പഴയമട്ടിൽ വേഷംധരിച്ച യുവതികൾ അവർക്കു തീരെ ചേരില്ലെന്നും നമ്പൂതിരി സമുദായനേതാക്കളിൽ പലരും വാദിച്ചു. എന്നാൽ നമ്പൂതിരിസ്ത്രീകളെ സംബന്ധിച്ചിടത്തോളം ബ്ലൗസിടുക എന്നത് പഠിപ്പും ജോലിയുമുള്ള ഭർത്താക്കന്മാരെ ആകർഷിക്കാനുള്ള തന്ത്രം മാത്രമായിരുന്നില്ല - പരമ്പരാഗത കുടുംബരീതിക്കുള്ളിൽ സ്ത്രീകൾക്കു കൽപ്പിച്ചിരുന്ന കടുത്തനിയമങ്ങൾക്കും കീഴ്നിലയ്ക്കും എതിരെയുള്ള ചെറുത്തുനിൽപ്പായിരുന്നു അത്. എം.പി. ഭട്ടതിരിപ്പാട് 1940ൽ എഴുതിയ ഋതുമതി എന്ന നാടകം ഈ ചെറുത്തുനിൽപ്പിനെക്കുറിച്ചായിരുന്നു. യാഥാസ്ഥിതികവൃത്തങ്ങളിൽ ഇതു വലിയ കോളിളക്കമുണ്ടാക്കി.
എന്നാൽ പുതിയ വസ്ത്രധാരണരീതികളോട് അഭ്യസ്തവിദ്യരായ യുവതികൾ കാട്ടിയ താൽപര്യത്തെ അല്പം സംശയത്തോടുകൂടിയല്ലാതെ കാണാൻ പല സമുദായപ്രമാണികൾക്കും കഴിഞ്ഞിരുന്നില്ല. നേരത്തെ പറഞ്ഞതുപോലെ, സ്ത്രീകൾ വസ്ത്രം ഇടണമെന്ന് പറയുമ്പോഴും അത് 'ഒരുങ്ങിക്കെട്ടലാ'കുമോ എന്ന ഭയം എപ്പോഴും അവരെ അലട്ടിയിരുന്നു. അതുകൊണ്ട് പഴയ വസ്ത്രധാരണരീതി വേണ്ടെന്നുവയ്ക്കുന്നവരെ 'അഴിഞ്ഞാട്ടക്കാരികളാ'യിക്കാണാൻ ചിലരൊക്കെ തയ്യാറായി. ഇതിന് ചുട്ട മറുപടികൊടുക്കാൻ അന്നത്തെ സ്ത്രീകളിൽ ചിലർ ഉത്സാഹിച്ചു. ആധുനികവസ്ത്രം ധരിക്കാൻ തയ്യാറായ സ്ത്രീകളെല്ലാം പച്ചപ്പരിഷ്ക്കാരികളാണെന്ന് അടച്ചാക്ഷേപിച്ചുകൊണ്ട് അക്കാലത്തെ സമുദായപ്രമാണിമാരിലൊരാളായിരുന്ന പുത്തേഴത്തു രാമമേനോൻ 'അനുകരണഭ്രമം' എന്നപേരിൽ 1915ൽ ലേഖനമെഴുതി. ഇതിന് മറുപടിയായി സി.പി. കല്യാണിയമ്മ ഇങ്ങനെ എഴുതി:
ആകപ്പാടെ ഞങ്ങൾക്കുള്ള ദോഷങ്ങളെല്ലാം ഇംഗ്ലീഷുവിദ്യാഭ്യാസംകൊണ്ടു വന്നിട്ടുള്ളതാണെന്നാണ് മിസ്റ്റർ മേനോന്റെ അഭിപ്രായം. ഇംഗ്ലീഷ് പുസ്തകങ്ങളെല്ലാം
സ്ത്രീശരീരത്തിനു ചുറ്റും നടന്ന യുദ്ധങ്ങൾ