പ്പിച്ചു നോക്കുന്നു. ആകെക്കൂടി വലിയ ബഹളം. പാവം! കൊച്ചുമുതലാളി എന്തു ചെയ്യാനാണു്? "ഇടു്, ഇവിടെ, തൊപ്പി ഇടാനല്ലേ പറഞ്ഞതു്!" എന്നൊക്കെ ശക്തിയായിപ്പറഞ്ഞു നോക്കി. ആരു കേൾക്കാനാണു്! "ശൂ, ശ്ശീ" എന്നൊക്കെ ഒച്ചവെച്ചു.അവരും അതുപോലെ ശബ്ദിച്ചതേയുള്ളൂ. അവൻ ഇണക്കത്തിൽ കൈ കാട്ടി വിളിച്ചു. അവരും അവനെ കൈ കാട്ടി വിളിച്ചു. അവൻ ഉച്ചത്തിൽ കൈകൊട്ടി. അവരും അവനെപ്പോലെ കൈകൊട്ടി. ഇതുകണ്ടു് അവൻ ചിരിച്ചുപോയി. അപ്പോൾ കുരങ്ങന്മാരും അവനെ നോക്കി ഇളിച്ചു. അവനു കലിവന്നു. "തൊപ്പി എടുത്തതും പോരാ കോക്രികാണിക്കുകയും വേണം, അല്ലേ?" എന്നു് അവൻ അലറി.
എന്തു ചെയ്യാനാണു്? അവൻ കോപം അടക്കി ആലോചിച്ചു:- "ഞാൻ കാണിക്കുന്നതു പോലെ അവരും കാണിക്കുന്നല്ലോ. അപ്പോൾ തൊപ്പി എറിഞ്ഞാൽ അവരും എറിഞ്ഞേയ്ക്കും. നോക്കിക്കളയാം."
ഇങ്ങനെ വിചാരിച്ച് ആ കൊച്ചു മിടുക്കൻ തൊപ്പി പൊക്കി കുരങ്ങന്മാരെ എറിഞ്ഞു. അത്ഭുതം! അവരും തുരുതുരാ എന്നു് തൊപ്പികൾ അവന്റെ നേരെ എറിഞ്ഞു. തറയിൽ വീഴാത്ത താമസം അവൻ പെറുക്കി എടുക്കാൻ. ഒരൊറ്റത്തൊപ്പിപോലും നഷ്ടം വന്നില്ല. അവന്റെ സന്തോഷത്തിനു് അതിരില്ലായിരുന്നു.