കലാലയങ്ങളിലെത്തുന്ന പെൺകുട്ടികൾ വെറും കൂപമണ്ഡൂകങ്ങളെപ്പോലെ വർത്തിച്ചിരുന്നു. അവരാകട്ടെ അപ്പോൾമാത്രമേ ബാഹ്യേലാകത്തിൽ ചരിക്കുവാൻ തുടങ്ങുന്നുള്ളു. സഹപാഠികളായ വിദ്യാർത്ഥികളുടെ മുമ്പിൽവച്ച് തങ്ങൾക്ക് മനസ്സിലാകാത്ത ഭാഗങ്ങളെ ചോദിക്കുവാൻപോലും ഓരോരുത്തരുടെ സങ്കുചിതമനസ്സ് അവരെ അനുവദിക്കുന്നില്ല. സഹവിദ്യാഭ്യാസംകൊണ്ട് യഥാർത്ഥ സ്ത്രീത്വം നശിപ്പിച്ച് പുരുഷത്വം നേടാനുള്ള ഒരു മാർഗ്ഗമാണെന്ന് ഒരുപക്ഷേ ചിലർ ആക്ഷേപിക്കുമായിരിക്കാം. പരമാർത്ഥം നോക്കുകയാണെങ്കിൽ സ്ത്രീത്വം നശിക്കുന്നില്ലെന്നു മാത്രമല്ല ഇന്നത്തെ നിലയ്ക്കാവശ്യമായ ചില പുരുഷഗുണങ്ങൾ സിദ്ധിക്കുകയും ചെയ്യുന്നു.
1955ലും ഈ സ്ഥിതിയിൽ വലിയമാറ്റമില്ലായിരുന്നുവെന്ന് എസ്. കോമളവല്ലി എഴുതിയ ലേഖനം വായിച്ചാൽ തോന്നും:
സഹവിദ്യാഭ്യാസത്തിന്റെ ഗുണവശങ്ങൾ വളരെയധികം പ്രകീർത്തിക്കപ്പെടുന്ന ഒരു കാലമാണിത്. പക്ഷേ ആ ആശയത്തിന്റെ ഉദ്ദേശശുദ്ധിയെപ്പോലും അങ്ങേയറ്റം അപഹസിക്കുന്ന ഒരു മാതൃകയാണ് ഇന്ന് പലപ്പോഴും കാണാൻ കഴിയുക. അനോന്യം സംസാരിക്കുന്നതോ പോകട്ടെ അന്യോന്യം ദർശിക്കുന്നതുപോലും അപരാധമായി ഗണിക്കപ്പെടുന്ന അന്തരീക്ഷം.
എന്നാൽ ആൺകുട്ടികൾ മാത്രമോ പെൺകുട്ടികൾ മാത്രമോ പഠിക്കുന്ന കലാലയങ്ങളിലും ലൈംഗികതയെക്കുറിച്ചുള്ള ഭീതിക്ക് കുറവൊന്നുമില്ലായിരുന്നു. നാമിന്ന് അധികം പുറത്ത് സംസാരിക്കാത്ത ഒരു വിഷയമാണ് സ്വവർഗ്ഗാനുരാഗം - 'ഈയടുത്തെങ്ങാനുമുണ്ടായ വിപത്ത്' എന്ന മട്ടിലാണ് പലരും ഇതേപ്പറ്റി പറയാറുള്ളത്. എന്നാലിത് ശരിയല്ല. മനുഷ്യരുണ്ടായ കാലംമുതൽക്കേ ഇത്തരം ആഗ്രഹങ്ങൾ ഉണ്ടായിരുന്നെന്നും ഇതിൽനിന്ന് ആർക്കുമൊരു ദോഷവും വരാനില്ലെന്നും പണ്ഡിതലോകം ഇന്ന് അംഗീകരിക്കുന്നു. മതമേധാവികൾ ഇപ്പോഴും ഇതിനെതിരാണെങ്കിലും ആധുനികസർക്കാരുകളും മറ്റുസ്ഥാപനങ്ങളും ഇതിനെ അംഗീകരിച്ചുതുടങ്ങിയിരിക്കുന്നു. സ്വവർഗ്ഗാനുരാഗികൾ സംഘടിച്ചുതുടങ്ങിയിട്ടുണ്ട്, ഇവിടെയും. എന്തായാലും സ്വവർഗ്ഗാനുരാഗികളായ വിദ്യാർത്ഥികളെ പരമാവധി വേട്ടയാടുന്ന സ്ഥലങ്ങളായി പലപ്പോഴും കലാലയങ്ങൾ പ്രവർത്തിച്ചിരുന്നു (ഇന്നും പ്രവർത്തിക്കുന്നു). 1906ൽ തിരുവനന്തപുരത്തെ മഹാരാജാ കലാലയത്തിൽനിന്ന് ഒരദ്ധ്യാപകനെയും ചില വിദ്യാർത്ഥികളെയും 'പ്രകൃതിവിരോധം' ചെയ്തുവെന്നാരോപിച്ച് പുറത്താക്കി. പത്രങ്ങളിൽ ഇതു വാർത്തയായിരുന്നു. പെൺകുട്ടികൾക്കായി തിരുവനന്തപുരം വിമൻസ് കോളേജിന് പിന്നിലായി നിർമ്മിച്ച സർവ്വകലാശാലാ ഹോസ്റ്റലിന്റെ നിയമാവലിയിൽ രണ്ടു പെൺകുട്ടികൾ കട്ടിലിൽ ഒന്നിച്ചിരിക്കരുത് എന്നൊരു നിയമമുണ്ടായിരുന്നു! എന്തിലും ലൈംഗികത മണക്കുന്ന, ഏതൊരാളുടേയും സ്വകാര്യജീവിതത്തിലേക്ക് ഒളിഞ്ഞുനോക്കാൻ പ്രേരിപ്പിക്കുന്ന വാസന മലയാളിയുടെ മനഃസ്ഥിതിയിലുണ്ടായത് ഇതിലൂടെയൊക്കെയല്ലേ എന്നു സംശയിച്ചുപോകുന്നു - അച്ചടക്കത്തിന്റെ പേരിൽ ലൈംഗിക അടിച്ചമർത്തൽ നടത്തിയ വിദ്യാഭ്യാസസ്ഥാപനങ്ങളുടെ ഓമനസന്തതിയല്ലേ അത്?
ആത്മാഭിമാനവും താൻപോരിമയും
ജോലിക്കുവേണ്ടിമാത്രമുള്ള വിദ്യാഭ്യാസത്തിന് പല പോരായ്മകളുണ്ടായിരുന്നെങ്കിലും അത് അന്ന് വളർന്നുതുടങ്ങിയിരുന്ന സ്ത്രീധനപ്പിശാചിന്റെ പിടിയിൽനിന്ന് വളരെ സ്ത്രീകളെ രക്ഷപ്പെടുത്തി. ജോലിയുണ്ടായിരുന്ന വളരെ സ്ത്രീകൾ വിവാഹംകഴിച്ചില്ല. സ്ത്രീധനദുരിതം അനുഭവിക്കാതിരിക്കാൻ, സ്വന്തംകാലിൽ നിൽക്കാൻ, സുരക്ഷിതത്വം നേടാൻ, അവൾക്ക് കഴിഞ്ഞു. ഇവരിൽ പലരും മറുനാടുകളിൽ പഠിച്ചശേഷം തിരിച്ചെത്തി ജോലി ചെയ്തവരാണ്. പലപ്പോഴും പുതിയ ആശയങ്ങളും സ്ത്രീകളുടെ അവകാശങ്ങൾക്കായി പൊരുതാനുള്ള ആത്മധൈര്യവുംകൊണ്ടായിരുന്നു അവർ മടങ്ങിയത്. അതിവിടെ ചലനമുണ്ടാക്കി. ഇന്നും പല സ്ത്രീകളും പുറത്തുപോയി പഠിക്കുന്നുണ്ടെങ്കിലും അവരിൽ അധികവും മടങ്ങിവരാറില്ല. കാരണം ഇവിടെ ഇപ്പോൾ ജോലികളില്ല!
സ്ത്രീകൾക്ക് ഉന്നതവിദ്യാഭ്യാസത്തിലൂടെ ലഭിച്ച താൻപോരിമയെ ഏറ്റവും തീവ്രരാഷ്ട്രീയക്കാരികൾപോലും അംഗീകരിച്ചിരിക്കുന്നു. ഇന്ത്യൻ ദേശീയപ്രസ്ഥാനം വൻസമരങ്ങളിലേർപ്പെട്ട കാലത്താണ് പിന്നീട് ദേശീയസമരനായികയായി മാറിയ ക്യാപ്റ്റൻ ലക്ഷ്മി കലാലയവിദ്യാർത്ഥിനിയായത്. വളരെ വിദ്യാർത്ഥികൾ പഠിപ്പുപേക്ഷിച്ച് സ്വാതന്ത്ര്യസമരത്തിലേക്കു കുതിച്ചുചാടിയ കാലം. സമരത്തിൽ പങ്കെടുത്തെങ്കിലും അതിനുവേണ്ടി പഠിപ്പുപേക്ഷിക്കില്ലെന്ന് ഉറച്ച തീരുമാനമെടുത്തുവെന്ന് ആത്മകഥയിൽ അവർ പറയുന്നുണ്ട്. സ്വതന്ത്രനില
164