താൾ:Kristumata Nirupanam.djvu/92

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

അല്ലയോ ക്രിസ്തീയപ്രസംഗികളേ!

ദൈവം പാപികളെ നരകത്തിലിട്ടു നിത്യകാലവും ഒരുപോലെ ദണ്ഡിപ്പിക്കുമെന്നു നിങ്ങൾ പറയുന്നുവല്ലോ, അത് അല്പവും ചേരുകയില്ലാ. സമസ്തനായകനായ ദൈവത്തെ ദു‌ഷിക്കയും, ഒരുവനെ കൊല്ലുകയും, ഒരു വസ്തുവിനെ മോഷ്ടിക്കയും, കള്ളുകുടിക്കയും, വ്യഭിചാരം ചെയ്യുകയും, കള്ളം പറകയും, ഗുരുവിനെ നിന്ദിക്കയും ഇങ്ങനെ പല വർഗ്ഗങ്ങളായ സകലപാതകങ്ങളെയും മുഴുവനും ചെയ്ത വർക്കും അവയിൽ ഏതിനെ എങ്കിലും ഒന്നിനെ മാത്രം ചെയ്തവർക്കും ഒരേ ശിക്ഷതന്നെ എന്നും പറഞ്ഞുകൂടല്ലോ.

അല്ലാതേ ഒരു വേശ്യയോടുചേരുകയും, ഒരു കന്യകയോടു ചേരുകയും, അന്യന്റെ ഭാര്യയോടു ചേരുകയും, ഗുരുവിന്റെ ഭാര്യയോടു ചേരുകയും, മാതാവിനോടു ചേരുകയും, സഹോദരിയോടു ചേരുകയും ചെയ്താൽ ഇവകളെല്ലാം ഒരു വർഗ്ഗത്തിലുൾപ്പെട്ട പാപങ്ങളാകുന്നു, എന്നുവരികിലും ഒന്നിനൊന്ന് അതിഭാരമായിരിക്കയാൽ അവയെ ചെയ്തവർക്കെല്ലാം ഒരുവിധമായ ശിക്ഷയെ ഒരു പോലെ കൊടുക്കും എന്നു പറഞ്ഞു കൂടല്ലോ.

ഇനിയും ഒരു വർഗ്ഗത്തിലുള്ള ഒരേ വിധമായ ഒരു പാപത്തെത്തന്നെ ഒരു നിമി‌ഷത്തിൽ ചെയ്കയും, ഒരു നാഴിക വരെ ചെയ്കയും ഒരു മുഹൂർത്തം വരെ ചെയ്കയും, ഒരു യാമംവരെ ചെയ്കയും, ഒരു ദിവസം വരെ ചെയ്കയും, ഒരു വാരം വരെ ചെയ്കയും, ഒരു പക്ഷംവരെ ചെയ്കയും, ഒരു മാസം വരെ ചെയ്കയും, ഒരു അയനം വരെ ചെയ്കയും, ഒരു വർ‌ഷംവരെ ചെയ്കയും, ഉള്ള നാൾ മുഴുവനും ചെയ്താൽ അവകളെല്ലാം ഒരു സമമെന്നും ഇങ്ങനെ ചെയ്തവരെല്ലാവരും ഒരേ ശിക്ഷ അനുഭവിക്കുമെന്നും പറഞ്ഞുകൂടല്ലോ. (യോഹന്നാൻ 19-അ. 11-വാ.) എന്നെ നിന്റെ കയ്യിൽ ഏല്പിച്ചവന് അധികപാപം ഉണ്ട് എന്നു പറയപ്പെട്ടതിനാലും പാപതാരതമ്യം ഉണ്ടെന്നു സാധിക്കപ്പെടും.

അപ്രകാരം അവരവർ ചെയ്ത പാപത്തിനു തക്കതായ ശിക്ഷയെ തക്കതായ കാലംവരെയും ചെയ്ക എന്നല്ലാതെ അവരെ എല്ലാവരെയും നിത്യവും ഒരുപോലെ ദണ്ഡിപ്പിക്കുന്നതു നീതിയല്ലല്ലോ. ഈ ലോകത്തിൽ രാജാക്കന്മാരും തന്റെ പ്രജകളിൽ ആരെങ്കിലും കുറ്റം ചെയ്താൽ അവൻ ചെയ്ത കുറ്റത്തിന്റെ വർഗ്ഗം, അളവുകാലം എന്നിവയെ നന്നായി തീർച്ചയാക്കിക്കൊണ്ട് തക്കതായ ശിക്ഷയെ ചെയ്യുന്നു. കിഞ്ചിജ്ഞന്മാരായ മനു‌ഷ്യർകൂടിയും ഇപ്രകാരംചെയ്ത എന്നുവന്നാൽ സർവ്വജ്ഞനായ ദൈവം അവരവർ ചെയ്ത പാപങ്ങളുടെ വർഗ്ഗം മുതലായവയെ അറിഞ്ഞു തക്കതായ ദണ്ഡനം ചെയ്കയല്ലാതെ എങ്ങനെയുള്ള പാപികളെയും ഒരുപോലെ നിത്യകാലവും വേദനപ്പെടുത്തി ബുദ്ധിമുട്ടിക്കുമോ?

ഒരുവൻ തന്റെ കുഞ്ഞ് കുറ്റം ചെയ്താൽ ആ കുഞ്ഞിനെ പിന്നീടും അങ്ങനെ ചെയ്യാതിരിക്കുന്നതിനുവേണ്ടി തൂണിലോ മറ്റോ പിടിച്ചുകെട്ടി ഒരു നല്ല 2*ചുള്ളിപ്പിരമ്പുകൊണ്ട്[1] അടിച്ചും വേറെ പല ഉപായങ്ങളെ ചെയ്തും നല്ല മാർഗ്ഗങ്ങളിൽ പ്രവേശിപ്പിച്ച് ശരിയായി വരുത്തിക്കൊള്ളും. അല്ലാതെ ഉള്ള കാലം മുഴുവനും കഠിനോപദ്രവം ചെയ്കയില്ല. ഇതാണ്

  1. പിരമ്പ് = ചൂരൽ
"https://ml.wikisource.org/w/index.php?title=താൾ:Kristumata_Nirupanam.djvu/92&oldid=162621" എന്ന താളിൽനിന്ന് ശേഖരിച്ചത്