താൾ:Kulastreeyum Chanthapennum Undayathengane.djvu/102

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


ങ്കിൽ 'പാണ്ഡവാചാരം' എന്ന രീതിയും കണ്ടിരുന്നു. ഒരു സ്ത്രീക്ക് ഒരേസമയം പല ഭർത്താക്കന്മാർ ഉണ്ടായിരിക്കുന്നതാണ് 'ബഹുഭർതൃത്വം'; അവർ സഹോദരന്മാർകൂടിയാണെങ്കിൽ അതു 'പാണ്ഡവാചാരം'. വടക്കേ മലബാറിൽ സംബന്ധംകഴിഞ്ഞാൽ ഭാര്യ ഭർത്താവിന്റെ കുടുംബത്തിൽ പോയി താമസിക്കുന്നതായിരുന്നു പതിവ്. ഇതോടൊപ്പം സ്വന്തം വീടുമായുള്ള ബന്ധം അവർ നിലനിർത്തി. ഭർത്താവ് മരിക്കാനിടവന്നാൽ സ്വന്തം കുടുംബത്തിലേക്ക് മടങ്ങുകയും ചെയ്തു. തെക്കേ മലബാറിലാകട്ടെ, ഭാര്യ സ്വന്തം തറവാട്ടിൽത്തന്നെ താമസിക്കുകയും ഭർത്താവ് അവിടെച്ചെന്ന് അവരെ സന്ദർശിക്കുകയും ചെയ്യുന്ന രീതിയായിരുന്നു.

ഇതുകൂടാതെ വിവാഹംനടത്തുന്ന രീതിയിലും വിവാഹബന്ധത്തിലും പല വ്യത്യാസങ്ങളും കണ്ടിരുന്നു. സമൂഹം അംഗീകരിച്ച ഒരു രീതിയല്ല, പല രീതികളായിരുന്നു ഉണ്ടായിരുന്നത്. ഇന്ന് ഇവിടെ വ്യാപകമായി അംഗീകരിക്കപ്പെടുന്ന 'പുടമുറി സംബന്ധം' അവയിൽ ഒരു രീതിമാത്രമായിരുന്നു. (താലികെട്ടുക എന്ന ചടങ്ങുകൂടി ഇതോടൊപ്പം ചേർത്താണ് ഇന്നിത് ആചരിക്കുന്നത്). കുറച്ചുകൂടി അയഞ്ഞ, എന്നാൽ സമൂഹത്തിന്റെ അംഗീകാരമുള്ള മറ്റു ചടങ്ങുകളുമുണ്ടായിരുന്നു. 'വീടാരം കയറുക' എന്ന ചടങ്ങ് ഒരുദാഹരണമാണ്. ഇതുപ്രകാരം പുടവ നൽകുന്ന ചടങ്ങോ വിസ്തരിച്ചുള്ള സദ്യയോ ഒന്നും നടത്തിയിരുന്നില്ല; പക്ഷേ, 'വീടാരംകയറി'യ ദമ്പതിമാരുടെ മക്കൾക്ക് സമൂഹത്തിന്റെ അംഗീകാരം ലഭിച്ചിരുന്നു. സാഹചര്യം ഒത്തുവരുമ്പോൾ 'വീടാരം കയറിയ'വർ പുടമുറി നടത്തുകയും ചെയ്തിരുന്നു. ഇരുപതു വർഷത്തിനുശേഷം പുടമുറി നടത്തിയ 'വീടാരം കയറിയ'വരെ തനിക്ക് പരിചയമുണ്ടെന്ന് പ്രശസ്ത സാഹിത്യകാരനും ആ കാലത്തെ മലബാറിലെ പൊതുരംഗത്തു പ്രസിദ്ധനുമായിരുന്ന ഒ. ചന്തുമേനോൻ മലബാർ മരുമക്കത്തായ കമ്മിഷന് (1891) തെളിവു നൽകി! ഇതിനുപുറമേ, 'കിടക്കോറക്കല്യാണം', 'കിടപ്പിന്റെ വട്ടം' എന്നിങ്ങനെയുള്ള കൂടുതൽ ലഘുവായ, എന്നാൽ സമൂഹം അംഗീകരിക്കുന്ന, ബന്ധങ്ങൾ നിലവിലുണ്ടായിരുന്നു. സമൂഹത്തിന്റെ അംഗീകാരമില്ലാത്ത ബന്ധങ്ങളെയാണ് 'രഹസ്യ'മെന്നോ 'സ്വകാര്യ'മെന്നോ വിളിച്ചിരുന്നത്. ഇന്നാകട്ടെ, 'കിടക്കോറക്കല്യാണവും', 'വീടാരംകയറലും' ഒന്നും നിലവിലില്ല; 'രഹസ്യ'ത്തിനും 'സ്വകാര്യ'ത്തിനും വലിയ കുറവൊന്നുമില്ല!

Kulasthree Chapter five pic03.jpg


അതുപോലെ മരുമക്കത്തായക്കാരെല്ലാം നായന്മാരായിരുന്നില്ലെന്നും ഓർക്കണം. വടക്കേമലബാറിലെ തീയ്യർ, ഈഴവസമുദായത്തിലെ ചില വിഭാഗക്കാർ, മരുമക്കത്തായരീതി പിൻതുടർന്ന മാപ്പിളവിഭാഗക്കാർ, പുലയർ, മറ്റു കീഴാളജാതിക്കാർ, ഇവരെക്കൂടി എണ്ണിയിട്ടുവേണം മരുമക്കത്തായത്തെക്കുറിച്ചു പറയാൻ. ഇവരിൽ ആർക്കും നമ്പൂതിരിസംബന്ധം ഇല്ലായിരുന്നു; മേൽപ്പറഞ്ഞ പലവിധത്തി

"https://ml.wikisource.org/w/index.php?title=താൾ:Kulastreeyum_Chanthapennum_Undayathengane.djvu/102&oldid=162731" എന്ന താളിൽനിന്ന് ശേഖരിച്ചത്