ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
പാഠം 22
ഗോപിയുടെ കത്തു്
ചന്ദ്രാലയം, ചെമ്പുക്കാവ്, തൃശ്ശൂർ, 1961 ഡിസംബർ 23,
പ്രിയപ്പെട്ട അമ്മേ,
ഇന്നലെ ഉച്ചയ്ക്കാണല്ലോ അച്ഛനും ഞാനും കൂടി കോഴിക്കോട്ടനിന്നു പോന്നതു്. സന്ധ്യയ്ക്കു മുമ്പായി ഞങ്ങൾ തൃശ്ശൂരു് ഇറങ്ങി. സ്റ്റേഷനിൽ അമ്മാവൻ വന്നിരുന്നു. ഞങ്ങൾ നേരെ അമ്മാവന്റെ വീട്ടിലേയ്ക്കു പോയി. ഇന്നു രാവിലെ കാപ്പി കഴിഞ്ഞ് അമ്മാവൻ എന്നെ കാഴ്ചബംഗ്ലാവിൽ കൊണ്ടുപോയി. ഉച്ചയാകുന്നതുവരെ ഞങ്ങൾ അവിടെ ചുറ്റി നടന്നു. ഏതെല്ലാം മൃഗങ്ങളാണ് അവിടെ ! പുള്ളിപ്പുലി, വരയൻപുലി, കരിമ്പുലി- എല്ലാം അഴിയിട്ട കൂടുകളിലാണ്. അടുത്തുചെന്നു ഞങ്ങൾ കണ്ടു. സിംഹങ്ങളുടെ ഗൗരവമുള്ള നടപ്പും നില്പും ഒന്നു കാണേണ്ടതുതന്നെ. മാനുകൾ ഓടി വന്നു. ഞങ്ങൾ കമ്പിവേലിയുടെ അരികെ നിന്നു. എന്തു സൗമ്യത ! ഞങ്ങളുടെ കയ്യിൽ ഇരുന്ന പഴം അവയ്ക്കു കൊടുത്തു. എനിക്കും മാൻപറ്റത്തെ എത്ര കണ്ടിട്ടും മതിയായില്ല.