താൾ:Kristumata Nirupanam.djvu/54

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

അവർ നാലുപേരും ഇപ്രകരം വിരുദ്ധങ്ങളായിട്ടു പറഞ്ഞു എന്നുവരികിലും അവരിൽ ഒരുത്തനെങ്കിലും ക്രിസ്തു ഉയിർത്തെഴുന്നേറ്റില്ലാ എന്നു പറഞ്ഞിട്ടുണ്ടോ? ഇല്ലല്ലോ എന്നു ചില ക്രിസ്ത്യന്മാർ പറയുന്നു എങ്കിൽ, ഇതിലേയ്ക്ക് ഒരു ദൃഷ്ടാന്തം പറയാം. കേൾപ്പിൻ: തിരുവനന്തപുരത്ത് അട്ടക്കുളങ്ങരെ ‌ഷാപ്പിൽ കട്ടിലിന്മേൽ കാലത്ത് 6 മണി മുതൽ വൈകിട്ട് 6 മണി വരെ ഒരു വെളുത്ത കാക്ക ഇരുന്നു എന്ന് ഒരുവനും ആ കാക്ക തന്നെ ആ സമയത്ത് വെമ്പായത്ത് കുറുപ്പിന്റെ വീട്ടിൽ കിടക്കയിൽ ഇരുന്നതായിട്ട് മറ്റൊരുത്തനും ആ സമയത്തുതന്നെ ആ കാക്ക ശംഖിൻമുഖത്ത് കൊട്ടാരത്തിൽ ഇരുന്നതായിട്ടു മൂന്നാമതൊരുത്തനും ആ കാക്ക ആ സമയത്തുതന്നെ കൊട്ടാരക്കരക്ഷേത്രത്തിൽ ഇരുന്നതായിട്ട് ഒരുത്തനും പറഞ്ഞുകഴിഞ്ഞാൽ അതിനെ കേൾക്കുന്നവർ ഇവരിൽ ആരും വെള്ളക്കാക്ക ഇല്ലെന്നു പറഞ്ഞില്ലല്ലോ, ആയതുകൊണ്ട് വെള്ളക്കാക്ക ഉണ്ടായിരുന്നതുതന്നെ എന്നു നിരൂപിക്കുമോ? പരിഹസിക്കുമോ? പരിഹസിക്കുകതന്നെ ചെയ്യും. മേൽക്കാണിച്ച ന്യായങ്ങളെക്കൊണ്ട് പിശാചിനെജയിച്ചു എന്നുള്ളതുമുതൽ മരിച്ചുയർത്തു എന്നുള്ളതുവരെ പറഞ്ഞിട്ടുള്ളവയിൽ ഒരത്ഭുതവും യേശുവിനാൽ ചെയ്യപ്പെട്ടിട്ടില്ലെന്നു തെളിവാകുന്നു.

ഇത്രയുമല്ല കടശിയിൽ യേശുവിനെ പിടിച്ചിരുന്നവർ അവനെ പരിഹസിച്ചു തല്ലി കണ്ണുമൂടിക്കെട്ടി അടിച്ചേച്ച് നിന്നെ അടിച്ചവനാരെന്നു ചോദിച്ചതിന്റെ ശേ‌ഷം യേശുവിനു പറയാൻ കഴിഞ്ഞില്ല. ഏറോദേസു രാജാവ് യേശുവിനെ കണ്ടു വളരെ സന്തോ‌ഷത്തോടുകൂടി വല്ലതും ഒരത്ഭുതം ചെയ്തുകാണിപ്പാൻ പറഞ്ഞിട്ട് അതിനും കഴിഞ്ഞില്ല. എന്നിട്ടാണ് തൂക്കിലിടുവാൻ നിയമിച്ചത്. മഹാപുരോഹിതന്മാരും ശാസ്ത്രിമാരും മൂപ്പന്മാരും ഇവൻ ഇസ്രയേൽ രാജാവെങ്കിൽ കുരിശിൽനിന്നിറങ്ങിവരട്ടെ, എന്നാൽ ഞങ്ങൾ വിശ്വസിക്കും എന്നു പറഞ്ഞിട്ടും താൻ പ്രതം പോലെ നിന്നതല്ലേ ഉള്ളൂ. കല്ലേറുകൊള്ളുമെന്നു തോന്നിയപ്പോഴും മലവക്കിൽ നിന്നു തള്ളപ്പെടാൻ നേരത്തും ശി‌ഷ്യന്മാരോടു സമാധാനം പറഞ്ഞേചും ഭയന്ന് ഒളിച്ചോടിപ്പോയതിനെ ദിവ്യശക്തികൊണ്ടു മറഞ്ഞുകളഞ്ഞതാണെന്നല്ലയോ നിങ്ങൾ പറയുന്നത്? എന്നാൽ ആ ദിവ്യശക്തി ഈ സമയത്ത് എവിടെപ്പോയി? യേശുവിന് ഒളിച്ചുള്ള സഞ്ചാരം പതിവായിരുന്നു. ചിലപ്പോൾ ശത്രുക്കൾ വല്ലവരും പിടികൂടിയാലും വല്ലവിധവും ആൾകൂട്ടത്തിൽ പതുങ്ങി ഒളിച്ചോടുക പലപ്പോഴും ഉണ്ടായതിനാൽ ഒരിക്കൽ അവർ വളരെ താല്പര്യപ്പെട്ടു പിടികൂടി. അപ്പോഴകപ്പെട്ടു പോയി. അങ്ങനെ അകപ്പെട്ട ദിവസം പിതാവിനാൽ നിയമിക്കപ്പെട്ട ദിവസമാണെന്നും പറഞ്ഞുകൊള്ളുന്നു. ഈ സ്ഥിതിക്ക് സകലപേർക്കും ദൈവത്വവും മനു‌ഷ്യത്വവും ഉണ്ടെന്നും ദൈവമാണെന്നും പറഞ്ഞുകൊള്ളാമല്ലോ.

"https://ml.wikisource.org/w/index.php?title=താൾ:Kristumata_Nirupanam.djvu/54&oldid=162579" എന്ന താളിൽനിന്ന് ശേഖരിച്ചത്