താൾ:Kulastreeyum Chanthapennum Undayathengane.djvu/154

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വസ്തുത അനവധി ഗവേഷണപഠനങ്ങൾക്കു വഴിതെളിച്ചു. ഇന്ന് സ്കൂൾ-കോളേജ് വിദ്യാർത്ഥികളിൽ വലിയ ഭാഗവും പെൺകുട്ടികളാണ്. പത്താംതരത്തിലെത്തുന്നതും അധികവും പെൺകുട്ടികൾതന്നെ. സാങ്കേതികവിദ്യാഭ്യാസത്തിലും അവർ മുന്നേറിക്കൊണ്ടിരിക്കുന്നു. പുറംനാടുകളിൽ കേരളത്തെക്കുറിച്ചുള്ള ചർച്ചകളിൽ ഇവിടത്തെ സ്ത്രീകളുടെ വിദ്യാഭ്യാസനേട്ടം ഇന്നും വളരെ പ്രശംസിക്കപ്പെടാറുണ്ട്. - ഇന്നു കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥ, സാമൂഹ്യവികാസം എന്നിവയിൽ സ്ത്രീകളുടെ പങ്ക് എന്തുതന്നെയായാലും ശരി, കേരളം അടുത്തകാലത്തു സമ്പാദിച്ച കീർത്തിയുടെ നല്ലപങ്ക് സ്ത്രീകളുടെ സംഭാവനയാണെന്ന് നിസ്സംശയം പറയാം.

പത്തൊൻപതാം നൂറ്റാണ്ടിൽ മിഷണറിമാരുടെ പള്ളിക്കൂടങ്ങളിലാരംഭിച്ച് സർക്കാർപള്ളിക്കൂടങ്ങളുടെ വ്യാപനത്തിലൂടെയും സമുദായങ്ങൾ പടുത്തുയർത്തിയ വിദ്യാലയങ്ങളിലൂടെയും നാം ഈ നേട്ടത്തിൽ എത്തിച്ചേർന്നതിന്റെ ചിത്രം ഗവേഷകരുടെ പഠനങ്ങളിൽനിന്ന് ലഭിക്കുന്നുണ്ട്. ഇരുപതാംനൂറ്റാണ്ടിന്റെ മദ്ധ്യകാലമായപ്പോഴേക്ക് സമൂഹത്തിന്റെ താഴെക്കിടയിലുള്ളവരിൽ വലിയൊരു ശതമാനത്തിന് അക്ഷരവിദ്യാഭ്യാസമെങ്കിലും നേടാനുളള സാഹചര്യം ഇവിടെയുണ്ടായി.

എങ്കിലും പിന്തിരിഞ്ഞുനോക്കുമ്പോൾ - പ്രത്യേകിച്ച് സ്ത്രീപക്ഷത്തുനിന്നു നോക്കുമ്പോൾ - പല ചോദ്യങ്ങളും ഉയർന്നുവരുന്നു. സ്ത്രീകളുടെ കാര്യമെടുത്താൽ 'വിദ്യയുണ്ട്, തൊഴിലില്ല' എന്ന നിലയാണ്. സ്ത്രീകളായ തൊഴിലന്വേഷകരധികമുണ്ട് കേരളത്തിൽ; സ്ത്രീകളുടെ തൊഴിൽപങ്കാളിത്തം കുറവുമാണ്. കുടുംബത്തിനുള്ളിലും ഉന്നതവിദ്യാഭ്യാസം നേടിയ സ്ത്രീകളുടെ നില വളരെ മെച്ചമാണെന്ന് തീർത്തുപറയാൻ വയ്യ. ഇത്രയും വിദ്യാഭ്യാസം നേടിയിട്ടും കേരളത്തിലെ സ്ത്രീകൾ കൂടുതൽ ഗാർഹികാതിക്രമം സഹിക്കുന്നുവെന്നും പൊതുവെ സ്ത്രീകൾക്കെതിരെയുളള അതിക്രമം ഇവിടെ കൂടുതലാണെന്നും പഠനങ്ങൾ തെളിയിക്കുന്നുണ്ട്. മാത്രമല്ല, ഭർത്താവിൽനിന്നുളള മർദ്ദനത്തെ ഇവിടത്തെ നല്ലൊരുവിഭാഗം അഭ്യസ്തവിദ്യരായ സ്ത്രീകൾ ന്യായീകരിക്കുന്നുണ്ടെന്ന് ചില പഠനങ്ങൾ സൂചിപ്പിക്കുന്നു! സ്ത്രീകളുടെ ആത്മഹത്യാശ്രമനിരക്കും അധികമാണ്.

വിദ്യാസമ്പന്നകളായ മലയാളിവനിതകൾ
2001ൽ കേരളത്തിൽ 87.86 ശതമാനം വനിതകൾ സാക്ഷരരായിരുന്നു, 1950ൽ ഈ കണക്ക് വെറും 36.47 ശതമാനമായിരുന്നു എന്നോർക്കണം. ഇന്ത്യൻ ശരാശരിയെക്കാൾ (53.67%) എത്രയോ മുന്നിലാണിത്. അതുപോലെ, 2003-04ൽ കേരളത്തിലാകെയുള്ള 48.94 ലക്ഷം സ്ക്കൂൾവിദ്യാർത്ഥികളിൽ 49.1 ശതമാനം പെൺകുട്ടികളായിരുന്നു. പത്താംതരംവരെ എത്തുന്നതധികവും പെൺകുട്ടികൾതന്നെ. 2002-03ലെ കണക്കുപ്രകാരം ആൺകുട്ടികളിൽ 18.93 ശതമാനം കൊഴിഞ്ഞുപോയി. പെൺകുട്ടികളിൽ കേവലം 9.82 ശതമാനമേ കൊഴിഞ്ഞുള്ളൂ. കോളേജുകളിലെ ബിരുദപഠനത്തിൽ മൂന്നിൽ രണ്ടുപേർ പെൺകുട്ടികളാണ് - ബിരുദാനന്തരതലത്തിൽ മുക്കാലും. സാങ്കേതികപഠനത്തിൽ ആൺകുട്ടികളാണു മുന്നിലെങ്കിലും എഞ്ചിനിയറിങ്ങ് വിദ്യാഭ്യാസത്തിലുംമറ്റും പെൺകുട്ടികൾ മുന്നേറുന്നുണ്ട് - 2002-'03ലെ കണക്കുപ്രകാരം എഞ്ചിനിയറിങ്ങിനു ചേർന്നവരിൽ 33.96% പെൺകുട്ടികളായിരുന്നു. എങ്കിലും പൊതുവെ വിവാഹക്കമ്പോളത്തിൽ വിലയിടിവുണ്ടാക്കാത്ത വിദ്യാഭ്യാസത്തിലേക്കാണ് പെൺകുട്ടികൾ ഒഴുകിയെത്താറ്.



പുതിയ സാദ്ധ്യതകൾ, പുതിയ തടസങ്ങൾ

പത്തൊൻപതാംനൂറ്റാണ്ടിൽ മതപ്രചരണത്തിനായി ഇവിടെയെത്തിയ മിഷണറിമാർക്കു മുമ്പുതന്നെ പെൺകുട്ടികളെ ചെറിയതോതിൽ വിദ്യാഭ്യാസംചെയ്യിക്കുന്ന രീതി ഈ നാട്ടിലുണ്ടായിരുന്നു. ഓരോസ്ഥലത്തും നിലത്തെഴുത്തുപള്ളികളുണ്ടായിരുന്നു. അവിടെ ചെറിയ ആൺകുട്ടികളും പെൺകുട്ടികളും എഴുത്തും വായനയും അത്യാവശ്യം കണക്കും പഠിച്ചുവന്നു. സ്ഥിതിയുളള വീട്ടുകാർ ആശാന്മാരെ വീട്ടിൽവരുത്തി അവിടത്തെ കുട്ടികളെ മുഴുവൻ അടിസ്ഥാനപാഠങ്ങൾ അഭ്യസിപ്പിച്ചു. ഉന്നതജാതിയിൽപ്പെട്ട പല സ്ത്രീകളും മുഴുവൻ അടിസ്ഥാനപാഠങ്ങളും അഭ്യസിച്ചിരുന്നു. ഇതിനെക്കുറിച്ചു പറയുമ്പോൾ തെക്കൻതിരുവിതാംകൂറിൽ പ്രചാരത്തിലുളള ഒരു കഥയാണ് ഓർമ്മവരുന്നത്. സ്വാമി വിവേകാനന്ദന്റെ കേരളസന്ദർശനത്തെക്കുറിച്ചും കേരളം 'ഭ്രാന്താലയ'മാണെന്ന് അദ്ദേഹം പറഞ്ഞതിനെക്കുറിച്ചും മിക്കവരും കേട്ടിരിക്കും. ഇതുമൊരു വിവേകാനന്ദസന്ദർശനകഥയാണ്, അധികമാരും കേട്ടിട്ടില്ലെന്നുമാത്രം. നാഗർകോവിലിൽ വണ്ടിയിറങ്ങിയ സ്വാമി കന്യാകുമാരിയിലേക്ക് പോകുന്നവഴി വിശപ്പുംദാഹവുംകൊണ്ട് വലഞ്ഞു. സമീപത്തുളള വീടുകളിൽപ്പോയി ഭക്ഷണം ചോദിക്കാമെന്നുകരുതി പലരോടും

154

വിദ്യാഭ്യാസമുള്ള സ്ത്രീ സ്വതന്ത്രയോ?


"https://ml.wikisource.org/w/index.php?title=താൾ:Kulastreeyum_Chanthapennum_Undayathengane.djvu/154&oldid=162788" എന്ന താളിൽനിന്ന് ശേഖരിച്ചത്