താൾ:Kulastreeyum Chanthapennum Undayathengane.djvu/199

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


DownArrow.png

പൊതുനിയോജകമണ്ഡലങ്ങളിൽ നിൽക്കുന്ന സ്ത്രീ സ്ഥാനാർത്ഥികൾക്ക് അവരുടെ വ്യക്തിമഹാത്മ്യം എത്ര അനിഷേധ്യമായിരുന്നാൽത്തന്നെയും ലഭിക്കാവുന്ന പിന്തുണ സംശയാസ്പദമായിട്ടാണ് ജനങ്ങൾക്ക് തോന്നുന്നത്. സ്ത്രീവോട്ടർമാരുടെ ശതമാനം സ്ഥാനാർത്ഥികൾക്ക് നിശ്ചിതമായ വിജയംലഭിക്കത്തക്കവണ്ണം അനുകൂലതരമായിരുന്നാലും സ്ത്രീസ്ഥാനാർത്ഥികളെത്തന്നെ സഹായിക്കുവാനുള്ള കർത്തവ്യബോധം ഉണ്ടാകത്തക്കവണ്ണം വനിതാവോട്ടർമാർക്ക് തദ്വിഷയത്തിൽ വേണ്ടത്ര മുന്നറിവും ഉദ്ബോധനവും ലഭിച്ചിട്ടുണ്ടെന്നും ഞങ്ങൾ വിശ്വസിക്കുന്നില്ല.

(പത്രാധിപക്കുറിപ്പ്, വനിതാമിത്രം, 1(8), 1944, ആഗസ്റ്റ്)


ഇക്കാരണത്താൽ കൂടുതൽ സ്ത്രീകളെ നാമനിർദ്ദേശംചെയ്യാൻ സർക്കാർ തയ്യാറാകണമെന്ന ആവശ്യമുന്നയിച്ചുകൊണ്ടാണ് അവർ ഈ കുറിപ്പ് അവസാനിപ്പിച്ചത്. സ്വാതന്ത്ര്യം കിട്ടിയതിനുശേഷം തിരുവിതാംകൂറും കൊച്ചിയും യോജിപ്പിച്ച് തിരു-കൊച്ചി യൂണിയൻ സംസ്ഥാനമാണ് ആദ്യമുണ്ടാക്കിയത്. യൂണിയൻ നിയമസഭയിലും സ്ത്രീകൾ നാമമാത്രമായിരുന്നു. 178 അംഗങ്ങളുള്ള സഭയിൽ രണ്ടു സ്ത്രീകളേ ഉണ്ടായിരുന്നുള്ളു. അവർ നാമനിർദ്ദേശം ചെയ്യപ്പെട്ടവരായിരുന്നു. - ആനി തയ്യിൽ ആയിരുന്നു അവരിൽ പ്രധാനി. ഇവർ സ്ത്രീകൾക്കുവേണ്ടി സംസാരിച്ചിരുന്നു. സ്വാതന്ത്ര്യത്തിനുശേഷവും സ്ത്രീകൾ അധികം രാഷ്ട്രീയത്തിലുണ്ടാകേണ്ട കാര്യമില്ലെന്നു പറയാൻ മടിക്കാത്ത നേതാക്കന്മാരുണ്ടായി, ഈ സ്വതന്ത്രജനാധിപത്യകേരളത്തിൽ > കാണുക പുറം 62 < ഇതിനെതിരെ പ്രതിഷേധിച്ച അക്കമ്മ ചെറിയാന് കോൺഗ്രസ്സ് വിടേണ്ടിവന്നു. 1952ലെ തെരഞ്ഞെടുപ്പിൽ മത്സരിച്ച 126 കോൺഗ്രസ്സ് സ്ഥാനാർത്ഥികളിൽ ഒരൊറ്റ സ്ത്രീപോലുമുണ്ടായിരുന്നില്ല. 1953ലെ ഉപതെരഞ്ഞെടുപ്പിൽ അക്കാമ്മ കോൺഗ്രസ്സിനെ ധിക്കരിച്ചുകൊണ്ട് കാഞ്ഞിരപ്പള്ളിയിൽ പ്രതിപക്ഷപിന്തുണയോടെ സ്വതന്ത്രസ്ഥാനാർത്ഥിയായി മത്സരിച്ചു. അവർ ഏകദേശം പൂർണ്ണ ഗർഭിണിയായിരുന്നപ്പോഴായിരുന്നു പ്രചരണം. കടുത്ത അപവാദവും പരിഹാസവുംസഹിച്ച് അവർ പ്രചരണംനടത്തി. പ്രചരണപ്രസംഗങ്ങളിൽ അവർ സ്ത്രീകളോട് നേരിട്ടുസംസാരിച്ചു. അക്കാമ്മയുടെ വിജയം അവരുടെ വിജയമായിരിക്കുമെന്ന് പ്രഖ്യാപിച്ചു. മൊത്തംവോട്ടുകളുടെ 43 ശതമാനം നേടിയെങ്കിലും അക്കാമ്മ പരാജയപ്പെട്ടു. പ്രചരണത്തിന്റെ അവസാനത്തെ രണ്ടാഴ്ച അവർ ആശുപത്രിയിലായിരുന്നു. സ്ത്രീകളെ പ്രത്യേക വിഭാഗമായി - രാഷ്ട്രീയസ്വഭാവമുള്ള ജനവിഭാഗമായി - കണക്കാക്കുന്നുവെന്ന് നാവുകൊണ്ടുള്ള പറച്ചിൽ തുടർന്നുണ്ടായെങ്കിലും പ്രായോഗികതലത്തിൽ അതു നിലച്ചു.

NotesBullet.png സമുദായത്തിന്റെ താൽപ്പര്യവും സ്ത്രീയുടെ താൽപ്പര്യവും
സ്ത്രീകളുടെ സംരക്ഷണവും മേൽഗതിയും ഉറപ്പാക്കുന്ന നിയമങ്ങൾ സമുദായതാൽപ്പര്യത്തിനെതിരാണോ? സത്യത്തിൽ അത്തരം നിയമങ്ങൾ സമുദായത്തിന്റെ അഭിവൃദ്ധിയെ സഹായിക്കുകയില്ലേ? ഇന്ത്യയിലെ പല സമുദായങ്ങളിലും സ്ത്രീകൾ ഈ ചോദ്യങ്ങൾ ഉയർത്തിത്തുടങ്ങിയിരിക്കുന്നു. എന്നാൽ ഈ ചർച്ച വളരെ കാലപ്പഴക്കമുള്ളതാണ്. പലപ്പോഴും സ്ത്രീകളുടെ ക്ഷേമം ഉറപ്പാക്കാനുള്ള നിയമങ്ങൾ സമുദായങ്ങളുടെ താൽപര്യങ്ങളെ ഹനിക്കുന്നുവെന്ന് സമുദായനേതാക്കൾ പറഞ്ഞു. എന്നാൽ, അവർ സ്ത്രീകൾക്ക് സമുദായത്തിന്റെയുള്ളിൽ മതിയായ സ്ഥാനമോ പരിഗണനയോ നൽകാൻ മിക്കപ്പൊഴും തയ്യാറുമല്ല. സമുദായങ്ങളുടെ അകത്തും പുറത്തും സ്ത്രീകൾ ഈ മനോഭാവത്തെ ചോദ്യംചെയ്തിട്ടുണ്ട്. 1986ൽ ഇന്ത്യയിലൊട്ടാകെ ചർച്ചാവിഷയമായ ഒന്നാണ് ഷാബാനോ എന്ന എഴുപത്തിരണ്ടുവയസ്സുകാരിയായ മുസ്ലിംസ്ത്രീയുടെ സുരക്ഷയുടെ പ്രശ്നം. വിവാഹമോചനത്തെത്തുടർന്ന് ഇവർക്ക് ചെലവിനുകിട്ടാൻ അവകാശമുണ്ടെന്ന് സുപ്രീംകോടതി വിധിച്ചതിനെത്തുടർന്ന് വലിയ ഒച്ചപ്പാടുണ്ടായി. സമുദായനേതാക്കളുടെ സമ്മർദ്ദത്തെത്തുടർന്ന് അന്നത്തെ സർക്കാർ മുസ്ലിംസ്ത്രീകളെ ക്രിമിനൽ പ്രൊസിജ്യൂർ കോഡിലെ 125-ാം വകുപ്പിന്റെ സംരക്ഷണത്തിൽനിന്ന് ഒഴിവാക്കിക്കൊണ്ട് നിയമം പാസ്സാക്കി. ഈ പശ്ചാത്തലത്തിൽ പ്രത്യേക സമുദായനിയമങ്ങൾക്കു പകരം എല്ലാവർക്കും ബാധകമായ ഏകീകൃത സിവിൽ കോഡ് ആവശ്യമാണെന്നാണ് പലരും വാദിച്ചത്. ഇക്കൂട്ടത്തിൽ ഹിന്ദുവർഗ്ഗീയതയുടെ വക്താക്കളുടെ ശബ്ദം വളരെ ഉച്ചത്തിൽ കേട്ടിരുന്നു. എന്നാൽ ഇവരുടെ ഉദ്ദേശ്യം അത്ര ശുദ്ധമല്ലെന്നു വ്യക്തമായിരുന്നു. മുസ്ലിങ്ങളുടെ സ്ത്രീവിരുദ്ധതയെക്കുറിച്ച് വാതോരാതെ സംസാരിക്കുന്ന ഇവർ സ്വന്തം സമുദായത്തിന്റെ സ്ത്രീവിരുദ്ധതയെക്കുറിച്ച തികഞ്ഞ അന്ധതയാണ് പുലർത്തിയിരുന്നത്. സമുദായങ്ങൾക്കുള്ളിൽനിന്നുകൊണ്ടുതന്നെ തങ്ങളുടെ അവകാശങ്ങൾ വികസിപ്പിക്കാൻ സ്ത്രീകൾ ഇന്ന് കൂടുതൽ ഊർജ്ജിതമായി ശ്രമിച്ചുവരുന്നു. 'മുസ്ലിംസ്ത്രീവാദം'പോലെയുള്ള രാഷ്ട്രീയരൂപങ്ങളോട് കൂടുതൽ താൽപര്യം ഇന്നു കണ്ടുവരുന്നുണ്ട്.


മാത്രമല്ല, 'സ്ത്രീകളുടെ പ്രതിനിധികളാ'യി സ്വയം അവതരിപ്പിക്കാൻ ശ്രമിച്ചവരെപ്പോലും സമുദായാടിസ്ഥാനത്തിൽ വീക്ഷിക്കുന്ന പ്രവണതയാണ് നിലവിൽവന്നത്. 1931ൽ അന്നാ ചാണ്ടി > കാണുക പുറം 64 < രാഷ്ട്രീയത്തിലിറങ്ങിയ


199


കുടുംബിനിയോ പൗരയോ?

"https://ml.wikisource.org/w/index.php?title=താൾ:Kulastreeyum_Chanthapennum_Undayathengane.djvu/199&oldid=162837" എന്ന താളിൽനിന്ന് ശേഖരിച്ചത്