ക്ഷണത്തിൽതന്നെ സകലരും പാപത്തിൽ നിന്നും വേർപെട്ടു മുക്തന്മാരായി ഭവിക്കേണ്ടതാണ്. അങ്ങനെ ഭവിക്കാത്തതുകൊണ്ട് ക്രിസ്തു പാപവിമോചനത്തെ ചെയ്തില്ലാ എന്നതു നിശ്ചയമാകുന്നു.
മേലും ഒരു രാജാവാകട്ടെ താൻ വിധിച്ച കല്പനകളെ ചില ജനങ്ങൾ അതിക്രമിച്ചുപോയെന്നു വരികിൽ അതിലേയ്ക്കായിട്ട് അവരെ ശിക്ഷിക്കയല്ലാതെ വിമോചനം ചെയ്തു വിടുക എന്നും ആ കുറ്റത്തിനു താനായിട്ടു നിവൃത്തിയുണ്ടാക്കുക എന്നും തന്റെ തലയിൽ മണ്ണുവാരി ഇട്ടുകൊള്ളുക എന്നും അന്യർക്കായിക്കൊണ്ട് തന്റെ മകനെ ദണ്ഡിപ്പിക്ക എന്നും ഉള്ളതെല്ലാം നീതിയും മഹിമയും ബുദ്ധിയും ന്യായവും ആണോ?
ആകയാൽ മനുഷ്യരുടെ പാപത്തിനെ അവർക്ക് അനുഭവിപ്പാൻ ഇടവരാതെ അവർക്കുവേണ്ടി ക്രിസ്തു വിമോചനം ചെയ്തു എന്നുള്ളത് അല്പവും സത്യമായിട്ടുള്ളതല്ലാ.
ഇനി വിശ്വാസമാണ് മുക്തിയെ തരുന്ന സാധനം എന്നും സ്നാനം ചെയ്യുന്നതിനു മുൻപോ, ചെയ്തതിന്റെ ശേഷമോ മരിച്ച കുഞ്ഞുങ്ങൾക്കു മോക്ഷമുണ്ടെന്നും നിങ്ങൾ പറയുന്നല്ലോ. ആ കുഞ്ഞുങ്ങൾക്കു വിശ്വാസം ഉണ്ടോ ഇല്ലയോ? ആ സ്ഥിതിക്ക് അവർക്കു മുക്തിസാധനം എന്തോന്നാ? ആയത് അവരെക്കുറിച്ചുള്ള കൃപയാകുന്നു എങ്കിൽ വിശ്വാസം ഇല്ലാത്ത എല്ലാ ആത്മാക്കളെക്കുറിച്ചും ആ കൃപയുണ്ടാകാത്തത് എന്ത്?
ഇങ്ങനെ മുക്തിസാധനനിരൂപണം കൊണ്ടും ഗതിലക്ഷണമില്ലെന്നു സാധിക്കപ്പെട്ടു.