താൾ:Karthaveeryarjunavijayam.djvu/22

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
പഞ്ചശതപാണികളിലഞ്ചിതമതാകുമൊരു
പഞ്ചശതചാപശരസഞ്ചയമെടുത്തൊരുവ-
നഞ്ചുമുടനഞ്ചുമൊരു പാണികളിൽ വില്ലുകളു-
മമ്പുകളുമമ്പൊടു ധരിച്ചപരനും മുദാ
സംഗരവിധങ്ങളവർ തങ്ങളിലഭംഗതര-
മങ്ങവർ തുടങ്ങിയിടരോടതി ഗഭീരം
ഘോരശരമാരികളുതിർത്തഥ തിമിർത്തു ബത-
പോരതു തുടങ്ങി നിശിചാരിനൃപവീരൻ
പലപൊഴുതുമവർ കരുതി കുറവതു വരരുതിവിടെ
നിരവധിക നിശിതശരമരിവരനിലരിശമൊടു
വിട്ടു പടവെട്ടുവതിനൊട്ടു ഞെട്ടലതുമില്ല
വടിവിനൊടുമവരുടയ ഝടഝടതയിങ്ങനെ
ഝടിതി ഗുരുവിപ്ലവമതുടനുടനുയർന്നു;
തുരുതുരെ വരുന്ന ബഹുശരനിര കലർന്നു നിശി-
ചരരധികവരനധിക ശകലിതനതായി;
അഗ്ന്യസ്തവും വരുണാസ്ത്രവും ശക്രാസ്ത്രം
ലഘുതരം പ്രത്യസ്ത്രത്ര്യക്ഷാസ്ത്രമീവിധം
പലവകയിലവരുടയ കലശലതു പറവതിനു
ഫണിപതിയുമതിനു മതിയല്ലെന്നതും ദൃഡം;
ക്ഷിതിപതിയുമഥ രജനിചരപതിയുമങ്ങനെ
തങ്ങളിൽ സംഗരം ചെയ്തോരനന്തരം
വീര്യം പെരുത്ത കൃതവീര്യാത്മജന്റെ ഭുജ*
ദണ്ഡപ്രയുക്തശരഷണ്ഡങ്ങൾകൊണ്ടു ദശ-
കണ്ഠന്റെ വീര്യമതു കുണ്ഠത്വമാർന്നു യുധി
കണ്ടിച്ചു വില്ലുമതുമിണ്ടൽക്കു മൂലമായ്
മണ്ടിത്തിരിപ്പതിനു മാർഗ്ഗത്തെ നോക്കിയതു
കണ്ടിട്ടു നില്ക്കുന്ന കാർത്തവീര്യാർജുനൻ
ഝടിതി ദശമുഖനുടയ മുടികൾ പിടിപെട്ടുട-
നങ്ങോട്ടുമിങ്ങോട്ടുമുന്തിയും തള്ളിയും
ഝടഝടിതിയുടനടിയുമിടികളും കൊണ്ടുടൻ
ചാകാതെ ചത്തു തരംകെട്ടു രാവണൻ;
ചപലമതിയവനുടയ പുഷ്പകവിമാനവും
ചന്ദ്രഹാസാദിയും കൈക്കലാക്കി നൃപൻ;
കരചരണമുപചരണമിരുപതു കരങ്ങളും
ചങ്ങലകൊണ്ടു ബന്ധിച്ചു ലങ്കേശനെ
കരചരണചലചലനരഹിതമിഹ കൊണ്ടുപോ-
യ്ക്കാരാഗൃഹം തന്നിലിട്ടു പൂട്ടീടിനാൽ;
"https://ml.wikisource.org/w/index.php?title=താൾ:Karthaveeryarjunavijayam.djvu/22&oldid=161942" എന്ന താളിൽനിന്ന് ശേഖരിച്ചത്