Jump to content

താൾ:Kulastreeyum Chanthapennum Undayathengane.djvu/139

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അന്തസ്സിനു പകരംവന്നാൽ അതു വളരെ കഷ്ടമാണെന്നു പറഞ്ഞേ മതിയാവൂ.

(Fred Fawcett, Nayars of Malabar, New Delhi, (1915)1984, പുറം 198.)


എന്നാൽ അപ്പോഴേക്കും 'യുദ്ധം' ആരംഭിച്ചുകഴിഞ്ഞിരുന്നു; ഫാസറ്റിന്റെ ഖേദം ശ്രദ്ധിക്കപ്പെട്ടില്ല. സ്ത്രീനഗ്നത 'സംസ്ക്കാര'ത്തിനെതിരാണെന്ന ധാരണ അക്കാലത്തെ എല്ലാ സമുദായപരിഷ്ക്കരണപ്രസ്ഥാനങ്ങളും ഉൾക്കൊണ്ടുകഴിഞ്ഞിരുന്നു. പാരമ്പര്യത്തിന്റെ പിടിയിൽനിന്ന് സ്ത്രീശരീരത്തെ വീണ്ടെടുക്കാനുള്ള തന്ത്രമെന്നനിലയിൽ ഈ പ്രസ്ഥാനങ്ങളെല്ലാം സ്ത്രീകളുടെ വസ്ത്രപരിഷ്ക്കാരത്തിന് മുന്തിയ സ്ഥാനംനൽകി. 19-ാം നൂറ്റാണ്ടിൽ സ്ത്രീകളുടെ വസ്ത്രധാരണരീതിയെ ബലപ്രയോഗത്തിലൂടെ മാറ്റിക്കൊണ്ട് ജാതിവ്യവസ്ഥയെ വെല്ലുവിളിച്ച ഈഴവപ്രമാണിമാരുടെ നിരവധി കഥകൾ ഇന്നും തിരുവിതാംകൂറിൽ കേൾക്കാനുണ്ട് - ആറാട്ടുപുഴയിലെ വേലായുധപ്പണിക്കർ, കായംകുളത്തെ കല്യാശ്ശേരി അച്ചൻ മുതലായ വീരപുരുഷന്മാർ ഈഴവസ്ത്രീകളെ ബലമായി തോർത്തുടുപ്പിക്കുകയും കാതുകുത്തിക്കുകയുംമറ്റും ചെയ്തതിന്റെ കഥകൾ ഇന്നും ആ പ്രദേശങ്ങളിൽ കേൾക്കാനുണ്ട്. ഇവരെപ്പോലെ നേരിട്ടുള്ള ബലപ്രയോഗത്തിലൂടെ അല്ലെങ്കിലും ചിലപ്പോഴെങ്കിലും പരോക്ഷമായ സമ്മർദ്ദം ചെലുത്തേണ്ടിവന്നിരുന്നു, സമുദായപരിഷ്ക്കർത്താക്കൾക്ക്. ബ്രാഹ്മണമേധാവിത്വത്തെ ചെറുക്കാനുള്ള മാർഗ്ഗമായി നായർസമുദായനേതാക്കൾ സ്ത്രീകളുടെ മാറുമറയ്ക്കലിനെ പിന്താങ്ങിയപ്പോൾ, നമ്പൂതിരിസമുദായപരിഷ്ക്കർത്താക്കൾ അന്തർജനങ്ങളുടെ മാറുമറയ്ക്കാനുള്ള ശ്രമങ്ങളെ പിന്താങ്ങുകയായിരുന്നു. ബലപ്രയോഗത്തിന്റെ പല കഥകളും ഈ ഊർജ്ജിതശ്രമങ്ങളെക്കുറിച്ചുള്ള ഓർമ്മിക്കലുകളിൽ കേൾക്കാനുണ്ട്. മാറുമറയ്ക്കാൻ വിസമ്മതിച്ച അരയസ്ത്രീകളെ ചായംപൂശിവിട്ട അരയസമുദായപ്രേമികളായ യുവാക്കന്മാരെക്കുറിച്ച് പി.കെ. ഡീവർ എന്ന അരയസമുദായ പരിഷ്ക്കർത്താവിന്റെ ജീവചരിത്രത്തിൽ പറയുന്നുണ്ട്. ഈഴവസമുദായനേതാവായിരുന്ന കെ.എസ്. ശങ്കുവിന്റെ ഭാര്യ കുഞ്ഞിയമ്മയ്ക്കും ഇത്തരമൊരു കഥയുണ്ടായിരുന്നു. കോട്ടയത്തുനിന്ന് ചങ്ങനാശ്ശേരിവരെ ബ്ലൗസിട്ട പത്തിരുപതു പെണ്ണുങ്ങളുടെ ജാഥ നടത്തിയതിനെക്കുറിച്ചാണ് കഥ. കുഞ്ഞിയമ്മ അതിൽ മുൻനിരക്കാരിയായിരുന്നു. കുറച്ചുദൂരം ചെന്നപ്പോൾ പലസ്ത്രീകളും കുപ്പായമഴിച്ചു മടിയിൽവച്ചു. ഇതിനെത്തുടർന്ന് കിടങ്ങൂർമുണ്ടൻ എന്നയാൾ ബ്ലൗസഴിച്ച പെണ്ണുങ്ങളുടെ മുന്നിലേക്ക് പൂർണ്ണനഗ്നനായി കടന്നുചെന്നത്രേ!

വസ്ത്രധാരണവും സ്ത്രീകളുടെ മേൽ ബലപ്രയോഗവും

വസ്ത്രധാരണപരിഷ്കാരത്തെ സ്ത്രീകൾ സ്വാഭാവികമായി സ്വീകരിച്ചുവെന്ന് നാം പലപ്പോഴും ധരിക്കാറുണ്ട്. ഇതു ശരിയല്ല. ശരീരത്തെക്കുറിച്ച് നാണംതോന്നുന്നത് സ്വാഭാവികമാണെന്ന ധാരണതന്നെ ശരിയല്ല. സ്ത്രീശരീരത്തിന്റെ നഗ്നത മാന്യമല്ലെന്ന തോന്നൽ ശക്തമായപ്പോഴാണ് സ്ത്രീകൾ മേൽവസ്ത്രം നിർബന്ധമായും ഇട്ടുതുടങ്ങിയത്. ഈ തോന്നൽ അവരിലുണ്ടാക്കാൻ പുരുഷന്മാരായ പരിഷ്കർത്താക്കൾക്ക് വളരെ അദ്ധ്വാനിക്കേണ്ടിവന്നു എന്നു സൂചനയുമുണ്ട്. പലപ്പോഴും ബലപ്രയോഗത്തിലൂടെത്തന്നെ അവർ സ്ത്രീകളുടെ വസ്ത്രധാരണബോധത്തിൽ മാറ്റംവരുത്താൻ നോക്കുകയും ചെയ്തു. ഏറ്റുമാനൂർ സോമദാസൻ അരയസമുദായനേതാവായിരുന്ന പി.കെ. ഡീവറിന്റെ ജീവചരിത്രത്തിൽ 1920കളിൽ നടന്ന ഇത്തരമൊരു സംഭവം വിവരിക്കുന്നുണ്ട്:

മത്സ്യവില്പനക്കാരികളായിരുന്ന ധീവരസ്ത്രീകൾ മാറുമറച്ചു നടക്കണമെന്ന് കറുപ്പൻ മാസ്റ്റർ [അരയനേതാവായിരുന്ന പണ്ഡിറ്റ് കറുപ്പൻ] ആദ്യകാലംമുതൽക്കേ നിർബന്ധിച്ചിരുന്നു. ബ്ലൗസ് അന്ന് സാധാരണമല്ലായിരുന്നു. ഉയർന്നജാതി സ്ത്രീകൾ മുലക്കച്ചകെട്ടുകയോ റൗക്ക ധരിക്കുകയോ ചെയ്തിരുന്നു. അരയത്തികൾക്ക് അതു പാടില്ലായിരുന്നു. അതുകൊണ്ട് കറുപ്പൻമാസ്റ്റർ നിശ്ചയിച്ചത് കച്ചത്തോർത്താണ്. 'കറുപ്പൻകച്ച' എന്ന പേരിലാണ് അരയസ്ത്രീകൾക്കിടയിൽ അതറിയപ്പെട്ടിരുന്നത്. പക്ഷേ, കച്ചയുടുക്കാൻ പലർക്കും അസൗകര്യമായിത്തോന്നി. അവർ 'കറുപ്പൻകച്ച'യിൽനിന്ന് സ്വയം മോചിതരായി. അതിനൊരു പരിഹാരംകണ്ടെത്തിയത് ഡീവറും അത് പ്രയോഗത്തിൽ വരുത്തിയത് പരിഷ്ക്കരണപ്രിയരായ ചില യുവാക്കളുമായിരുന്നു. ചായംകലക്കിയ ഒരു ടിന്നും ബ്രഷുമായി അവർ വഴിയരികിൽ കാത്തുനിൽക്കും. നഗ്നമാറിടവുമായി തലയിൽ മീൻകുട്ടയുടെ ബാലൻസുതെറ്റാതെ കുണുങ്ങിക്കുണുങ്ങി കൂസലില്ലാതെ നടന്നുവരുന്ന സ്ത്രീകളെ ചായംപൂശി വിടും. ആ വിദ്യ ഫലിച്ചു. കറുപ്പൻകച്ച ഉപേക്ഷിച്ചവരൊക്കെ വീണ്ടും അതു സ്വീകരിച്ചുതുടങ്ങി.

(ഡീവർ എന്ന കർമ്മധീരൻ, കൊച്ചി, 1993, പുറം 42-43)


ഇങ്ങനെ ബലപ്രയോഗത്തിലൂടെയല്ലാതെ, നയപ്രയോഗത്തിലൂടെ സ്ത്രീകളെ വസ്ത്രംധരിപ്പിക്കാൻ പ്രരിപ്പിക്കുന്ന രീതികളായിരുന്നു അധികവും പ്രചാരത്തിലുണ്ടായിരുന്നത്. 1916ൽ അയിരൂരിൽ കൂടിയ നായർസമ്മേളനം നീളൻകുപ്പായം ധരിക്കാൻ ധനശേഷിയില്ലാത്ത സ്ത്രീകൾ ചെറിയ 'ജമ്പർ' (jumper) ധരിച്ചാൽമതിയെന്ന് പ്രമേയം പാസാക്കി - ഇത് 'നയ


139


സ്ത്രീശരീരത്തിനു ചുറ്റും നടന്ന യുദ്ധങ്ങൾ

"https://ml.wikisource.org/w/index.php?title=താൾ:Kulastreeyum_Chanthapennum_Undayathengane.djvu/139&oldid=162771" എന്ന താളിൽനിന്ന് ശേഖരിച്ചത്