താൾ:Kolampu Yathravivaranam.djvu/7

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കോട്ടയത്തു നിന്ന് കെട്ടുവള്ളത്തിലായി പുറപ്പെട്ടു. 4 ന് 8 മണിക്ക് ആലപ്പുഴ എത്തിയശേഷം വേറെ മൂന്നു വള്ളം പിടിച്ച് 12 മണിക്ക് അവിടെ നിന്നും പുറപ്പെട്ട് സന്ധ്യയോടുകൂടെ തോട്ടപ്പള്ളി ചീപ്പുങ്കൽ എത്തി. 5 ന് 6 മണിക്ക് പൊച്ചനയും 12 മണിക്ക് കൊല്ലത്തും അടുത്തു. നെയിത്താപ്പീസ്, ഓട്ടാപ്പീസ്, കയറു പിരിക്കുന്ന യന്ത്രം മുതലായവകളെ യാത്രയിൽ കണ്ടു. 6 മണിക്കു നടുചിറയും 9 മണിക്ക് വർക്കല വലിയ തുരുത്തിലും തുരങ്കത്തിലും 10 മണിക്ക് ചെറിയ തുരങ്കത്തിങ്കലും 6 ന് 12 മണിക്ക് തിരുവനന്തപുരത്ത് ചാക്കെക്കടവിലും എത്തി വള്ളക്കാരെ പിരിച്ചു വിട്ടു. ഉടനെ വണ്ടി പിടിച്ച് പുത്തൻ കച്ചെരിക്ക് പടിഞ്ഞാറു ഭാഗത്തു കുമരകത്തുകാരൻ ഉമ്മൺ ഇൻസ്പെക്ടർ താമസിച്ചിരുന്ന പാത്രിയർക്കീസു ബാവായുടെ ബങ്കളാവിൽ എത്തി. അന്നു തന്നെ ചില സാമാനങ്ങൾ വാങ്ങിക്കുന്നതിനായി ചില ഷാപ്പുകളിലും കാഴ്ച ബങ്കളാവും മറ്റും കാണുന്നതിനായും പോയി.

മാർ അത്തനാസ്യോസു മെത്രാപ്പോലീത്തായും മാർ ഗ്രീഗോറിയോസു മെത്രാപ്പോലീത്തായും സവാരിക്കു പോയി വേറൊരു ബങ്കളാവിൽ താമസിക്കുകയും പിറ്റെ ദിവസം കാഴ്ചബങ്കളാവു മുതലായതു സന്ദർശിക്കയും ചെയ്തു. കാഴ്ചബങ്കളാവിൽ സിംഹം, കരടി, കടുവാ, പുലി മുതലായ കാട്ടുമൃഗങ്ങളും മയിൽ, പഞ്ചവർണ്ണക്കിളി മുതലായി വിവിധ തരത്തിൽ പക്ഷിക്കൂട്ടങ്ങളും ഉണ്ടായിരുന്നു. ഭരണി, പിഞ്ഞാണം മുതലായവ ഉണ്ടാക്കുന്ന ആപ്പീസുകളും ഹൈസ്ക്കൂളും കണ്ടതിന്റെ ശെഷം ആദ്യം വന്ന ബങ്കളാവിൽ എത്തി തിരുനൽവേലിയിലേയ്ക്ക് യാത്രയ്ക്ക് വണ്ടി പിടിച്ചു. 9 മണിക്ക് എല്ലാവരും പുറപ്പെട്ടു. വണ്ടി തഫാൽ വണ്ടി ആയിരുന്നു. 8 നാഴിക കഴിയുമ്പോൾ കുഴൽ ഊതുകയും വേറെ കാളയെ മാറികൊടുക്കുകയും ചെയ്തിരുന്നു. തിരുവനന്തപുരത്തു നിന്നും നടുവത്ത് കോയിപ്പുറത്ത് പൊന്നന്റെ മകൻ അബ്രഹാമിനെ കൂടെ സുഭാഷിയായി കൊണ്ടുപോയി.

8 ന് കുഴിത്തുറ പാലത്തിങ്കൽ എത്തി. ഈ പാലം വളരെ വീതിയും നീളവും ഉയരവും ഒരു അരികിന് ഏകദേശം 108 കാലുകളും ഉള്ളതാകുന്നു. ഇതിന് സമീപം മുസ്സാവിരി ബങ്കളാവുണ്ട്. അവിടെ 12 മണിക്ക് എത്തി ഭക്ഷണം കഴിച്ച് 1 മണിക്ക് തിരുവാങ്കൊടു വഴിയായി പുറപ്പെട്ടു 6 മണിക്ക് പത്മനാഭപുരത്തെത്തി.

"https://ml.wikisource.org/w/index.php?title=താൾ:Kolampu_Yathravivaranam.djvu/7&oldid=162353" എന്ന താളിൽനിന്ന് ശേഖരിച്ചത്