രചിച്ച അയ്യൻകാളിക്ക് ആദരപൂർവ്വം എന്ന കൃതിയിൽ കാണാം. അദ്ദേഹം ശ്രീമതി ദാക്ഷായണി വേലായുധനെക്കുറിച്ചെഴുതിയ കുറിപ്പിലാണിത്. ശ്രീമതി ദാക്ഷായണിയുടെ മക്കളെക്കുറിച്ചു പറയുമ്പോൾ അവരുടെ വിദ്യാഭ്യാസത്തെക്കുറിച്ച് എടുത്തുപറയുന്നുണ്ട്. അവരുടെ ഏകമകൾ മീരാ വേലായുധൻ കേരളത്തിലെ എണ്ണപ്പെട്ട ചരിത്രകാരികളിൽ ഒരാളാണ്. ദേശീയപ്രസ്ഥാനത്തിലെ സ്ത്രീപങ്കാളിത്തത്തെക്കുറിച്ചും സാമൂഹ്യപരിഷ്ക്കരണത്തിന്റെ ഫലങ്ങളെക്കുറിച്ചും വിലപ്പെട്ട ലേഖനങ്ങൾ അവർ എഴുതിയിട്ടുണ്ട്. ചരിത്രകാരനായ ചെറായി അതു ശ്രദ്ധിക്കുന്നില്ല. പക്ഷേ, മീരയുടെ ഭർത്താവിനെക്കുറിച്ചുള്ള വിവരങ്ങൾ ചേർക്കാൻ അദ്ദേഹം മറന്നിട്ടില്ല! (അയ്യൻകാളിക്ക് ആദരപൂർവ്വം, എറണാകുളം, 2009, പുറം 108)
എന്നിട്ടും ലൈംഗികം
സ്ത്രീപുരുഷന്മാർ കലാലയങ്ങളിൽ ഒന്നിച്ചു പഠിച്ചുതുടങ്ങിയെങ്കിലും ഇവരെ പരസ്പരം ഇടപഴകാൻ അധികം അനുവദിച്ചിരുന്നില്ല. അക്കാലത്ത് കോളേജ് വിദ്യാർത്ഥികളായിരുന്ന പലരുടെയും ആത്മകഥകളിൽ ഇത് സ്പഷ്ടമാകുന്നുണ്ട്. 1930കളിൽ എറണാകുളം മഹാരാജാസ് കോളേജിൽ ആണിനും പെണ്ണിനും വേറെവേറെ കോണിപ്പടികളുണ്ടായിരുന്നു; ലൈബ്രറിയിൽ പോകാൻ വ്യത്യസ്ത സമയങ്ങളും. 1927ൽ തിരുവനന്തപുരം മഹാരാജാ (ഇന്നത്തെ യൂണിവേഴ്സിറ്റി കലാലയം) കലാലയത്തിലെ ഒരു വിദ്യാർത്ഥി ഇങ്ങനെയെഴുതി:
വിദ്യാർത്ഥിനികൾ! അവർ നമ്മുടെ കോളേജിന്റെ അവിഭാജ്യഘടകംതന്നെയോ? ലജ്ജ സ്ത്രീസ്വഭാവംതന്നെ, പക്ഷേ, ഒച്ചുകളെപ്പോലെ ചെറുതോടുകൾക്കുള്ളിൽ അവർ ഒളിച്ചിരിക്കുന്നതിന് അത് ന്യായീകരണമാകുമോ? ക്ലാസ്സുകളിലെ നിശബ്ദരായ കേൾവിക്കാർ എന്നതിലുപരി എന്തുപങ്കാളിത്തമാണ് അവർക്ക് കോളേജിന്റെ വിശാലജീവിതത്തിലും പ്രവർത്തനത്തിലുമുള്ളത്?...
അച്ചടക്കത്തിന്റെ പേരിൽത്തുടങ്ങി സ്ത്രീകളും പുരുഷന്മാരും തമ്മിലുണ്ടാകുന്ന ആകർഷണത്തെ ക്രിമിനൽകുറ്റമായി കണക്കാക്കുന്ന രീതിയിലവസാനിച്ച പെരുമാറ്റച്ചട്ടങ്ങളാണ് കലാലയങ്ങൾക്കുള്ളിൽ പ്രാവർത്തികമായത്. സഹവിദ്യാഭ്യാസത്തെ, അതായത് ആൺകുട്ടികളും പെൺകുട്ടികളും ഒന്നിച്ചിരുന്ന് പഠിക്കുന്ന രീതിയെ, എത്രത്തോളം അറച്ചറച്ചാണ് കേരളത്തിലെ വിദ്യാഭ്യാസാധികൃതർ സമീപിച്ചത്! നാലാംക്ലാസ്സിനുശേഷം മാനസികപക്വത എത്തിക്കഴിഞ്ഞതിനുശേഷമേ ആണിനെയും പെണ്ണിനെയും ഒപ്പമിരുത്താവൂ എന്നാണ് തിരുവിതാംകൂർ സർവ്വകലാശാലാരൂപീകരണത്തെപ്പറ്റി പഠിക്കാൻ നിയമിതമായ കമ്മിറ്റിക്ക് 1920കളിൽ ലഭിച്ച പ്രതികരണം. ഈ മനോഭാവം കൊണ്ട് പെൺകുട്ടികൾക്ക് കാര്യമായ നഷ്ടമുണ്ടെന്ന് ഒരു ലേഖിക അക്കാലത്തുതന്നെ ചൂണ്ടിക്കാണിച്ചിരുന്നു. 'സഹവിദ്യഭ്യാസം' എന്ന തന്റെ ലേഖനത്തിൽ എൻ. മാലതി ഇങ്ങനെയെഴുതി:
വിദ്യാഭ്യാസമുള്ള സ്ത്രീ സ്വതന്ത്രയോ?