താൾ:Kristumata Nirupanam.djvu/42

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഒരുവൻ യേശുവിനെ നല്ലവനെന്നു പറഞ്ഞപ്പോൾ യേശു അവനോട്, (മത്തായി 19-അ. 17-വാ.) എന്നെ നല്ലവനെന്നു പറയുന്നത് എന്ത്? ദൈവം ഒരുവനൊഴികെ നല്ലവൻ ഒരുത്തരും ഇല്ല. ഇതാ, ഇനി എന്തു വേണം? ഇതിലേയ്ക്ക് ഇത്രയും പോരെങ്കിൽ ത്രൈകത്വത്തെക്കുറിച്ചു പറയുന്ന പ്രകരണങ്ങൾ കണ്ടുകൊൾക. ഹെ! അങ്ങനെയല്ല യേശുവിനെ നല്ലവനെന്നു വിളിച്ചവൻ യേശുവിനെ സാക്ഷാൽ ദൈവമെന്നുള്ള വിശ്വാസം കൂടാതെ ഇരുന്നതുകൊണ്ടും യേശു എല്ലാവരുടെയും ഉള്ളിലിരിപ്പിനേയും വരുവാൻ പോകുന്നതിനേയും എല്ലാം അറിയുന്നവനാകകൊണ്ടും അവന്റെ അവിശ്വാസവിളിയെ താൻ കൈക്കൊള്ളാതെ നി‌ഷേധിച്ചതാകുന്നു എങ്കിൽ ഈ സമാധാനത്തിനു വാക്യപ്രമാണമേ ഇല്ല. ഒരുവേള ഉണ്ടെന്നു നിരൂപിച്ചുക്കൊണ്ടാലും യേശുവിന് അന്യഹൃദയവിചാരത്തെകുറിച്ച് അറിഞ്ഞുകൂടെന്നുള്ളതു നിശ്ചയമാണ്. എന്തെന്നാൽ പണവും വാങ്ങിച്ചുകൊണ്ട് യേശുവിനെ കൊല്ലുന്നതിലേയ്ക്ക് കാണിച്ചുകൊടുത്തവനായ യൂദാവിന്റെ അവിശ്വാസത്തെ അറിഞ്ഞുകൊള്ളാതെ അവന്റെ കൂട്ടത്തിൽ ഒരുവനാക്കിവച്ചു കൊള്ളുകയും അവന്റെ ചതിവിനെ അറിഞ്ഞ തൽക്ഷണം മനസ്സെരിഞ്ഞ് പെട്ടെന്ന് അവനെ ശപിക്കയും ചെയ്തതു കൊണ്ടത്ര. ഇനിയും അനേകമുണ്ട്. അവിടവിടെ കണ്ടു കൊള്ളാം.

ഇനിയും യേശുനാഥൻ പലപ്രകാരത്തിലും അത്ഭുതങ്ങളെ ചെയ്തിട്ടുള്ളതുകൊണ്ട് ദൈവം എന്നു വിചാരിക്കാമല്ലോ. എങ്കിൽ യേശുവിനാൽ ചെയ്യപ്പെട്ട അത്ഭുതങ്ങൾ എന്തെല്ലാമാണെന്നും അതുകളെ യേശു ചെയ്തു എന്നു പറയുന്നതു സത്യം തന്നെയോ എന്നും ആലോചിച്ചുനോക്കാം.

യേശു പിശാചിനെ ജയിച്ച് ഓടിച്ചു. പിശാച് എന്നുള്ളത് എന്താണ്? അത് ആരാൽ സൃഷ്ടിക്കപ്പെട്ടത്? എന്നറിയുന്നതിലേയ്ക്ക് ബൈബിളിനോട് അന്വേ‌ഷിച്ചാൽ ആയത് ഈ വി‌ഷയത്തെപ്പറ്റി ഒന്നും പറയാതെ മനൗവ്രതം അനു‌ഷ്ഠിച്ചു കൊണ്ടിരിക്കുന്നു. പിന്നെ ബൈബിൾ വ്യാഖ്യാതാക്കന്മാരും മറ്റുള്ള ക്രിസ്ത്യന്മാരും ലോകസൃഷ്ടിസമയത്തു ദൈവം അനേകായിരം ദേവദൂതന്മാരെയും സൃഷ്ടിച്ചു എന്നും അവർ ദൈവത്തിന്റെ കീഴടങ്ങായ്കയാൽ ദൈവം ശപിച്ചു എന്നും അങ്ങനെ ശപിക്കപ്പെട്ടവനാകുന്നു പിശാചെന്നും പറയുന്നു. ബൈബിളിൽ അരിച്ചെടുത്താലും കടുകോളവും അകപ്പെടാത്ത ടി.വി‌ഷയം വ്യാഖ്യാതാക്കന്മാർക്കും മറ്റുള്ള ക്രിസ്ത്യന്മാർക്കും എങ്ങനെ അറിവു കിട്ടിയോ ആവോ. ഹോ! ഹോ! ദേവദൂതൻ യോസഫിനു സ്വപ്നത്തിൽവന്നു പറഞ്ഞതുപോലെ ഇവരോടും വന്നു പറഞ്ഞതായിരിക്കാം. ഒരുവേള ആ പിശാചിന്റെ കഥ സത്യമെന്നുവച്ചുകൊണ്ടാലും യേശു ദൈവമാകയില്ല നിശ്ചയം.

"https://ml.wikisource.org/w/index.php?title=താൾ:Kristumata_Nirupanam.djvu/42&oldid=162566" എന്ന താളിൽനിന്ന് ശേഖരിച്ചത്