും മലബാറിലും കേട്ടുതുടങ്ങി യിരുന്നു. അന്നു നായർസമുദായപ്രവർത്തനരംഗത്തെ പ്രമുഖയും ഉദ്യോഗസ്ഥയുമായിരുന്ന കെ. ചിന്നമ്മയെപ്പോലുള്ളവർ ഇതിനെ എതിർത്ത് സർക്കാരിന് നിവേദനം സമർപ്പിച്ചിരുന്നു. > കാണുക പുറം 155 < 1920കളിൽ ആരോഗ്യവകുപ്പിലെ നഴ്സുമാരുടെ സേവനവ്യവസ്ഥകളെച്ചൊല്ലി വീണ്ടും ഒച്ചപ്പാടുണ്ടായി. അവിവാഹിതകൾക്കേ ജോലികൊടുക്കാവൂ എന്ന നിയമം അനാവശ്യമാണെന്ന് പുരോഗമനപക്ഷക്കാരായ സ്ത്രീപുരുഷന്മാർ വാദിച്ചു. ഇക്കാര്യം 1926ൽ തിരുവിതാംകൂർ നിയമനിർമ്മാണ കൗൺസിലിൽ ചർച്ചാവിഷയമായി. പക്ഷേ, അന്ന് ആരോഗ്യവകുപ്പിനെ പ്രതിനിധീകരിച്ചിരുന്ന ഡോ. മേരി പുന്നൻ ലൂക്കോസ് ഈ നിയമത്തെ ന്യായീകരിച്ചു. കുടുംബത്തിൽ ഉത്തരവാദിത്വമുള്ള സ്ത്രീകൾക്ക് നഴ്സിങ് ജോലി കാര്യക്ഷമമായി ചെയ്യാൻകഴിയില്ലെന്നും രണ്ടിനുംകൂടിയുള്ള ഊർജ്ജവും സമയവും അവർക്കുണ്ടാകാനിടയില്ല എന്നുമായിരുന്നു ആ മഹതിയുടെ അഭിപ്രായം! എന്തായാലും 1933ൽ ഈ പ്രശ്നം വീണ്ടും ശ്രീമൂലം പ്രജാസഭയ്ക്കു മുന്നിൽ ഉയർന്നുവന്നു. എന്നാൽ, അന്ന് സഭയിലെ വനിതാ പ്രതിനിധിയായ ടി.നാരായണിയമ്മ കുറിക്കുകൊള്ളുന്ന മറുപടികൊടുത്തു. ഗൃഹജോലികൾ വിവാഹിതകൾക്കും അവിവാഹിതകൾക്കും ഒരുപോലെ ബാധകമായേക്കാമെന്ന് അവർ ചൂണ്ടിക്കാണിച്ചു.

ഇതുപോലെ ഗുമസ്തപ്പണിക്ക് സ്ത്രീകൾ പറ്റില്ലെന്നും പലരും വാദിച്ചു. കാരണം പുരുഷന്മാരായ ഉദ്യോഗസ്ഥർക്കൊപ്പം സർക്കീട്ടിനുംമറ്റും പോകേണ്ടിവരും. അത് സദാചാരപ്രശ്നമാകുമെന്ന ഭയം. അന്യപുരുഷന്മാരോട് അടുത്തിടപഴകേണ്ടിവരുന്ന ജോലിചെയ്യുന്ന പെണ്ണുങ്ങൾ 'ചീത്ത'യാണെന്ന തോന്നലും നാട്ടിൽ പെരുകി. എന്തായാലും അഭ്യസ്തവിദ്യരായ സ്ത്രീകൾ ഉദ്യോഗങ്ങൾക്കായുള്ള ശ്രമം തുടർന്നുകൊണ്ടുതന്നെയിരുന്നു. 1927ൽ തിരുവിതാംകൂറിലെ ബിരുദധാരിണികൾ 'തിരുവിതാംകൂർ ബിരുദധാരിണിസംഘം' (Travancore Lady Graduates Association) എന്ന പേരിൽ സംഘടനയുണ്ടാക്കി. സമുദായക്കാർക്ക് സംവരണം അനുവദിച്ചതുപോലെ സ്ത്രീകൾക്കും പ്രത്യേക സംവരണംവേണമെന്ന് ആവശ്യപ്പെട്ടു. സർക്കാർ അൽപ്പം വഴങ്ങുകയുംചെയ്തു. അങ്ങനെ 1929ൽ ഹജൂർകച്ചേരി (ഇന്നത്തെ സെക്രട്ടേറിയറ്റ്), റവന്യൂ വകുപ്പ്, ഹൈക്കോടതി എന്നിവിടങ്ങളിൽ നാലു ബി.എക്കാരികൾക്ക് ജോലികിട്ടി. ഇത് വലിയൊരു കോലാഹലത്തിലേക്കു നയിച്ചു. അന്നത്തെ കൊലകൊമ്പന്മാരും പ്രമാണിമാരുമായിരുന്ന പലരും വലിയ ഒച്ചപ്പാടുണ്ടാക്കി. അതിലൊരാളായ സദസ്യതിലകം ടി.കെ. വേലുപ്പിള്ള അറിയപ്പെട്ട പണ്ഡിതനും സർക്കാർ അനുകൂലിയും തിരുവനന്തപുരം നിയമകോളേജ് പ്രാഫസറും ആയിരുന്നു. അദ്ദേഹം ഇതിനെച്ചൊല്ലി ഘോരമായ ഒരു പ്രസംഗവും നടത്തി. ഈ പ്രസംഗത്തെ അതിശക്തമായ മറുപ്രസംഗത്തിലൂടെ അന്നാചാണ്ടി നേരിട്ടു. > കാണുക പുറം 63,64 < നിരവധി ചോദ്യങ്ങൾ തൊടുത്തിവിട്ടുകൊണ്ടാണ് അവർ വേലുപ്പിള്ളയുടെ വാദഗതികളെ പൊളിച്ചത്:

DownArrow.png

വിവാഹിതകളായ അദ്ധ്യാപികമാരും സ്കൂൾ അസിസ്റ്റന്റ് ഇൻസ്പക്ട്രസ്സുമാരും സർക്കാർജോലിക്ക് പോകാൻതുടങ്ങിയ കാലത്തോ ദാമ്പത്യബന്ധത്തിൽപ്പെട്ട പരിചാരികമാരും ലേഡീഡോക്ടർമാരും ഉദ്യോഗതലത്തിൽ പ്രവേശിച്ച കാലത്തോ ഉണ്ടാകാത്ത സംഗ്രാമകോലാഹലം ഇപ്പോൾ ആരുണ്ടാക്കിയെന്നാണ് എനിക്ക് മനസ്സിലാകാത്തത്? വിവാഹിതകൾക്ക് സർക്കാർ ഉദ്യോഗംകൊടുക്കുകയില്ലയെന്നുവന്നാൽ വല്ലവിധത്തിലും വിവാഹം ത്യജിച്ചിട്ടെങ്കിലും ഉദ്യോഗം വഹിക്കണമെന്നേ സ്ത്രീകൾ വിചാരിക്കുകയുള്ളു. കുടുംബങ്ങളിലെ ഏക സ്ത്രീസന്താനങ്ങൾ ഉദ്യോഗത്തിനായി നിത്യകന്യാകത്വം സ്വീകരിച്ചാൽ അവരുടെ കുടുംബങ്ങൾ അന്യംനിൽക്കുവാൻ ഇടവരുകയില്ലയോ...

...ഉദ്യോഗസ്ഥയായ ഭാര്യയോട് വിസ്കിയുടെ

200

കുടുംബിനിയോ പൗരയോ?


"https://ml.wikisource.org/w/index.php?title=താൾ:Kulastreeyum_Chanthapennum_Undayathengane.djvu/200&oldid=162840" എന്ന താളിൽനിന്ന് ശേഖരിച്ചത്