താൾ:Kristumata Nirupanam.djvu/94

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ക്രിസ്തുവിനെ പ്രാർത്ഥിക്ക, അദ്ദേഹത്തിന്റെ കല്പനയെ പ്രചാരിക്ക, പുണ്യങ്ങളിൽ യാതൊന്നിനെയും ചെയ്യാതെ എല്ലാ പേരും ചുമ്മാതെയിരുന്നു മുക്തിയെ പ്രാപിക്കാമലോ.

അങ്ങനെയല്ലാ മുക്തിസിദ്ധിക്ക് ഈ പുണ്യങ്ങൾ വേണമെങ്കിൽ മനോവാക്കായങ്ങളെക്കൊണ്ട് ചെയ്യുന്ന ഈ പുണ്യങ്ങളും മുക്തിസാധനങ്ങൾ തന്നെ എന്നു സമ്മതിച്ചു പോയിരിക്കുന്നു. ആകയാൽ പുണ്യങ്ങളെക്കൊണ്ടു പ്രയോജനമില്ലെന്നു പറഞ്ഞുകൂടാ. (ലൂക്കോസ് 14-അ. 13,14-വാ.) എന്നാൽ നീ ഒരു വിരുന്നുകഴിക്കുമ്പോൾ ദാരിദ്യ്രക്കാരെയും, ഊനമുള്ളവരെയും, മുടന്തരെയും, കുരുടരെയും വിളിക്ക, അപ്പോൾ നീ ഭാഗ്യവാനാകും. അതു എന്തുകൊണ്ടെന്നാൽ നിനക്കു പ്രതിപകരം ചെയ് വാൻ അവർക്കില്ല. എന്നാൽ നീതിമാന്മാരുടെ ഉയിർപ്പിങ്കൽ നിനക്കു പ്രതിപകരം ചെയ്യപ്പെടും താനും. (മത്തായി 6-അ. 3,4-വാ.) എന്നാൽ നീ ധർമ്മംചെയുമ്പോൾ നിന്റെ ധർമ്മം രഹസ്യമായിട്ടിരിപ്പാനായിട്ടു നിന്റെ വലതുകൈ ചെയ്യുന്നതിനെ നിന്റെ ഇടത്തുകൈ അറിയരുത്, എന്നാൽ രഹസ്യത്തിൽ കാണുന്നവനായ നിന്റെ പിതാവ് താൻതന്നെ പരസ്യമായി നിനക്കു പ്രതിഫലം തരും. ഇപ്രകാരം നിങ്ങളുടെ ബൈബിൾ പുണ്യങ്ങളെക്കൊണ്ടു ഫലമുണ്ടെന്നു പറയുമ്പോൾ നിങ്ങൾ പുണ്യങ്ങളെല്ലാം കടമ എന്നു പറയുന്നത് ഒക്കുമോ?

മേലും മനു‌ഷ്യരാൽ ചെയ്യപ്പെടുന്ന പാപങ്ങൾ അവർക്കു മാത്രമേ ദുഃഖപ്രദങ്ങളായി ഭവിക്കൂ-ആകയാൽ അവ മനു‌ഷ്യർക്ക് വിരോധം എന്നു പറകയല്ലാതെ അവകളെ സംബന്ധിച്ച യാതൊരുദോ‌ഷങ്ങളും പറ്റാത്ത ദൈവത്തിന് അവ വിരോധമെന്നു പറയുന്നത് അല്പവും നന്നാകയില്ല. ആകയാൽ ഒരുവൻ പുണ്യപാപങ്ങളെ രണ്ടിനേയും സമമായിട്ടെങ്കിലും ഒന്നിനൊന്ന് അധികമായിട്ടെങ്കിലും ചെയ്തിരുന്നാൽ ആ രണ്ടിന്റെയും ഫലങ്ങളെ അവൻ അനുഭവിക്കുമെന്നല്ലാതെ ഒന്നിനെ വിട്ടേച്ച് ഒന്നിനെ മാത്രമേ അനുഭവിക്കൂ എന്നു പറയുന്നതു അല്പവും നീതിയല്ലാത്തതാകുന്നു. അതിനാൽ പല പുണ്യങ്ങളെ ചെയ്തവനും ഒരു പാപത്തെ ചെയ്തതുകൊണ്ട് 4*മീളാത്ത[1] നരകത്തിൽ വീണു നിത്യവും ദുഃഖം അനുഭവിക്കും എന്നു പറയുന്നത് ബുദ്ധികേടാകുന്നു.

മേലും നിങ്ങൾ പറയുന്ന നരകമായത് ഇടയിലുണ്ടാക്കപ്പെട്ടതാകയാലും ഖണ്ഡിതമായ ഒരു സ്ഥലം എന്നുപറകകൊണ്ടും അഗ്നി, ഗന്ധകം, കൃമി മുതലായ നിത്യ പദാർത്ഥങ്ങളോടു കൂടിയതാകകൊണ്ടും അതിൽ ഇരിക്കുന്നവർ ശരീരികൾ ആകകൊണ്ടും കാണപ്പെട്ടവ അഴിയുമെന്നു നിങ്ങളുടെ ബൈബിൾ പറകകൊണ്ടും അത് എന്നുകൂടിയിട്ടെങ്കിലും അഴിഞ്ഞുപോകുന്നതല്ലാതെ നിത്യമായിരിക്കയില്ലല്ലോ.

ആകയാൽ പാപികൾ നരകത്തിൽ നിത്യവേദന അനുഭവിക്കുമെന്നത് ഒരുവിധത്തിലും ചേരുകയില്ലാ. ഇങ്ങനെ നിരയത്തെക്കുറിച്ചു വിചാരിച്ചതിലും നരകലക്ഷണമില്ലെന്നു സാധിക്കപ്പെട്ടു.

  1. മീളാത്ത = തിരിയെ എടുക്കാത്ത
"https://ml.wikisource.org/w/index.php?title=താൾ:Kristumata_Nirupanam.djvu/94&oldid=162623" എന്ന താളിൽനിന്ന് ശേഖരിച്ചത്