നാട്ടെ കുടുംബവീട്ടിൽ സന്ദർശനത്തിനെത്തിയപ്പോൾ സഹോദരന്റെ ഭാര്യയ്ക്ക് സൂര്യപടത്തിൽ തുന്നിയ രണ്ടു റവുക്ക സമ്മാനമായി കൊടുത്തു. സി.വി.യുടെ ഭാര്യ ആദ്യമായാണ് റവുക്ക കാണുന്നത്. അവർക്കത് ഇഷ്ടമായി. ഭർത്താവിനും ഇഷ്ടമായി. പക്ഷേ, ഭർത്താവിന്റെ അമ്മയ്ക്ക് അതു തീരെ പിടിച്ചില്ല. ക്രിസ്തുമതമോ ഇസ്ലാംമതമോ സ്വീകരിച്ചവരോ 'ആട്ടക്കാരികളോ' ആണ് റവുക്ക ധരിക്കുന്നത് എന്നായിരുന്നു അവരുടെ വിശ്വാസം! അമ്മായിയമ്മയുടെ ദേഷ്യത്തെപ്പേടിച്ച് സി.വിയുടെ ഭാര്യ റവുക്ക പെട്ടിയിൽവച്ചു. അമ്മായി ഉറങ്ങിക്കഴിഞ്ഞാൽ അവർ അതു പുറത്തെടുത്തു ധരിക്കും - രാത്രി വളരെ വൈകിമാത്രം എത്തിയിരുന്ന ഭർത്താവിനെ ആനന്ദിപ്പിക്കാൻവേണ്ടിമാത്രം!
'ഭർത്താവിനുവേണ്ടിമാത്രം' അണിഞ്ഞൊരുങ്ങുന്നതിൽ തെറ്റില്ലെന്ന് അന്നത്തെ പുരോഗമനവാദികളിൽ ചിലരുൾപ്പെടെയുള്ള ഒരുവിഭാഗം വാദിച്ചിരുന്നു. ഭർത്താവിനെ വിവാഹബന്ധത്തിൽ പിടിച്ചുനിർത്തണമെങ്കിൽ പെണ്ണുങ്ങൾ ഇതിനു തയ്യാറാകണമെന്നുപോലും വാദിച്ചവരുണ്ടായിരുന്നു - കേരളത്തിലെ സാമൂഹ്യപരിഷ്ക്കർത്താക്കളിൽ ഒന്നാംസ്ഥാനക്കാരനായി ആദരിക്കപ്പെടുന്ന വി.ടി. ഭട്ടതിരിപ്പാടുപോലും ഈ അഭിപ്രായത്തെ പിന്താങ്ങിയിരുന്നു. 'നമ്പൂതിരി മനുഷ്യനായി മാറണമെങ്കിൽ' എന്ന തന്റെ അതിപ്രശസ്തമായ പ്രസംഗത്തിൽ അന്തർജനങ്ങളുടെ വസ്ത്രധാരണരീതികളിൽ പരിഷ്ക്കാരികളായ നമ്പൂതിരിയുവാക്കളിൽ അറപ്പുംവെറുപ്പുമാണ് ഉളവാക്കുന്നതെന്നും കേവലം സദാചാരബോധത്തിന്റെപേരിൽമാത്രമാണ് നമ്പൂതിരിയുവാക്കന്മാർ 'അപരിഷ്കൃതരായ' അന്തർജനയുവതികളെ വിവാഹംചെയ്യാൻ തയ്യാറാകുന്നതെന്നും അദ്ദേഹം പ്രസ്താവിച്ചു. അന്തർജനങ്ങൾ വൃത്തിയും ഭംഗിയുമുള്ള പുതിയ വസ്ത്രധാരണരീതി സ്വീകരിച്ചില്ലെങ്കിൽ നമ്പൂതിരി പുരുഷന്മാർ വേറെ സ്ത്രീകളെ ഭാര്യമാരായി സ്വീകരിക്കാനിടയുണ്ടെന്ന് അദ്ദേഹം മുന്നറിയിപ്പു നൽകി.
നമ്പൂതിരിസമുദായ പരിഷ്ക്കരണപ്രസ്ഥാനത്തിന്റെ മുൻനിരക്കാരായ സ്ത്രീകളെ ഈ നിർദ്ദേശം അസ്വസ്ഥരാക്കി.
മനഃപരിഷ്ക്കാരത്തിനു മുന്തിയസ്ഥാനം നൽകിയ അവർക്ക് 'ഭർത്താവിനുവേണ്ടി'മാത്രം വേണമെങ്കിൽ അണിഞ്ഞൊരുങ്ങാം എന്ന നിർദ്ദേശം അസ്വീകാര്യമായിരുന്നു. സ്ത്രീകളെ പൂർണ്ണവ്യക്തിത്വത്തിലെത്താൻ സഹായിക്കുന്ന മനഃപരിഷ്ക്കരണത്തിൽനിന്നും അവരെ വ്യതിചലിപ്പിക്കുന്ന നിർദ്ദേശമാണിതെന്ന് അവർക്കു തോന്നി. പുരുഷന്മാരോടൊപ്പം അദ്ധ്വാനിക്കുക, വിദ്യാഭ്യാസംനേടുക, പൊതുകാര്യങ്ങളിൽ താത്പര്യമെടുക്കുക - ഇതൊക്കെ ചെയ്യുന്നതിനുപകരം 'ഭർത്താവിനുവേണ്ടി' എന്ന ഒഴിവുകഴിവും പറഞ്ഞ് സ്ത്രീകൾ അണിഞ്ഞൊരുങ്ങിനടക്കുന്നത് എത്രത്തോളം ആരോഗ്യകരമാണ് - അവർ ചോദിച്ചു. നമ്പൂതിരിസമുദായപരിഷ്ക്കരണത്തിന്റെ നായികമാരിൽ ഒരാളായിരുന്ന പാർവ്വതി നെന്മിനിമംഗലം ഈ നിർദ്ദേശത്തെ പരോക്ഷമായി വിമർശിച്ചു:
... പുരുഷന്മാരെ വശീകരിക്കാൻവേണ്ടിമാത്രമല്ല നാം ഇന്ന് ഇത്തരം വസ്ത്രധാരണം ചെയ്യുന്നതും ആഭരണങ്ങൾ അണിയുന്നതും. നമുക്കു പുരുഷന്മാരെ വശീകരിക്കേണ്ട ആവശ്യമില്ല; അതു നിന്ദ്യവും ആഭാസവുമാണ്. ഒരു സ്ത്രീ ഭർത്താവിനെമാത്രം വശീകരിക്കണം; അതു കൃത്രിമവേഷംകൊണ്ടല്ല. കൃത്രിമവേഷംകൊണ്ടുമാത്രം വശീകൃതനായ പുരുഷനെ ഭർത്താവായി സ്വീകരിച്ചാൽ തീർച്ചയായും നാം വ്യസനിക്കേണ്ടിവരും. നമ്മുടെ ഈ വേഷഭൂഷണങ്ങൾ തീരെ മാറ്റണം; ആഛാദനം അത്യാവശ്യമാണ്; അത് ആഡംബരത്തിനാവരുത്. സ്ത്രീക്കും പുരുഷനും വസ്ത്രധാരണത്തിൽ വ്യത്യാസം ആവശ്യമേയില്ല... പ്രവൃത്തിയെടുക്കുന്നത് അപമാനമല്ല, അഭിമാനമാണ്... ശരിയായി പുരുഷന്മാരോടൊപ്പം പ്രവൃത്തിയെടുത്തെങ്കിൽ, അദ്ധ്വാനിച്ചെങ്കിൽമാത്രമേ, സ്ത്രീകൾക്കു യഥാർത്ഥമായ സ്വാതന്ത്യ്രവും സ്ത്രീത്വവും ഉണ്ടാവുകയുള്ളൂ.
ഇതുകൂടാതെ സ്ത്രീയുടെ പുതിയ വസ്ത്രധാരണരീതി പുരുഷന് എത്ര ആനന്ദം നൽകുന്നതായാലുംശരി, അത് വലിയ അസൗകര്യമാണ് സ്ത്രീകൾക്കുണ്ടാക്കുന്നതെന്ന് തുറന്നുപറയാൻ പിൽക്കാലത്തെ ചില സ്ത്രീകൾ തയ്യാറായി. കെ. സരസ്വതിയമ്മ > കാണുക പുറം 121 < യുടെ വാക്കുകളിൽ:
മഴയത്തു റോഡിലെ വെള്ളത്തിൽ കിടന്നിഴഞ്ഞു ഘനംതൂങ്ങുന്ന സാരിയുമായി വലിഞ്ഞുനീങ്ങുന്നതിന്റെ വിഷമം അനുഭവിച്ചവർക്കല്ലേ അറിയാവൂ? അതിനുപകരം മുണ്ടും മടക്കിക്കുത്തി മൂളിപ്പാട്ടുംപാടി അല്ലലറിയാതെ നടക്കാൻ സാധിക്കുന്നതുതന്നെ എന്തൊരു ഭാഗ്യമാണ്! പല കാരണങ്ങളാലും ഘനംതൂങ്ങുന്ന മുടിക്കെട്ടു വേണ്ടെന്നുവെച്ചാൽ തലയുടെ ഘനം വിട്ടുകിട്ടും; എന്നാൽപ്പിന്നെ തലച്ചോറും നേരെ പ്രവർത്തിച്ചേനെ.
സ്ത്രീകളുടെ വസ്ത്രാലങ്കാരം വാസ്തവത്തിൽ സ്ത്രീകളെ തമ്മിൽ ഭിന്നിപ്പിക്കാനാണ് സഹായിക്കുന്നതെന്നും അവർ ചൂണ്ടിക്കാണിച്ചു:
സ്ത്രീശരീരത്തിനു ചുറ്റും നടന്ന യുദ്ധങ്ങൾ