62
ഇരയിമ്മൻതമ്പി : ഇതുവരെ പറഞ്ഞതിൽ കോട്ട യത്തുതമ്പുരാൻ; വിദ്വാൻ അശ്വതിതിരുനാൾ തമ്പുരാൻ, കാർത്തികതിരുനാൾ മഹാരാജാവു്, വീരകേരളവർമ്മ മഹാ രാജാവ് എന്നീ മഹാന്മാർ അർത്ഥം കൊണ്ടും, വാഗർത്ഥ വൈശിഷ്ഠ്യം കൊണ്ടും കഴിവുള്ള മറ്റു സർവ്വ മാർഗ്ഗങ്ങളെ ക്കൊണ്ടും കഥകളിയുടെ നിരന്തരമായ പുരോഗതിക്കു സർവഥാ ജാഗരൂകന്മാരായിരുന്നു. മറ്റുള്ള കവികളാകട്ടെ സാഹിത്യമാർഗ്ഗമായി ഈ ദൃശ്യകലയ്ക്കു പരിപോഷണം നല്കിയവരാണ്. പക്ഷേ രണ്ടാമതു പറഞ്ഞവരുടെ കൂട്ടത്തിൽ ഏറിയകൂറും രണ്ടാംതരം കവികൾ മാത്രമാണ്. എന്നാൽ ആട്ടക്കഥാകാരന്മാരിൽ പ്രഥമഗണനീയന്മാ രായി ചുരുക്കം ചിലരുള്ളതിൽ മുൻപൻ ഇരയിമ്മൻ തമ്പിയാകുന്നു. "മധുരകോമള കാന്തപദാവലിം ശൃണു തദാ ജയദേവസരസ്വതിം" എന്നു ജയദേവകവി തന്റെ വാക് സുധാസരണിയേപ്പറ്റി വിമർശിച്ചതുപോലെ ഈ കവികോകിലവും സ്വവാണീവിലാസത്തെ സംബന്ധിച്ചു ഒന്നു പ്രവചിക്കേണ്ടതായിരുന്നു എന്നത്രേ എന്റെ അഭി പ്രായം. എനിക്കു സർവ്വഥാ ആരാധ്യനായ കോട്ടയം തിരുമേനിയുടെ നാലുകഥകളേയും ഞാൻ വിസ്മരിക്കുന്നതു് ഇരയിമ്മൻ തമ്പിയുടെ കഥകൾ വായിക്കുമ്പോളാണ്.
ഇരയിമ്മൻ എന്ന പദം 'രവിവർമ്മൻ' എന്നതിന്റെ പ്രാകൃതരൂപമത്രേ. നമ്മുടെ സ്മര്യപുരുഷന്റെ മൂലകുടുംബം തിരുവനന്തപുരത്ത് ആണ്ടിയിറക്കത്തുള്ള പുതുമന അമ്മ വീടാണ്. ഇരയിമ്മൻ തമ്പിയുടെ പിതാവു് നടുവിലേ കോവിലകത്തു കേരളവർമ്മ തമ്പാനായിരുന്നു. ഇദ്ദേഹം