താൾ:Kulastreeyum Chanthapennum Undayathengane.djvu/184

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


യാളത്തിലില്ല. എങ്കിലും അവസാനംവരെയും അവരെ പലതരത്തിൽ വേട്ടയാടാനാണ് മലയാളിസമൂഹം ശ്രമിച്ചത്. പിൽക്കാലത്ത് അതിൽ ആത്മകഥാംശമില്ലെന്നുകൂടി അവർ പറയുകയുണ്ടായി.

ആധുനികവിദ്യാഭ്യാസം ലഭിച്ച ആദ്യ തലമുറക്കാരികളിൽ പലരും ആത്മകഥാരചനയിലേർപ്പെട്ടിരുന്നു. ഉദാഹരണത്തിന് കോച്ചാട്ടിൽ കല്യാണിക്കുട്ടിയമ്മ, സി. കെ. രേവതിയമ്മ, അന്നാ ചാണ്ടി തുടങ്ങിയവർ. കഴിഞ്ഞ നൂറുവർഷക്കാലത്തിനിടയിൽ സ്ത്രീകളുടേതായ സംഭാവന തികച്ചും അഭിമാനകരംതന്നെ. ഇവയിൽപ്പലതും 'വിവാഹത്തിന്റെ ജീവചരിത്ര'ങ്ങളായിരുന്നുവെന്ന് ചരിത്രകാരിയായ ജി. അരുണിമ അഭിപ്രായപ്പെട്ടിട്ടുണ്ട്. എങ്കിലും സ്വാനുഭവങ്ങളെ കാലത്തിന്റെ വിദൂരതയിൽനിന്ന് വിലയിരുത്താനുള്ള ശ്രമങ്ങളും ഇക്കൂട്ടത്തിലുണ്ട്.

മാധവിക്കുട്ടിയെക്കൂടാതെ രാജലക്ഷ്മി, പി. വത്സല, സുഗതകുമാരി തുടങ്ങി മറ്റു പലരുമുണ്ടായി. 1980കളിൽ സ്ത്രീപക്ഷസാഹിത്യരചന എങ്ങനെയിരിക്കണമെന്ന ചർച്ചയ്ക്ക് പുതുജീവൻ കൈവന്നു. എന്നാൽ എഴുത്തുകാരികളുടെ വഴി ഒരിക്കലും എളുപ്പമായിരുന്നില്ല. മാധവിക്കുട്ടി കുടുംബത്തിന്റെയും അയൽവക്കത്തിന്റെയുംമറ്റും കടുത്ത എതിർപ്പിനെ നേരിട്ടുകൊണ്ടാണ് എഴുതിയത്. ഇത്തരം എതിർപ്പിന് എഴുത്തുകാരികളിൽ ഒരാളെ കൊല്ലാനും കഴിഞ്ഞു - രാജലക്ഷ്മി. ചെറുപ്രായത്തിൽത്തന്നെ വലിയ അംഗീകാരം വായനക്കാരിൽനിന്നും നേടിയെടുത്ത എഴുത്തുകാരിയായിരുന്നു അവർ. നിരവധി പുരസ്കാരങ്ങളും അവർ നേടിക്കഴിഞ്ഞിരുന്നു. എന്നിട്ടും തീരാത്ത ശല്യപ്പെടുത്തൽ അവരെ ആത്മഹത്യയിലേക്കു നയിച്ചു. ചന്ദ്രമതി, ഗീതാ ഹിരണ്യൻ തുടങ്ങി ഇന്നു പ്രശസ്തരായിത്തീർന്നിട്ടുള്ള എഴുത്തുകാരികളും എഴുതാൻവേണ്ടി തങ്ങൾക്കു നടത്തേണ്ടിവന്ന സമരങ്ങളെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. എന്തിന്, ഏറ്റവുമടുത്തകാലത്ത് എഴുതിത്തുടങ്ങിയ, ഇന്നു പ്രസിദ്ധയായ കെ.ആർ. മീരയുടെ 'ഓർമ്മയുടെ ഞരമ്പ്' എന്ന കഥ എഴുതാൻ ദഹിച്ച ഒരു സ്ത്രീയെക്കുറിച്ചാണ് പറയുന്നത്.

Page184-2197px-Kulastreeyum Chanthapennum Undayathengane.djvu.jpg
NotesBullet.png പരമ്പരാഗത അരങ്ങുകളിലെ സ്ത്രീസാന്നിദ്ധ്യം
വളരെ പഴക്കമുള്ള ക്ഷേത്രകലയായ കൂടിയാട്ടത്തിൽ സ്ത്രീക്ക് സവിശേഷമായ ഒരിടം കൽപ്പിച്ചിരുന്നു. എന്നാൽ ചാക്യാർസ്ത്രീകളല്ല സ്ത്രീവേഷം അവതരിപ്പിച്ചിരുന്നത്; അമ്പലവാസിജാതിയുടെ ഉപജാതിയായ നമ്പ്യാർജാതിയിലെ സ്ത്രീകളെയാണ് അഭിനയം അഭ്യസിപ്പിച്ചിരുന്നത്. ജാതിനിയമങ്ങൾക്കു കീഴ്വഴങ്ങിയ സ്ത്രീസാന്നിദ്ധ്യമായിരുന്നു അതെന്നു സാരം. 'നങ്ങ്യാന്മാർ' എന്നു വിളിക്കപ്പെട്ടിരുന്ന ഇവരുടെ സവിശേഷമായ കലാപ്രകടനമാണ് 'നങ്ങ്യാർകൂത്ത്'. സ്ത്രീവേഷമില്ലാത്ത കഥയാണെങ്കിലും നങ്ങ്യാരെക്കൂടാതെ അഭിനയം പാടില്ലെന്ന് ഒരു ചിട്ടയുണ്ടായിരുന്നു. മാർഗി സതിയുടെ നേതൃത്വത്തിൽ നങ്ങ്യാർകൂത്ത് ഇന്ന് പ്രശംസനീയമാംവിധം പുനർജ്ജനിച്ചിരിക്കുന്നു. കൃഷ്ണകഥകൾക്കു പുറമെ രാമായണകഥകളും കണ്ണകീചരിതവും അരങ്ങിൽ അവതരിപ്പിക്കപ്പെടുന്നു. പുരുഷന്മാരുടേതായ നൃത്തരൂപങ്ങൾ സ്ത്രീകൾ അഭ്യസിച്ച് അവതരിപ്പിച്ചതിന്റെ ചില ഉദാഹരണങ്ങളുമുണ്ട്. മാർഗ്ഗംകളി പന്ത്രണ്ടു പുരുഷന്മാർ ചേർന്ന് അവതരിപ്പിച്ചിരുന്ന നൃത്തമായിരുന്നുവെന്ന് ഗവേഷകർ അഭിപ്രായപ്പെടുന്നു. ഇന്ന് അത് സ്ത്രീകളുടെ നൃത്തരൂപമായി മാറിയിരിക്കുന്നു. കഥകളിയിലും സ്ത്രീസാന്നിദ്ധ്യം വർദ്ധിച്ചിട്ടുണ്ട്. ചവറ പാറുക്കുട്ടിയമ്മയെ പോലുള്ള പ്രസിദ്ധരായ അഭിനേത്രികളെ പിന്തുടർന്ന് ഇന്ന് നിരവധി സ്ത്രീകൾ ആ രംഗത്തേക്കു കടന്നിട്ടുണ്ട്.
(വിവരങ്ങൾ മാധവമേനോൻ (എഡി.), ഹാൻഡ്ബുക്ക് ഓഫ് കേരള, വാല്യം 2, തിരുവനന്തപുരം എന്ന ഗ്രന്ഥത്തിൽനിന്ന്)


ഇന്ന് കേരളീയസാഹിത്യമേഖലയിൽ ധാരാളം സ്ത്രീകൾ സന്നിഹിതരാണ്. 1980കളുടെ അവസാനം സാറാ ജോസഫിന്റെ കഥകളുടെ വായനയിലൂടെ 'സ്ത്രീപക്ഷസാഹിത്യം' അഥവാ 'പെണ്ണെഴുത്ത് -

184

പുതിയ സാഹിത്യം, പുതിയ കല, പുതിയ സ്ത്രീത്വം


"https://ml.wikisource.org/w/index.php?title=താൾ:Kulastreeyum_Chanthapennum_Undayathengane.djvu/184&oldid=162821" എന്ന താളിൽനിന്ന് ശേഖരിച്ചത്