കത്തിക്കുന്ന വിളക്കുകളേ കാണുകയുള്ളൂ. പള്ളികളിൽ സാധാരണമായി മെഴുകുതിരിയാണു കത്തിക്കുന്നത്.
വിളക്കുകളുടെ രൂപം എന്തായാലും പ്രയോജനം ഒന്നുതന്നെയാണ്. വിളക്കുകൾ വെളിച്ചം തരുന്നു. വിളക്കില്ലാത്ത ഒരു രാത്രിയെപ്പറ്റി വിചാരിച്ചു നോക്കുക. നിങ്ങൾക്കു പേടിയാവുന്നു,ഇല്ലേ ? ഇരുട്ടിൽ ഒന്നും കാണാൻ സാധിക്കയില്ല. വസ്തുക്കളിൽ വെളിച്ചം തട്ടിയാലേ അവയെ നമുക്കു കാണാൻ കഴിയുകയുള്ളു . രാത്രിയിൽ പഠിക്കണമെങ്കിൽ വിളക്കുവേണം ; ഉണ്ണണമെങ്കിൽ വിളക്കു വേണം ; മിക്കവാറുമുള്ള എല്ലാ ജോലികൾക്കും വിളക്കു കൂടിയേ തീരു. ഇരുട്ടിൽ ഒളിഞ്ഞുകിടക്കുന്ന ആപത്തുകളിൽ നിന്ന് അതു നമ്മെ രക്ഷിക്കുന്നു.
വിളക്കുകൾ ഇല്ലാതിരുന്ന ഒരു കാലത്തെപ്പറ്റി നിങ്ങൾക്ക് വിചാരിക്കാൻ കഴിയുമോ? അങ്ങനെയും ഉണ്ടായിരുന്നു, ഒരു കാലം. അന്ന് അഗ്നികുണ്ഡങ്ങൾക്കു ചുററും ഇരുന്നും കിടന്നും ആളുകൾ രാത്രി കഴിച്ചുവന്നു. ഇന്നും ചില കാട്ടു വർഗ്ഗക്കാർ അങ്ങനെ രാത്രി കഴിച്ചുകൂട്ടുന്നുണ്ട്.രാത്രിയിൽ വല്ല സ്ഥലത്തും പോകേണ്ടിവരുമ്പോൾ അവർ ഒരു തീക്കൊള്ളിയോ ചൂട്ടോ എടുത്തുകൊണ്ടുപോകുന്നു. ചൂട്ട് ഉപയോഗിക്കുന്നവർ നാട്ടിൻപുറങ്ങളിലും കുറവല്ല. എള്ള്, തേങ്ങ, നിലക്കടല, ഓടൽക്കുരു,മരോട്ടിക്കുരു, ആവണക്കിൻ കുരു മുതലായ