താൾ:Kulastreeyum Chanthapennum Undayathengane.djvu/175

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ലേർപ്പെടാൻ പല സ്ത്രീകളും തയ്യാറായി. അവർക്ക് ഒരുപാടു ത്യാഗങ്ങൾ അനുഷ്ഠിക്കേണ്ടിവന്നു. കുടുംബത്തിന്റെ പിന്തുണയുണ്ടായിരുന്നവരുടെ സ്ഥിതിപോലും മറിച്ചായിരുന്നില്ല. ഈ തടസ്സങ്ങൾ ഇന്ന് പൂർണ്ണമായി മാറിയെന്നു പറയാൻ നമുക്കു കഴിയുമോ?


എഴുത്തിലേക്കുള്ള അസമമായ വഴി

എഴുത്തിന്റെ രംഗത്തേക്കു പ്രവേശിച്ച സ്ത്രീയെ ആദ്യകാലസാഹിത്യവിമർശകർ കണ്ടതെങ്ങനെ? മലയാളസാഹിത്യവിമർശനം അതിന്റെ ശൈശവത്തിൽപ്പോലും പുരുഷന്മാരുടെ വിഹാരരംഗമായിരുന്നു. നേരത്തെപ്പറഞ്ഞ തത്വത്തെ മുറുക്കിപ്പിടിക്കാനാണ് അവരിലധികംപേരും ശ്രമിച്ചത്: അതായത് ഗൃഹഭരണമാണ് സ്ത്രീയുടെ പ്രാഥമിക കടമ; അതിനെ ബാധിക്കാത്തവിധത്തിലുള്ള സാഹിത്യപരിശ്രമമാണ് സ്ത്രീകൾക്കു പറ്റിയത് എന്ന നിലപാടാണ് അവരെടുത്തത്. ഈ പരിമിതികളെ അംഗീകരിച്ചുകൊണ്ട് സാഹിത്യപ്രവർത്തനം നടത്തിയ സ്ത്രീകളെ ചിലരൊക്കെ അഭിനന്ദിക്കുകയും ചെയ്തു. പി. ഗോവിന്ദപ്പിള്ളയുടെ ഭാഷാചരിത്രത്തിൽ (1881) കുട്ടിക്കുഞ്ഞുതങ്കച്ചിയെപ്പറ്റി ചേർത്ത അഭിപ്രായം നോക്കുക: 'കൈകൊട്ടിക്കളിയിലുള്ള വിദഗ്ദ്ധതയും നൂതനസമ്പ്രദായത്തിൽ അവർ ഉണ്ടാക്കിയിട്ടുള്ള കളിപ്പാട്ടുകളും അതിശയിക്കത്തക്കതായിരിക്കുന്നു. വിലയേറിയ സമയത്തെ അവർ ഗൃഹഭരണാദികളിലുംമറ്റും വ്യയംചെയ്യുന്നതിനോടുകൂടി കവിതാരചനയിലും ഗ്രന്ഥപ്രചാരത്തിലും സംഗീതസാഹിത്യാദികളിലുംകൂടി ഉപയോഗപ്പെടുത്തിവരുന്നത് വളരെ ആശ്ചര്യം.' എന്നാൽ ഈ പരിഗണന സ്ത്രീകൾക്ക് കൊടുക്കാനാവില്ലെന്നായിരുന്നു സി.പി. അച്യുതമേനോന്റെ അഭിപ്രായം. തോട്ടയ്ക്കാട്ട് ഇക്കാവമ്മയുടെ നാടകത്തെക്കുറിച്ചുള്ള നിരൂപണത്തിൽ അദ്ദേഹം ഇക്കാര്യം തുറന്നെഴുതി - ഗൃഹഭരണാദികൾകൊണ്ടുള്ള സൽപ്പേരുകൊണ്ട് തൃപ്തരാകാതെ സാഹിത്യരംഗത്തെ കീർത്തികൂടി ആഗ്രഹിക്കുന്ന സ്ത്രീകൾ പ്രത്യേക പരിഗണന അർഹിക്കുന്നില്ലെന്നും ഉന്നതസാഹിത്യത്തിന്റെ മാനദണ്ഡങ്ങൾ പാലിച്ചാൽമാത്രമേ അവർക്കു പ്രശസ്തി ലഭിക്കുകയുള്ളുവെന്നും അദ്ദേഹം വാദിച്ചു.

ചമ്പുക്കൾമുതൽ കൈകൊട്ടിക്കളിപ്പാട്ടുകൾ വരെ നീണ്ടുകിടന്ന പരമ്പരാഗത സാഹിത്യരചനയുടെ മാനദണ്ഡങ്ങളല്ല പുതിയ സാഹിത്യത്തിന്റേത് എന്ന് സ്ത്രീകൾ മനസ്സിലാക്കിത്തുടങ്ങിയിരുന്നു. പുരാണകഥകളെക്കുറിച്ചുള്ള അറിവ്, ഭാഷയിലും സാഹിത്യത്തിലുമുള്ള പരിചയം മുതലായവയുള്ളവർക്ക് പരമ്പരാഗതസാഹിത്യരചനയിലേക്ക് പ്രവേശനംകിട്ടിയിരുന്നെങ്കിൽ ആധുനിക കവിത, നോവൽ, ചെറുകഥ മുതലായ പുതിയ സാഹിത്യശാഖകളിലേക്കുള്ള പ്രവേശനത്തിന് മറ്റു കഴിവുകളാണ് വേണ്ടത്. ഈ ശാഖകളിൽ പ്രവേശിക്കാൻ പുതിയതരം കഴിവുകളും സാമൂഹ്യസ്വഭാവമുള്ള അനുഭവങ്ങളും (പുരാണകഥകൾ അറിഞ്ഞാൽപ്പോരാ ജീവിതത്തെ നിരീക്ഷിച്ചുണ്ടാകുന്ന ഉൾക്കാഴ്ചകൾ) ഉണ്ടാകണമെന്നും അവർക്കു ബോദ്ധ്യപ്പെട്ടുതുടങ്ങിയിരുന്നു. സംസ്കൃതപണ്ഡിതയും പഴയമട്ടിലുള്ള 'വിദുഷി'യുമായ (അതായത്, ചമ്പുക്കളും പാനകളുംമറ്റും രചിച്ചിട്ടുള്ള) കെ.എം. കുഞ്ഞുലക്ഷ്മി കെട്ടിലമ്മ 1915ൽ ഇങ്ങനെ എഴുതി:

നമ്മുടെ കേരളീയമഹിളമാർ ലോകബഹുമതിക്കു അർത്ഥകളാകത്തക്കവണ്ണം സാഹിത്യരംഗത്തിൽ വിളയാടേണ്ടതിന്നു ആദ്യമായി അവകാശപ്പെടേണ്ടതും ആശ്രാന്തപരിശ്രമങ്ങളാൽ സമ്പാദിക്കേണ്ടതും ആകുന്നു സാമുദായികസ്വാതന്ത്ര്യം....

...സ്വാതന്ത്ര്യം മനസ്സിനെ ശുദ്ധീകരിക്കുന്നതായി ഉദാഹരണങ്ങൾ ധാരാളമുണ്ട്. പ്രത്യേകിച്ച്, സാഹിത്യശ്രമങ്ങൾ ഏതു നിലയിലും യഥാർത്ഥമായ സ്വയസമ്പാദിതപരിചയത്തെ ആശ്രയിച്ചു നിൽക്കുന്നു. ഈവക പരിചയസിദ്ധി സ്ത്രീകൾക്ക് ഇപ്പോൾ ഉണ്ടാകുന്നതു എളുപ്പമല്ല. പുരുഷന്മാരുടെ സ്വാതന്ത്ര്യം അവരുടെ വൃത്തികൾക്കെല്ലാം ദൃഢതയെ കൊടുക്കുന്നു. സ്ത്രീകളുടെ പരിശ്രമവകുപ്പുകൾക്ക് ദുർലഭത ഉണ്ടാകുന്നതിൽ മുഖ്യമായ ഉത്തരവാദിത്വം കിടക്കുന്നത് അവരുടെ സ്വാതന്ത്ര്യസങ്കോചത്തിലാണ്. അനുഭവപദ്ധതികളെ പരിഷ്ക്കരിച്ചു, തരംതിരിച്ചു, വിമലീകരിക്കാൻമാത്രമെങ്കിലും ഉപകരിക്കുന്ന സാമുദായികസ്വാതന്ത്ര്യം അവർക്കുണ്ടായിരിക്കണം. ലോകഗതിയുടെ 'ചുറ്റും ചുറ്റും' 'പറ്റും പടർച്ചയും' നല്ലവണ്ണം ഗ്രഹിക്കാതെ, വെറും അന്യപ്രാപ്തങ്ങളായ അനുഭവങ്ങളെ അടിസ്ഥാനപ്പെടുത്തി ചെയ്യുന്ന ഉദ്യമങ്ങൾ എങ്ങനെ ഫലവത്തുക്കളായിത്തീരും?

('സാഹിത്യവും സ്ത്രീസമുദായവും', മഹിളാരത്നം (3) 1915)


പുരുഷന്മാരെപ്പോലെ വൈവിദ്ധ്യമാർന്ന ജീവിതാനുഭവങ്ങൾ സ്ത്രീകൾക്കുമുണ്ടെങ്കിലേ അവർ സാഹിത്യരംഗത്ത് വിളങ്ങൂ എന്നതാണ് കെട്ടിലമ്മയുടെ വാദത്തിന്റെ ചുരുക്കം. പക്ഷേ, സ്ത്രീകൾക്കും പുരുഷന്മാർക്കും രണ്ടുതരം അടിസ്ഥാനസ്വഭാവപ്രകൃതങ്ങളാണുള്ളതെന്ന പുത്തൻവിശ്വാസത്തെ മുറുകെപ്പിടിക്കുന്നവരായിരുന്നു ഇക്കാലത്തെ എഴുത്തുകാരികളിൽ പലരും. പുരുഷന്റെ 'സ്വാഭാവികമായ ലോകം' വീട്ടിനുപുറത്താണ്; സ്ത്രീയുടേത് അകത്തും - അതിനാൽ വീട്ടിനുള്ളിൽ സുഖജീവിതം ഉറപ്പുവരുത്താൻ സഹായി


175


പുതിയ സാഹിത്യം, പുതിയ കല, പുതിയ സ്ത്രീത്വം

"https://ml.wikisource.org/w/index.php?title=താൾ:Kulastreeyum_Chanthapennum_Undayathengane.djvu/175&oldid=162811" എന്ന താളിൽനിന്ന് ശേഖരിച്ചത്