താൾ:Kulastreeyum Chanthapennum Undayathengane.djvu/116

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


സ്വാധീനം ചെലുത്തുന്നവരായ ഈ നാട്ടിലെ മാതാക്കന്മാരുടെ മനസ്സുകളെ നേർവഴിയിലേക്കു തിരിച്ചുവിടേണ്ടത് എത്രയോ ആവശ്യമായിരിക്കുന്നു!

(The Missionary Register, London, 1847, പുറം 476)


പുതിയ മാതൃസങ്കൽപ്പമനുസരിച്ച് ഇത്തരം സംസ്കരണമാണ് സാമൂഹ്യമാറ്റത്തിന്റെ ആദ്യചുവട്. കാരണം മാതാവിന്റെ ശീലങ്ങളും സ്വഭാവങ്ങളും അപ്പാടെ കുട്ടികളിലേക്കു പകരുമെന്ന വിശ്വാസംതന്നെ. സ്ത്രീവിദ്യാഭ്യാസത്തിന്റെ ഏറ്റവും സാധാരണമായ ന്യായീകരണമായി ഇതു മാറി. ഒപ്പം, പരമ്പരാഗതകുടുംബങ്ങളിൽ കുട്ടികളെ വളർത്തുന്ന രീതി ആകെ അബദ്ധമാണെന്ന പ്രഖ്യാപനവുമുണ്ടായി. ആദ്യകാലമലയാളനോവലുകളിൽ പലതും "നല്ലകുടുംബ'ത്തിന്റെയും "ചീത്ത കുടുംബ'ത്തിന്റെയും മാതൃകകളെ വായനക്കാരുടെ മുന്നിലവതരിപ്പിച്ചു.

എന്നാൽ കുട്ടികളുടെ ശരിയായ പരിചരണത്തെക്കുറിച്ചുള്ള ഉപദേശം ആദ്യകാലത്ത് പുരുഷന്മാരെയും ഉന്നംവച്ചിരുന്നു. നവീനവിദ്യാഭ്യാസം, പെരുമാറ്റരീതികൾ, സദാചാരമൂല്യങ്ങൾ തുടങ്ങിയവയുമായി കൂടുതൽ പരിചയം ആ കാലത്ത് പുരുഷന്മാർക്കായിരുന്നതുകൊണ്ടായിരുന്നിരിക്കാം ഇങ്ങനെ സംഭവിച്ചത്. 1889ൽ ആധുനികതിരുവിതാംകൂറിന്റെ സ്രഷ്ടാവായി അംഗീകരിക്കപ്പെട്ട ദിവാൻ മാധവരായർ എഴുതിയ Hints on the Training of Native Children എന്ന പുസ്തകം (1889) അച്ഛന്മാരെയാണ് അഭിസംബോധന ചെയ്യുന്നത്. 'കോലുകൊണ്ടുള്ള' ശാസന യാതൊരു ഗുണവുംചെയ്യില്ലെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ട് കുട്ടികളുടെ കായികവും മാനസികവും വൈകാരികവുമായ പരിരക്ഷയുടെ സൂക്ഷ്മവശങ്ങളിലേക്ക് മാധവരായർ ഈ പുസ്തകത്തിൽ കടന്നു. അച്ഛന്റെ ശീലവും പെരുമാറ്റവും അനുകരിക്കാനുള്ള വാസന കുട്ടികളിലുണ്ടെന്നതിനാൽ സ്വയം നന്നാവാൻ അച്ഛൻ ശ്രദ്ധിക്കണമെന്ന് അദ്ദേഹം നിർദ്ദേശിക്കുന്നു:

DownArrow.png

അച്ഛന്റെ നടത്ത നല്ലതായിരുന്നാൽ അതിനെ കുഞ്ഞുങ്ങൾ കണ്ടുപഠിക്കുന്നതിനാലുണ്ടാകുന്ന ഫലം അച്ഛന്റെ ഉപദേശങ്ങളെക്കാളും അധികം ഗുണകരമായിരിക്കും... അതിനാൽ കുഞ്ഞുങ്ങൾ പിൽക്കാലത്തിൽ എങ്ങനെ നടക്കണമെന്ന് അച്ഛൻ വിചാരിക്കുന്നുവോ ആ മാതിരി കുഞ്ഞുകാൺകെ അച്ഛൻ നടന്നുകൊള്ളുന്നതിനു ശ്രമിക്കണം. (പുറം 23)

എന്നാൽ 20-ാം നൂറ്റാണ്ടായപ്പോഴേക്കും ഈ ഉപദേശം ഏതാണ്ട് മുഴുവനും സ്ത്രീകളെ ഉദ്ദേശിച്ചായി. സമുദായപ്രസ്ഥാനങ്ങളിലൂടെയും സർക്കാരിന്റെ പ്രചരണത്തിലൂടെയും പുതിയ പാഠപുസ്തകങ്ങളിലൂടെയും മറ്റും നവമാതൃത്വാദർശത്തിന് നല്ല പ്രചരണം ലഭിച്ചു. ആദ്യകാലസ്ത്രീവാദികളിൽ പലരും ഈ ആദർശം സ്ത്രീക്ക് അണുകുടുംബത്തിനുള്ളിൽ പ്രവർത്തിക്കാൻ കൂടുതൽ അവസരം നൽകുന്നുണ്ടെന്ന് വാദിച്ചു; സ്ത്രീവിദ്യാഭ്യാസത്തിനുള്ള ശക്തമായ ന്യായീകരണമെന്ന നിലയ്ക്കും ഇതവർക്ക് സ്വീകാര്യമായിത്തീർന്നു. എന്തായാലും, അണുകുടുംബത്തിന്റെ ചിട്ടവട്ടങ്ങളിലാണ് കുഞ്ഞ് വളരുന്നത്, അല്ലെങ്കിൽ വളരേണ്ടത്, എന്ന ധാരണയായിരുന്നു ഈ ഉപദേശങ്ങളുടെ പിന്നിൽ. 1921ൽ പ്രസിദ്ധീകരിക്കപ്പെട്ട 'വിദ്യാഭ്യാസത്തിൽ സ്ത്രീകളുടെ സ്ഥാനം' എന്ന ലേഖനം നല്ല ഉദാഹരണമാണ്:

DownArrow.png

[ഒരു ശിശു] ആദ്യം പരിചയപ്പെടാൻ ഇടവരുന്ന ആളുകൾ അതിന്റെ മാതാപിതാക്കന്മാരല്ലാതെ മറ്റാരുമല്ലല്ലോ. മാതാപിതാക്കന്മാരിൽത്തന്നെയും മാതാവിനെയാണ് അത് അധികവും സംബന്ധിക്കുന്നത്. ശൈശവത്തിൽ നമ്മെ ശുശ്രൂഷിച്ചു സർവ്വഥാ കാത്തുസൂക്ഷിച്ചുപോരുന്നതു നമ്മുടെ അമ്മയാകുന്നു. പിതാവിനു വേറെ ധാരാളം ജോലികൾ നിർവ്വഹിക്കുവാനുള്ളതുകൊണ്ട് അദ്ദേഹത്തിന്റെ ലാളനയ്ക്ക് നാം അത്രയധികം പാത്രീഭവിക്കുന്നില്ല. തന്നിമിത്തം ശിശുക്കളായിരിക്കുമ്പോൾ നമ്മുടെ സ്നേഹഭാജനമായ അമ്മയുടെ സകല ചേഷ്ടകളെയും നാം ശ്രദ്ധാപൂർവ്വം അനുകരിക്കുന്നു....

(ലക്ഷ്മീഭായി, പുറം 206)


എന്നാൽ കൂട്ടുകുടുംബങ്ങളിൽ കുട്ടികളെ വളർത്തുന്നതിന്റെ ഉത്തരവാദിത്വം പെറ്റമ്മയുടേതു മാത്രമായിരുന്നില്ലെന്നും, ഇവിടെപ്പറഞ്ഞ നേരിട്ടുള്ള, തീവ്രമായ, അനുകരണം അവിടെ സംഭവിക്കാനിടയില്ലെന്നുമാണ് നരവംശശാസ്ത്രജ്ഞരുടെ രചനകൾ നമുക്കു തരുന്ന സൂചന. കൂട്ടുകുടുംബങ്ങളെപ്പറ്റി ഇവർ നടത്തിയ പഠനങ്ങളിൽ പഴയ നായർതറവാടുകളിൽ പെറ്റമ്മയ്ക്കുപുറമെ വല്യമ്മ - ചെറിയമ്മമാർ, അമ്മൂമ്മമാർ, മുത്തശ്ശി മുതലായ നിരവധി സ്ത്രീകളും തറവാട്ടിൽ പണിയെടുക്കുന്ന സ്ത്രീകളും ചേർന്നാണ് ശിശുസംരക്ഷണത്തിന്റെ ചുമതല വഹിച്ചിരുന്നത്. M.S.A. Rao എന്ന നരവംശശാസ്ത്രജ്ഞൻ 1951ൽ നടത്തിയ ഗവേഷണത്തിൽപ്പോലും കൂട്ടുകുടുംബങ്ങളിൽ ഇതുതന്നെയായിരുന്നു സ്ഥിതി. അതുപോലെ ചെറുപ്രായം കഴിഞ്ഞാൽ ആൺകുട്ടികളുടെ മേൽനോട്ടം തറവാട്ടിലെ പുരുഷന്മാർ - വിശേഷിച്ച് അമ്മാവന്മാർ - ഏറ്റെടുത്തിരുന്നുവെന്നും ഇദ്ദേഹം പറയുന്നു. മലയാളബ്രാഹ്മണരുടെ കൂട്ടുകുടുംബങ്ങളിലും കുട്ടികളുടെ സംരക്ഷണത്തിനായി 'ഇരിക്കണമ്മ'മാരായി നായർസ്ത്രീകളെ നിയമിക്കുന്ന രീതിയെക്കുറിച്ച് കാണിപ്പയ്യൂർ ശങ്കരൻനമ്പൂതിരിപ്പാട് എന്റെ സ്മരണകൾ എന്ന കൃതിയിൽ പറയുന്നുണ്ട്. ഈ സംവി

116

മാറുന്ന മാതൃത്വം


"https://ml.wikisource.org/w/index.php?title=താൾ:Kulastreeyum_Chanthapennum_Undayathengane.djvu/116&oldid=162746" എന്ന താളിൽനിന്ന് ശേഖരിച്ചത്