താൾ:Kristumata Nirupanam.djvu/78

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

അല്ലയോ ക്രിസ്തീയ പ്രസംഗികളേ!

മനു‌ഷ്യർക്കു മാത്രമല്ലാതെ മൃഗാദികൾക്കു നിത്യാത്മാവ് ഇല്ലെന്നു നിങ്ങൾ പറയുന്നുവല്ലോ. ആയത് എന്തു ന്യായം കൊണ്ടെന്ന് അറിയുന്നില്ല. ഉണ്ടെന്നോ ഇല്ലെന്നോ നിശ്ചയിക്കുന്നതിനു മുമ്പിൽതന്നെ ആത്മാവിനെക്കുറിച്ച് ഒന്നു ചിന്തിക്കാം.

ആത്മാവിനു ജ്ഞാനമാകുന്നു സ്വാഭാവികമായിട്ടുള്ളത്. ജ്ഞാനമെന്നത് അറിവാകുന്നു. അറിവാകട്ടെ അഞ്ചു വിധമായും ഇരിക്കുന്നു. അവയ്ക്ക് ജ്ഞാനേന്ദ്രിയം എന്നുനാമം. ശ്രോത്രം, ത്വക്ക്, ചക്ഷു, ജിഹ്വാ, ഘ്രാണം ഇവകളാകുന്നു അതിന്റെ പ്രത്യേക നാമങ്ങൾ. ഇതുകളിൽ ശ്രാത്രംകൊണ്ടു ശബ്ദത്തെയും ത്വക്കുകൊണ്ടു സ്പർശത്തേയും ചക്ഷുകൊണ്ടു രൂപത്തെയും ജിഹ്വകൊണ്ടു രസത്തെയും ഘ്രാണംകൊണ്ടു ഗന്ധത്തെയും മനസ്സായ അറിവ് അറിഞ്ഞുകൊള്ളുന്നു. ഈ അഞ്ച് ഇന്ദ്രിയങ്ങളിൽ ചിലതില്ലാതിരുന്നാലും അറിവില്ലെന്നു വന്നു പോകയില്ല. ശ്രാത്രന്ദ്രിയമില്ലാത്ത പൊട്ടന് അറിവില്ലെന്നു പറഞ്ഞുകൂടാ. അഞ്ചുമില്ലാത്തവനേ അറിവില്ലെന്നു പറഞ്ഞു കൂടു. മനസ്സായ അറിവിലാത്തവന് ഈ അഞ്ചു ഇന്ദ്രിയങ്ങളിൽ ഒന്നും ഇരിക്കയില്ല. ഈ അവസ്ഥയേ പ്രാപിച്ചിരിക്കുന്ന ശരീരത്തെയാണ് ആത്മാവ് ഇല്ലാത്ത പിണം എന്നു പറയുന്നത്. ആത്മാവ് എവിടെയുണ്ടൊ അവിടെ ഒരറിവെങ്കിലും ഇരിക്കും. എവിടെ ആത്മാവ് ഇല്ലയോ അവിടെ ഒരറിവുപോലും ഇരിക്കയുമില്ല. ഇത് എല്ലാവർക്കും സമ്മതമായിട്ടുള്ളതാണ്. ഇപ്രകാരം ജ്ഞാനസ്വരൂപിയായ ആത്മാവ് മൃഗങ്ങൾക്കില്ലാ എന്നു പറയുന്നുവെങ്കിൽ ഗർഭം, ജനനം, ശ്വാസം, ഭക്ഷണം, നിദ്ര, മൈഥുനം, സ്നേഹം, ദ്വേ‌ഷം, നിനപ്പ്, മറപ്പ്, ഭയം, സന്തോ‌ഷം, ദുഃഖം, മരണം, മുതലായവ എല്ലാം മനു‌ഷ്യരിലും മൃഗാദികളിലും ഒരു പോലെ കാണപ്പെടുന്നു. അഞ്ച് ഇന്ദ്രിയങ്ങൾകൊണ്ട് അഞ്ചു വി‌ഷയങ്ങളെയും അറിയുന്നു. മൃഗങ്ങളിൽ ഒന്നായ നായ്ക്കാകട്ടെ യജമാനൻ മറഞ്ഞിരുന്നു പേരിനെ ചൊല്ലിവിളിച്ചാൽ ഓടിവരുന്നതുകൊണ്ട് ശബ്ദജ്ഞാനവും, ചോറും മണ്ണും ഉരുട്ടിവച്ചാൽ മണ്ണിനെ തള്ളിയേച്ച് ചോറിനെ തിന്നുന്നതു കൊണ്ട് രസജ്ഞാനവും, യജമാനനെ കാണുന്നേടത്തു സന്തോ‌ഷിച്ചു ചാടുകയും കളിക്കുകയും ശരീരത്തെ നക്കുകയും ചെയ്യുന്നതുകൊണ്ടു രൂപജ്ഞാനവും, അടിക്കാൻ ചെല്ലുമ്പോൾ ഓടുകയും അടിച്ചാൽ വേദനപ്പെട്ട് കുരയ്ക്കുകയും മറ്റും ചെയ്യുന്നതുകൊണ്ട് സ്പർശജ്ഞാനവും, തന്റെ ജാതിയിൽ ആണെന്നും പെണ്ണെന്നും ഉള്ള തിരിച്ചറിവും

"https://ml.wikisource.org/w/index.php?title=താൾ:Kristumata_Nirupanam.djvu/78&oldid=162605" എന്ന താളിൽനിന്ന് ശേഖരിച്ചത്